മേരികോമിന്റെ ഒളിംപിക്സ് പ്രതീക്ഷ പൊലിഞ്ഞു
ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിന്‍റെ രണ്ടാം റൌണ്ടില്‍ പരാജയപ്പെട്ടതോടെയാണ് മേരി കോമിന് ഒളിംപിക്സ് യോഗ്യത നേടാനാകാതെ പോയത്.
ഇന്ത്യയുടെ വനിതാ ബോക്സിംഗ് താരം മേരി കോമിന്‍റെ റിയോ ഒളിംപിക്സ് പ്രതീക്ഷകള്‍ അവസാനിച്ചു. ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിന്‍റെ രണ്ടാം റൌണ്ടില്‍ പരാജയപ്പെട്ടതോടെയാണ് മേരി കോമിന് ഒളിംപിക്സ് യോഗ്യത നേടാനാകാതെ പോയത്. ലണ്ടന്‍ ഒളിംപിക്സില്‍ മേരികോം വെങ്കല മെഡല്‍ നേടിയിരുന്നു.
വനിതാ ബോക്സിംഗില്‍ ഇന്ത്യ ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്ന താരമാണ് എംസി മേരികോം. അഞ്ച് തവണ ലോക ചാമ്പ്യനായ മേരികോം അനായാസം ഒളിംപിക് യോഗ്യത നേടുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ രണ്ടാം റൌണ്ടിലെ അപ്രതീക്ഷിത തോല്‍വിയോടെ മേരി കോമിന്‍റെ റിയോ ഒളിംപിക്സ് സ്വപ്നം അവസാനിച്ചു. 51 കിഗ്രാം വിഭാഗത്തില്‍ ജര്‍മ്മനിയുടെ അസീസെ നിമാനിയാണ് ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിന്‍റെ രണ്ടാം റൌണ്ടില്‍ മേരി കോമിനെ തോല്‍പിച്ചത് . സെമി ഫൈനലിലെത്തിയാല്‍ മാത്രമേ റിയോയിലേക്ക് ടിക്കറ്റുള്ളൂ എന്നിരിക്കെയാണ് മേരിയുടെ അപ്രതീക്ഷിത തോല്‍വി. ആഗസ്റ്റ് അഞ്ചിന് ആരംഭിക്കുന്ന ഒളിംപിക്സിലേക്ക് വനിതാ വിഭാഗം ബോക്സിംഗില്‍ യോഗ്യത നേടാനുള്ള അവസാന ടൂര്‍ണമെന്‍റായിരുന്നു ഇത്.