'കൂടുതൽ ഉപദേശിച്ചാൽ ഇങ്ങനെയിരിക്കും': ഗുജറാത്തിന്റെ തോൽവിയിൽ നെഹ്‌റയെ 'കണ്ടെത്തി' ആരാധകർ
കൂടുതല്‍ ഉപദേശിച്ചാല്‍ ഇങ്ങനെയിരിക്കും എന്നാണ് നെഹ്റയുടെ ചിത്രം പങ്കുവെച്ച് ചിലര്‍ ചോദിക്കുന്നത്
അഹമ്മദാബാദ്: ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ തോല്‍വിക്ക് കാരണം പരിശീലകന്‍ നെഹ്റയുടെ ഉപദേശമോ? അവസാന പന്തിൽ ബൗണ്ടറി പറത്തിയായിരുന്നു ചെന്നൈ സൂപ്പർ കിങ്‌സ് ബാറ്റ്‌സ്മാൻ രവീന്ദ്ര ജഡേജ ടീമിന് വിജയം സമ്മാനിച്ചത്. ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി അവസാന ഓവർ എറിഞ്ഞത് മോഹിത് ശർമ്മയാണ്. നാല് പന്തുകള്‍ യോർക്കർ എറിഞ്ഞ മോഹിത് മൂന്ന് റൺസ് മാത്രമാണ് വിട്ടുകൊടുത്തത്. ഗുജറാത്തിന്റെ വിജയം ഏറെക്കുറെ ഉറപ്പായിരുന്നു. എന്നാൽ, അവസാന രണ്ടു പന്തുകൾക്കു മുമ്പ് ചെറിയൊരു ഇടവേള വന്നു. അവിടെയാണ് കളി തിരിഞ്ഞത്.
ഡ്രിങ്ക്സ് ടൈമിനിടെ ഗുജറാത്ത് പരിശീലകൻ ആശിഷ് നെഹ്‌റ ജയന്ത് യാദവിനെ മോഹിത് ശർമയുടെ അടുത്തേക്ക് അയച്ചു. അവസാന രണ്ട് പന്തുകൾ എറിയാനുള്ള ടിപ്‌സ് മോഹിതിന് നെഹ്‌റ നൽകിയിരുന്നു. അത് കൈമാറ്റം ചെയ്യാനായിരുന്നു ജയന്ത് യാദവിനെ ദൂതനായിക്കിയത്. ആ ടിപ്സോടെ ഗുജറാത്ത് പൊട്ടി. പിന്നീട് വന്ന രണ്ട് പന്തുകളും ജഡേജ ഗ്യാലറിയിലെത്തിച്ച് ടീമിന് വിജയം നല്‍കുകയായിരുന്നു. ഇതോടെയാണ് നെഹ്റക്ക് 'വില്ലന്‍ പട്ടം' ലഭിച്ചത്. ഇതോടെയാണ് ഗുജറാത്തിന്റെ തോല്‍വിക്ക് കാരണക്കാരനായി ചിലര്‍ നെഹ്റയെ ചൂണ്ടിക്കാണിക്കുന്നത്.
ഇതുസംബന്ധിച്ച് മീമുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. കൂടുതല്‍ ഉപദേശിച്ചാല്‍ ഇങ്ങനെയിരിക്കും എന്നാണ് നെഹ്റയുടെ ചിത്രം പങ്കുവെച്ച് ചിലര്‍ ചോദിക്കുന്നത്. മോഹിത് നന്നായി ബൗൾ ചെയ്യുമ്ബോൾ അവസാന രണ്ട് പന്തുകൾക്ക് മുമ്പ് എന്തിനാണ് മോഹിതിനെ നിർത്തിയതെന്നും എന്തിനാണ് ഉപദേശിച്ചതെന്നും ആരാധകർ ചോദിക്കുന്നു. നെഹ്‌റയ്‌ക്ക് ആ സമയത്ത് മോഹിത്തിനെ ഉപദേശിക്കേണ്ട ആവശ്യമില്ലായിരുന്നു. അങ്ങനെയായിരുന്നുവെങ്കില്‍ മോഹിതിന് അതെ കണക്കുകൂട്ടലിൽ പന്തെറിയാന്‍ കഴിയുമായിരുന്നുവെന്നും ജഡേജക്ക് വിലങ്ങിടാനാകുമായിരുന്നുവെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.
ഐ.പി.എല്ലിലുടനൂളം നെഹ്‌റയിലെ പരിശീലകന് പ്രശംസ ലഭിച്ചിരുന്നു. ടച്ച് ലൈനിനപ്പുറം നിന്ന് നെഹ്‌റ നൽകുന്ന ഉപദേശങ്ങൾക്ക് കയ്യടി ലഭിച്ചിരുന്നു. ഗുജറാത്തിന്റെ ഫൈനൽ വരേയുള്ള പ്രവേശനത്തിന് നെഹ്‌റയുടെ ഉപദേശങ്ങൾ സഹായിച്ചെന്ന് ഒരുകൂട്ടർ വ്യക്തമാക്കുകയും ചെയ്തിരുന്നു. മത്സരത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു ചെന്നൈ സൂപ്പർകിങ്‌സിന്റെ വിജയം. മഴ കളിച്ച മത്സരത്തിൽ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ചെന്നൈയുടെ വിജയലക്ഷ്യം.