പ്രകോപനവും ആക്രമണവീര്യവും തുടരുമെന്ന് കൊഹ്‍ലി
കളിക്കളത്തില്‍ നേടുന്ന വിജയങ്ങളെക്കാള്‍ ഓഫ് ഫീല്‍ഡിലെ സംഭവവികാസങ്ങളുടെയും ജീവിതശൈലിയുടെയും പശ്ചാത്തലത്തിലാണ് ഇന്ത്യയില്‍ ഒരു ക്രിക്കറ്റ് താരം കൂടുതല്‍ വിലയിരുത്തപ്പെടുകയെന്ന് തോന്നിയിട്ടുണ്ടെന്നും കൊഹ്‍ലി പറഞ്ഞു.
ക്രിക്കറ്റില്‍ എതിരാളിയെ പ്രകോപിപ്പിച്ച് കാര്യം സാധിക്കുന്നത് പതിവാണ്. പൊതുവെ ശാന്തനാണെങ്കിലും ആക്രമണ ശൈലി കൊണ്ട് എതിരാളിയുടെ മനോവീര്യം കെടുത്തുന്നതില്‍ ഒരു പ്രത്യേക വൈഭവമുണ്ട് ഇന്ത്യന്‍ ഉപനായകന്‍ വിരാട് കൊഹ്‍ലിക്ക്. ബോളറെ പ്രകോപിപ്പിച്ച് അമിതാവേശത്തിന്റെ താളത്തിലേക്ക് കടത്തി സമനില തെറ്റിക്കുന്നതില്‍ കൊഹ്‍ലിയുടെ മിടുക്ക് ക്രിക്കറ്റ് ലോകത്തെ ചൂടുള്ള ചര്‍ച്ച വിഷയമാണ്. എന്നാല്‍ താന്‍ ക്രിക്കറ്റിന്റെ മാന്യതക്ക് ചേര്‍ന്ന രീതിയില്‍ മാത്രമെ എതിരാളിയെ പ്രകോപിപ്പിച്ചിട്ടുള്ളൂവെന്നും ഇതു തന്റെ വിജയരഹസ്യങ്ങളിലൊന്നെന്നും കൊഹ്‍ലി പറയുന്നു.
മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഈ ആക്രമണശൈലി തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്ന് കൊഹ്‍ലി അവകാശപ്പെടുന്നു. മറ്റാര്‍ക്കെങ്കിലും വേണ്ടി തന്റെ കേളിശൈലി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇനിയും മാന്യമായ രീതിയില്‍ എതിരാളിയെ പ്രകോപിപ്പിക്കുമെന്നും കൊഹ്‍ലി വ്യക്തമാക്കി. ഏതൊരു താരത്തിനും മാന്യമായ രീതിയിലുള്ള ആക്രമണവീര്യമുണ്ടാകണമെന്നും എന്നാല്‍ ഇത് ധാര്‍ഷ്ട്യത്തിന് വഴി മാറരുതെന്നും കൊഹ്‍ലി ഓര്‍മിപ്പിച്ചു. കളിക്കളത്തില്‍ നേടുന്ന വിജയങ്ങളെക്കാള്‍ ഓഫ് ഫീല്‍ഡില്‍ സ്വകാര്യ ജീവിതത്തിലെ സംഭവവികാസങ്ങളുടെയും ജീവിത ശൈലിയുടെയും പശ്ചാത്തലത്തിലാണ് ഇന്ത്യയില്‍ ഒരു ക്രിക്കറ്റ് താരം കൂടുതല്‍ വിലയിരുത്തപ്പെടുകയെന്ന് തോന്നിയിട്ടുണ്ടെന്നും കൊഹ്‍ലി പറഞ്ഞു. ഓഫ് ഫീല്‍ഡിലെ ജീവിതശൈലി പശ്ചാത്തലമാക്കിയല്ല, കളക്കളത്തിലെ പ്രകടന നിലവാരത്തിന്റെ പേരില്‍ ആയിരിക്കണം ഒരു ക്രിക്കറ്റര്‍ വിലയിരുത്തപ്പെടേണ്ടതെന്നും കൊഹ്‍ലി പറഞ്ഞു. റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ വേണ്ടിയല്ല കളിക്കുന്നതെന്നും ടീമിന്റെ വിജയമാണ് തന്റെ എല്ലായിപ്പോഴത്തേയും ലക്ഷ്യമെന്നും താരം കൂട്ടിച്ചേര്‍ത്തു.