ഐപിഎൽ വിളിച്ചപ്പോൾ പിസിഎൽ വിട്ടു; ബോഷിന് നോട്ടീസയച്ച് പാക് ക്രിക്കറ്റ് ബോർഡ്
ലാഹോർ: ദക്ഷിണാഫ്രിക്കൻ താരം കോർബിൻ ബോഷിനെതിരെ നടപടിക്കൊരുങ്ങി പാക് ക്രിക്കറ്റ് ബോർഡ് (പിസിബി). പാകിസ്താൻ സൂപ്പർ ലീഗിൽ പെഷവാർ സാൽമി ടീമുമായി കരാർ ഒപ്പിട്ടിരുന്ന ബോഷ് മുംബൈ ഇന്ത്യൻസിനൊപ്പം ചേർന്നതാണ് പിസിബിയെ ചൊടിപ്പിച്ചത്.
ഇക്കുറി പിഎസ്എലും ഐപിഎല്ലും ഏകദേശം ഒരേ കാലത്താണ് നടക്കുന്നത്. ഐപിഎൽ മാർച്ച് 22 മുതൽ മെയ് 25വരെയും പിഎസ്എൽ ഏപ്രിൽ 11മുതൽ മെയ് 18 വരെയും അരങ്ങേറും. പിഎസ്എല്ലിൽ പെഷവാർ സാൽമിയുമായി കരാർ ഒപ്പിട്ട ബോഷ് മുംബൈ ഇന്ത്യൻസിനൊപ്പം ചേർന്നതിനെതിരെയാണ് നടപടി.
പരിക്കേറ്റ ലിസാഡ് വില്യംസിന് പകരമായാണ് ബോഷിനെ മുംബൈ ഉൾപ്പെടുത്തിയത്. ബോഷിനോട് വിശദീകരണം ആവശ്യപ്പെട്ട് ലീഗിൽ നോട്ടീസ് അയച്ചതായി പിസിബി പ്രസ്താവനയിറക്കി. കൂടുതൽ താരങ്ങൾ ചുവടുമാറുന്നത് തടയാനായി കടുത്ത നടപടി വേണമെന്ന് പിഎസ്എൽ ഫ്രാഞ്ചൈസികൾ ആവശ്യമുന്നയിച്ചിട്ടുണ്ട്.
ഐപിഎൽ ലേലത്തിൽ ഉൾപ്പെടാതിരുന്ന ഡേവിഡ് വാർണർ, ഡാരിൽ മിച്ചൽ, ജേസൺ ഹോൾഡർ, റാസി വാൻഡർഡ്യൂസൺ, കെയിൻ വില്യംസൺ അടക്കമുള്ള വലിയ താരങ്ങൾ പിഎസ്എല്ലിൽ കളിക്കുന്നുണ്ട്. 30കാരനായ ബോഷ് സമീപകാലത്തായി ദക്ഷിണാഫ്രിക്കക്കായി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.