വല്ലാത്തൊരു 'ഓട്ടം': വിചിത്ര രീതിയിൽ പുറത്തായി കിഷൻ, തിരിഞ്ഞുനോക്കി കോഹ്‌ലി
കത്തിക്കയറി കളിച്ച രോഹിത്-ശുഭ്മാൻ ഗിൽ സഖ്യം വീണതിന് പിന്നാലെയാണ് കിഷൻ 'ഇങ്ങനെ' ഔട്ടായത്.
ഇൻഡോർ: ന്യൂസിലാൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ 'വിചിത്രമായ' രീതിയിൽ പുറത്തായി ഇഷാൻ കിഷൻ. ബാറ്റിങ് എൻഡിലേക്കാണ് ഇരുവരും ഓടിയത്. അതോടെ സ്‌ട്രൈക്കിങ് പൊസിഷനിലുണ്ടായിരുന്ന കിഷൻ പുറത്താകുകയും ചെയ്തു. ഔട്ടാകുന്ന രീതി നോക്കുകയാണെങ്കില്‍ വിചിത്രമെന്ന് പറയാമെങ്കിലും സമാനമായ രീതിയിൽ നാണംകെട്ട് ഒത്തിരി ബാറ്റർമാർ പുറത്തായിട്ടുണ്ട്.
കത്തിക്കയറി കളിച്ച രോഹിത്-ശുഭ്മാൻ ഗിൽ സഖ്യം വീണതിന് പിന്നാലെയാണ് കിഷൻ 'ഇങ്ങനെ' ഔട്ടായത്. ഇന്നിങ്‌സിന്റെ 34ാം ഓവറിലെ രണ്ടാം പന്തിലായിരുന്നു പുറത്താകൽ. ടഫിയായിരുന്നു ബൗളർ. താരത്തിന്റെ മികച്ചൊരു പന്ത് പ്രതിരോധിച്ചെങ്കിലും പന്ത് നേരെ പോയത് സർക്കിളിലുണ്ടായിരുന്ന ഫീൽഡറുടെ അടുത്തേക്ക്. പന്ത് ബാറ്റിൽ കൊണ്ടതിന് പിന്നാലെ കോഹ്ലിയും കിഷനും ക്രീസ് വിട്ടിരുന്നു.
എന്നാൽ അപകടം മനസിലാക്കിയ കിഷൻ ഓട്ടം വേണ്ടെന്ന് വെച്ചു. അപ്പോഴേക്കും കോഹ്ലി ക്രീസിന്റെ പാതി പിന്നിട്ടിരുന്നു. അതിവേഗത്തിൽ പന്ത് കൈപ്പിടിയിലൊതുക്കിയ ന്യൂസിലാൻഡ് ഫീൽഡർ ബൗളിങ് എൻഡിലെ സ്റ്റമ്പിളിക്കുമ്പോൾ കോഹ്ലിയും കിഷനും ഒരെ എൻഡിലുണ്ടായിരുന്നു. ആരാണ് ആദ്യം എത്തിയത് എന്ന് നോക്കാൻ ടിവി റിപ്ലെ നോക്കിയെങ്കിലും അതിന് മുമ്പെ കിഷൻ പവലിയനിലേക്ക് മടങ്ങിയിരുന്നു. 17 റൺസായിരുന്നു കിഷന്റെ സമ്പാദ്യം. താരം മികച്ച രീതിയിൽ ബാറ്റേന്തുന്നതിനിടെയാണ് അപ്രതീക്ഷിതമായി പുറത്തായത്.
24 പന്തുകളെ കിഷന് നേരിടാനായുള്ളൂ. ഓരോ വീതം ഫോറും സിക്‌സറും അടങ്ങുന്നതായിരുന്നു കിഷന്റെ ഇന്നിങ്‌സ്. അതേസമയം മത്സരത്തിലേക്ക് വന്നാൽ രോഹിതും ഗില്ലും നേടിയ സെഞ്ച്വറിക്കരുത്തിൽ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 385 റൺസാണ്. രോഹിത് പരമ്പരയിലെ ആദ്യത്തേതും ഗിൽ രണ്ടാമത്തേതും സെഞ്ച്വറിയാണ് ഇൻഡോറിൽ കുറിച്ചത്.
— Saddam Ali (@SaddamAli7786) January 24, 2023