'ഇന്ത്യൻ ബൗളർമാരെ നേരിടാനറിയാം'; ഹെഡ്ഡിന്റെ അഹങ്കാരം തീർത്ത ബുംറയുടെ മാന്ത്രിക പന്ത്
ഇന്ത്യൻ വിജയത്തിന് വെല്ലുവിളി ഉയർത്തിയ ഹെഡ്ഡിനെ ബുംറ പന്തിന്റെ കൈകളിലെത്തിക്കുകയായിരുന്നു
പെർത്ത്: ന്യൂസിലാൻഡിനെതിരെ നാട്ടിൽ വൈറ്റ് വാഷ് ചെയ്യപ്പെട്ടതിന്റെ നാണക്കേടുമായാണ് ഇന്ത്യ ആസ്‌ത്രേലിയയിലേക്ക് പറന്നത്. ആദ്യ ടെസ്റ്റ് നടക്കുന്നത് ആതിഥേയരുടെ ഭാഗ്യഗ്രൗണ്ടായ പെർത്തിൽ. കളിക്ക് മുൻപെ ഇന്ത്യക്ക് ആശങ്കയായി ഫോമിലുള്ള ശുഭ്മാൻ ഗില്ലിന്റെ പരിക്ക്. രോഹിത് ശർമയില്ലാത്തതിനാൽ ഇറങ്ങിയത് വൈസ് ക്യാപ്റ്റൻ ജസ്പ്രീത് ബുംറക്ക് കീഴിൽ. ഒടുവിൽ എല്ലാ പ്രതിസന്ധിയും അതിജീവിച്ച് പെർത്തിൽ ഓസീസിനെതിരെ ചരിത്ര വിജയം. റൺസ് വ്യത്യാസത്തിൽ ഇന്ത്യ ആസ്‌ത്രേലിയക്കെതിരെ നേടുന്ന വലിയ വിജയമായി പെർത്തിലേത്.
കളിക്ക് മുൻപെ വാഗ്വാവും പോർവിളിയുമായി ബോർഡർ-ഗവാസ്‌കർ ട്രോഫി അഥവാ ബിജിടി സിനിമയ്ക്ക് സമാനമായിരുന്നു. ടെസ്റ്റ് ആരംഭിച്ചതോടെ ആവേശം പാരമ്യത്തിലെത്തി. ആദ്യ കൊമ്പുകോർത്തത് മുഹമ്മദ് സിറാജും-മാർനസ് ലബുഷെയ്നും. അധിക പ്രതിരോധത്തിന്റെ മാളത്തിലൊളിച്ച് ഇന്ത്യൻ പേസർമാരെ വെല്ലുവിളിച്ച ലബുഷെയ്‌നെ വീഴ്ത്തി സിറാജിന്റെ കംബാക്ക്. പിന്നീട് വെടിപൊടിച്ചത് ഓസീസ് പ്രീമിയം പേസർ മിച്ചൽ സ്റ്റാർക്ക്. ബാറ്റ് ചെയ്യുന്നതിനിടെ ഹർഷിത് റാണയോട് ''ഏറിന് വേഗം പോരെന്നും എന്റെ സ്പീഡ് അറിയാമല്ലോയെന്നും മറുപടി''. സ്റ്റാർക്കിന് അതേ നാണയത്തിൽ തിരിച്ചടി നൽകി ഇന്ത്യൻ യുവതാരം യശസ്വി ജയ്‌സ്വാൾ. രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യയെ കൂറ്റൻ സ്‌കോറിലേക്കെത്തിച്ച ജയ്‌സ്വാൾ ഒരുവേള സ്റ്റാർക്കിനോട് പന്തിന് വേഗം പോരെന്ന കമന്റാണ് നൽകിയത്.
കൊണ്ടുംകൊടുത്തും മുന്നേറിയ ബിജെടി ടെസ്റ്റിന്റെ നാലാംദിനത്തിലും വാഗ്വാദത്തിന് കുറവുണ്ടായില്ല. ഇത്തവണ ഹർഷിത് റാണയും ട്രാവിസ് ഹെഡ്ഡുമായിരുന്നു കഥാപാത്രങ്ങൾ. ഇന്ത്യൻ വിജയത്തെ നീട്ടികൊണ്ടുപോയി ക്രീസിൽ തുടർന്ന ഹെഡ്ഡ് തുടരെ ബൗണ്ടറിയുമായി ഏകദിന ശൈലിയിലാണ് ബാറ്റുവീശിയത്. '' മികച്ച ബൗളർമാരെ നിങ്ങൾ നേരിട്ടിട്ടില്ല''യെന്നായിരുന്നു റാണയുടെ കമന്റ്. ഇതിന് മറുപടിയായി കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനൽ ഓർമിപ്പിച്ചായിരുന്നു ഓസീസ് താരം തിരിച്ചടിച്ചത് . അമിത ആത്മവിശ്വാസത്തിൽ ബാറ്റുവീശിയ ഹെഡ്ഡിനെ മികച്ചൊരു ലെങ്ത് ബോളിൽ പുറത്താക്കി ബുറയുടെ തിരിച്ചുവരവ്. പതിവില്ലാത്തവിധമാണ് ഈ വിക്കറ്റ്‌നേട്ടം ബുംറ ആഘോഷിച്ചത്. കഴിഞ്ഞ ലോകകപ്പ് ഫൈനൽ ഓർമിപ്പിച്ചുള്ള ഹെഡ്ഡിനുള്ള കൃത്യമായി മറുപടി. പരസ്പര വാഗ്വാദങ്ങളും പോരാട്ടചൂടും ഇവിടെ അവസാനിക്കില്ല. ഡിസംബർ ആറിന് അഡ്‌ലൈഡിൽ ഡേ-നൈറ്റ് പിങ്ക് ടെസ്റ്റിൽ ഇരുടീമുകളും വീണ്ടും നേർക്കുനേർ ഏറ്റുമുട്ടും.