കോഹ്ലിയുടെ കിരീടമിളകി; ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റർ ഇതാ

ഐ.പി.എല്‍ താരലേലം പൂര്‍ത്തിയായതോടെയാണ് കോഹ്ലി രണ്ടാം സ്ഥാനത്തേക്കിറങ്ങിയത്

Update: 2024-11-29 09:40 GMT
Advertising

ഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസണിനായുള്ള താരലേലം നാളുകള്‍ക്ക് മുമ്പാണ് പൂർത്തിയായത്. നിരവധി ഇന്ത്യൻ താരങ്ങൾ കോടികൾ കൊയ്തപ്പോൾ ടീമുകളെല്ലാം അടിമുടി മാറി. ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്താണ് ലേലത്തിൽ ഏറ്റവും കൂടുതൽ തുക പോക്കറ്റിലാക്കിയത്. 27 കോടി രൂപക്കാണ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് പന്തിനെ സ്വന്തമാക്കിയത്.

26.75 കോടിക്ക് പഞ്ചാബ് വിളിച്ചെടുത്ത ശ്രേയസ് അയ്യറും 23.75 കോടി കൊൽക്കത്ത വിളിച്ചെടുത്ത വെങ്കിടേഷ് അയ്യറുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ടീമുകൾ നിലനിർത്തിയ താരങ്ങളിൽ ഏറ്റവും കൂടുതൽ തുക കിട്ടിയത് വിരാട് കോഹ്ലിക്കാണ്. 21 കോടിക്ക് ബംഗളൂരു ഇത്തവണയും കോഹ്ലിയെ കൂടെ കൂട്ടി. 

ലേലം പൂർത്തിയായതോടെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റർമാരുടെ പട്ടികയിൽ കോഹ്ലി രണ്ടാം സ്ഥാനത്തേക്കിറങ്ങി. പരസ്യ വരുമാനം ഉൾപ്പെടുത്താതെയുള്ള വരുമാനക്കണക്കിലാണ് കോഹ്ലി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. 

32 കോടി പ്രതിവർഷ വരുമാനമായി ലഭിക്കുന്ന ഋഷഭ് പന്താണ് ഇപ്പോൾ ഒന്നാം സ്ഥാനത്ത്. ബി.സി.സി.ഐ യുടെ വാർഷിക കരാറിൽ എ കാറ്റഗറിയിൽ ഉള്ള പന്തിന് 5 കോടി പ്രതിഫലമായി ലഭിക്കുന്നുണ്ട്. 

ബി.സി.സി.ഐ കരാറിൽ എപ്ലസ് കാറ്റഗറിയിലുള്ള കോഹ്ലിക്ക് ഏഴ് കോടിയാണ് പ്രതിഫലമായി ലഭിക്കുന്നത്. ആർ.സി.ബി നൽകുന്ന 21 കോടിയടക്കം 28 കോടിയാണ് വിരാടിന്റെ വാർഷിക പ്രതിഫലം. അടുത്ത മാർച്ചോടെ പുതുക്കുന്ന ബി.സി.സി.ഐ യുടെ കരാർ പട്ടികയിൽ പന്ത് എ.പ്ലസ് കാറ്റഗറിയിലേക്ക് ഉയരും എന്നാണ് കണക്കാക്കപ്പെടുന്നത്. അതേ സമയം പരസ്യ വരുമാനം കൂടി കണക്കാക്കിയാൽ കോഹ്ലി പന്തിനെക്കാൾ ബഹുദൂരം മുന്നിലാണ്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News