വീല്‍ചെയറില്‍ നിന്ന് ലോകത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക്

Update: 2018-05-08 00:50 GMT
Editor : Alwyn K Jose
വീല്‍ചെയറില്‍ നിന്ന് ലോകത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക്
Advertising

പാരാലിമ്പിക്സില്‍ വെള്ളി നേടുന്ന ആദ്യവനിതയെന്ന നേട്ടത്തിലേക്ക് ദീപ മാലിക് എത്തിയത് ഒട്ടേറെ കടമ്പകള്‍ കടന്നാണ്.

പാരാലിമ്പിക്സില്‍ വെള്ളി നേടുന്ന ആദ്യവനിതയെന്ന നേട്ടത്തിലേക്ക് ദീപ മാലിക് എത്തിയത് ഒട്ടേറെ കടമ്പകള്‍ കടന്നാണ്. വീല്‍ചെയറിലിരുന്ന് ലോകത്തെ നോക്കി ചിരിക്കുകയാണ് ഈ 45കാരി. ഷോട്ട്പുട്ട് എഫ്-35 വിഭാഗത്തിലാണ് ദീപയുടെ വെള്ളിനേട്ടം.

17 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നട്ടെല്ലിലുണ്ടായ ട്യൂമറാണ് ദീപയെ വീല്‍ചെയറിലിരുത്തിയത്. രണ്ട് കുട്ടികളുടെ അമ്മയായ ശേഷമാണ് ദീപ സര്‍ജറിക്ക് വിധേയയായത്. നട്ടെല്ലിന് മൂന്ന് ശസ്ത്രക്രിയകള്‍ വേണ്ടിവന്നു. 153 സ്റ്റിച്ചുകള്‍. ഭാര്യയുടെയും അമ്മയുടെയും റോളുകളില്‍ ദീപ പരാജയപ്പെട്ടെന്ന് കണ്ടുനിന്നവര്‍ പറഞ്ഞു. പക്ഷേ തോല്‍ക്കാത്ത മനസ്സുമായി ദീപ അവരെ നേരിട്ടു. യഥാര്‍ഥത്തില്‍ വീല്‍ചെയറില്‍ നിന്നാണ് ദീപയുടെ ജീവിതം തുടങ്ങുന്നത്. വ്യായാമമെന്നോണം നീന്തിത്തുടങ്ങിയ ദീപ പിന്നീട് മത്സരങ്ങളില്‍ പങ്കെടുത്തു തുടങ്ങി. 2006ല്‍ ജാവലിന്‍ ത്രോയിലും ഷോട്ട്പുട്ടിലും പരിശീലനം ആരംഭിച്ചു. അഹമ്മദ് നഗറിലെ റെസ്റ്ററന്റ് അടച്ചുപൂട്ടി. 2010 കോമണ്‍വെല്‍ത് ഗെയിംസിനുള്ള പരിശീലനമായിരുന്നു പിന്നീടങ്ങോട്ട്. ഷോട്ട്പുട്ടില്‍ ആറാം സ്ഥാനത്ത് ദീപ ഫിനിഷ് ചെയ്തു. 2010 പാരാ ഏഷ്യന്‍ ഗെയിംസിലെ വെങ്കലത്തിലൂടെയും 2014ലെ വെള്ളിയിലൂടെയും ദീപയെ ലോകമറിഞ്ഞുതുടങ്ങി. ജാവ്‌ലിന്‍ ത്രോയിലെ ഏഷ്യന്‍ റെക്കോര്‍ഡ് ദീപയുടെ പേരിലാണ്.

പ്രത്യേകം തയ്യാറാക്കിയ കാറില്‍ ഡല്‍ഹിയില്‍ നിന്ന് ലെയിലേക്ക് 3000 കിലോമീറ്റര്‍ യാത്ര ചെയ്ത് ദീപ അത്ഭുതമായി. ഒന്നോ രണ്ടോ ഇനങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്നതായിരുന്നില്ല ദീപയുടെ കായികസ്വപ്നങ്ങള്‍. ഫെഡറേഷന്‍ ഓഫ് മോട്ടോര്‍ ക്ലബ്സ് ഓഫ് ഇന്ത്യയുടെ ലൈസന്‍സ് ലഭിക്കുന്ന രാജ്യത്തെ ആദ്യ ഭിന്നശേഷിയുള്ള വ്യക്തി കൂടിയാണ് ദീപ. യാത്ര തുടങ്ങിയിട്ടേയുള്ളൂ ദീപ. ഇനിയുമേറെ ദൂരം പോകാനുണ്ട്, വീല്‍ചെയറിലിരുന്ന് തന്നെ..

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News