ഇന്ത്യ വെസ്റ്റിന്‍ഡീസ് ആദ്യ ഏകദിനം നാളെ
അഞ്ച് ഏകദിനം ഒരു ട്വന്റി20 ഉള്‍പ്പെടെ ആറ് മത്സരങ്ങളാണ് വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യ കളിക്കുക.
ഇന്ത്യ വെസ്റ്റിന്‍ഡീസ് പരമ്പരയിലെ ആദ്യ ഏകദിന മത്സരം നാളെ. വൈകീട്ട് ആറരക്ക് പോര്‍ട്ടോ ഓഫ് സ്‌പെയിനിലെ ക്വീന്‍സ് പാര്‍ക്ക് ഓവലിലാണ് മത്സരം. ചാംപ്യന്‍സ് ട്രോഫി തോറ്റെത്തിയ ഇന്ത്യക്ക് ഈ പര്യടനം നിര്‍ണായകമാണ്.
അഞ്ച് ഏകദിനം ഒരു ട്വന്റി20 ഉള്‍പ്പെടെ ആറ് മത്സരങ്ങളാണ് വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യ കളിക്കുക. ചാംപ്യന്‍സ് ട്രോഫിയില്‍ കളിച്ച രോഹിത് ശര്‍മയെയും ജസ്പ്രീത് ബൂംറയെയും ഒഴിവാക്കി പകരം റിഷബ് പന്ത്, കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് അവസരം നല്‍കിയിട്ടുണ്ട്.
വിരാട് കോഹ്‌ലി നയിക്കുന്ന ടീമില്‍ ശിഖര്‍ ധവാന്‍, എം എസ് ധോണി, യുവരാജ് സിങ്, ആര്‍ അശ്വിന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍ തുടങ്ങിയവര്‍ കളിക്കും. അഫ്ഗാനിസ്ഥാനെതിരെ കളിച്ച ടീമിനെയാണ് വെസ്റ്റിന്‍ഡീസ് ഇറക്കുന്നത്. ഏകദിന റാങ്കിങ്ങില്‍ ഇന്ത്യ മൂന്നാമതും വിന്‍ഡീസ് ഒമ്പതാമതുമാണ്.
അനില്‍ കുംബ്ലെയുടെ രാജിക്ക് ശേഷം ഇന്ത്യ ആദ്യമായി ഇറങ്ങുന്നു എന്ന പ്രത്യേകത കൂടിയുണ്ട് മത്സരത്തിന്. ബാറ്റിങ് കോച്ച് സഞ്ജയ് ബംഗറും ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധറുമാകും ടീമിനെ പരിശീലിപ്പിക്കുക. കഴിഞ്ഞ വര്‍ഷം വെസ്റ്റിന്‍ഡീസിനെതിരെ നടന്ന ടെസ്റ്റ് പരമ്പര ഇന്ത്യ നേടിയിരുന്നു. അനില്‍ കുംബ്ലെ പരിശീലകനായതിന് ശേഷം നടന്ന ആദ്യ പരമ്പരയായിരുന്നു അത്.