പന്ത്രണ്ടും സമനില! ലോക ചെസ് ചാമ്പ്യനെ ടൈബ്രേക്കറിലൂടെ തീരുമാനിക്കും
നിരന്തരം സമനിലകള്‍ കൊണ്ട് വിജയിയെ തീരുമാനിക്കാതെ വരുമ്പോഴാണ് ചെസില്‍ ആര്‍മഗെഡണ്‍ മത്സരം നടത്തുക. സമയം വെച്ച് ജയസാധ്യത വെള്ളക്കാണെങ്കിലും എതിരാളിയെ സമനിലയില്‍ പിടിച്ചു നിര്‍ത്താനായാല്‍ ജയം കറുപ്പിനാകും


ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ മാഗ്‌നസ് കാള്‍സനും ഫാബിയാനോ കറുവാനയും തമ്മിലുള്ള കിരീടപ്പോരാട്ടം ടൈബ്രേക്കറിലേക്ക്. നേര്‍ക്കു നേര്‍ ഏറ്റുമുട്ടിയ 12 മത്സരവും സമനിലയില്‍ അവസാനിച്ചതോടെയാണ് സമനിലക്കെട്ടുപൊട്ടിക്കാന്‍ ടൈബ്രേക്കറിന് തീരുമാനിച്ചത്. നാളെ നടക്കുന്ന ടൈബ്രേക്കറില്‍ ആദ്യം നാല് റാപ്പിഡ് മത്സരങ്ങളായിരിക്കും നടക്കുക. ഇതും സമനിലയിലായാല്‍ പിന്നാലെ ബ്ലിറ്റ്‌സ് പോരാട്ടവും നടക്കും. അവിടെയും സമനിലയിലായാല്‍ സമനിലയില്ലാത്ത ആര്‍മഗെഡണ്‍ മത്സരമായിരിക്കും ലോക ചാമ്പ്യനെ തീരുമാനിക്കുക.

ലോക ഒന്നാം നമ്പര്‍ താരമായ കാള്‍സനാണ് നിലവിലെ ചാമ്പ്യന്‍. അമേരിക്കയുടെ ഫാബിയാനോ കാരുവാന രണ്ടാം നമ്പര്‍ താരമാണ്. ചാമ്പ്യന്‍ഷിപ്പിന്റെ 132 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് ടൈബ്രേക്കറിലൂടെ ലോകചാമ്പ്യനെ കണ്ടെത്തേണ്ടിവരുന്നത്.
പന്ത്രണ്ടാം മത്സരത്തില്‍ 31 നീക്കങ്ങള്‍ക്കൊടുവിലാണ് കാള്‍സണ്‍ കാരുവാനക്ക് മുന്നില്‍ സമനില വാഗ്ദാനം മുന്നോട്ടുവെച്ചത്. ഇത് കാരുവാന സ്വീകരിക്കുകയായിരുന്നു. മത്സരത്തില്‍ കൃത്യമായ മേധാവിത്വമുണ്ടായിരുന്ന കാള്‍സന്റെ തീരുമാനത്തിനെതിരെ വിമര്‍ശങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. കാള്‍സണ്‍ ചെയ്ത മണ്ടത്തരമാണിതെന്നും അദ്ദേഹം ഇത്തവണ തോല്‍ക്കാനാണ് സാധ്യതയെന്നും ഗാരി കാസ്പറോവ് തന്നെ പരസ്യമായി പറഞ്ഞു.
1972ല്‍ ബോബി ഫിഷറിന് ശേഷം ലോക ചെസ് ചാമ്പ്യന്‍ഷിപ്പിനായി കലാശപ്പോരാട്ടം നടത്തുന്ന ആദ്യ അമേരിക്കക്കാരനാണ് 26കാരനായ കാരുവാന. ചെസിലെ എക്കാലത്തേയും മികച്ച കളിക്കാരനെന്ന വിശേഷണം ഉറപ്പിക്കാനാണ് 27കാരനായ മാഗ്നസ് കാള്‍സണ്‍ ഇറങ്ങുന്നത്. നിരന്തരം സമനിലകള്‍ കൊണ്ട് വിജയിയെ തീരുമാനിക്കാതെ വരുമ്പോഴാണ് ചെസില്‍ ആര്‍മഗെഡണ്‍ മത്സരം നടത്തുക. ഇത് പ്രകാരം വെള്ള കരുക്കള്‍ക്ക് അഞ്ച് മിനുറ്റും കറുപ്പ് കരുക്കള്‍ക്ക് നാല് മിനുറ്റുമാണ് ഉണ്ടാവുക. സമയം വെച്ച് ജയസാധ്യത വെള്ളക്കാണെങ്കിലും എതിരാളിയെ സമനിലയില്‍ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞാല്‍ ജയം കറുപ്പിനായിരിക്കും.