ടെസ്റ്റ് ക്യാപ്റ്റൻസി കോഹ്‌ലി ഒരുപാട് ആസ്വദിച്ചിരുന്നു, സ്ഥാനം ഒഴിഞ്ഞ തീരുമാനം ഞെട്ടിച്ചു: റിക്കി പോണ്ടിംഗ്

കോഹ്‌ലിയുടെ നേതൃപാടവത്തെ പുകഴ്ത്തിയ പോണ്ടിംഗ് കോഹ്‌ലിയുടെ കീഴിൽ ഇന്ത്യ വിദേശ മണ്ണിലെ പ്രകടനം മെച്ചപ്പെടുത്തിയെന്നും പറഞ്ഞു

Update: 2022-01-31 14:54 GMT
Editor : Dibin Gopan | By : Web Desk
Advertising

ഇന്ത്യൻ മുൻ നായകൻ വിരാട് കോഹ്‌ലി ടെസ്റ്റ് ക്യാപ്റ്റൻസി സ്ഥാനം ഒഴിഞ്ഞത് തന്നെ ഞെട്ടിച്ചെന്ന് ഓസ്ട്രേലിയൻ ഇതിഹാസ താരം റിക്കി പോണ്ടിംഗ്. ബാറ്റിങ്ങ് മെച്ചപ്പെടുത്താനും റെക്കോർഡുകൾ തകർക്കാനുമായിരിക്കും താരം ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് പോണ്ടിംഗ് പറഞ്ഞു. കോഹ്‌ലിയുടെ നേതൃപാടവത്തെ പുകഴ്ത്തിയ പോണ്ടിംഗ് കോഹ്‌ലിയുടെ കീഴിൽ ഇന്ത്യ വിദേശ മണ്ണിലെ പ്രകടനം മെച്ചപ്പെടുത്തിയെന്നും പറഞ്ഞു.

'അതേ, അതെന്നെ ഞെട്ടിച്ചു...ഐപിഎൽ 2021ന്റെ ആദ്യ സെഷനിൽ കോഹ്‌ലിയുമായി വളരെ അടുത്ത് സംസാരിച്ചതുതന്നെയാണ് അതിന് കാരണം', പോണ്ടിംഗ് പറഞ്ഞു. ഏകദിന ക്യാപ്റ്റൻസി സ്ഥാനം ഒഴിയുന്നതിനെക്കുറിച്ചും ടെസ്റ്റ് നായകനായി തുടരുന്നത് എത്രമാത്രം ഇഷ്ടപ്പെടുന്നുവെന്നും കോഹ്‌ലി അന്ന് വ്യക്തമാക്കിയിരുന്നു.ടെസ്റ്റ് ക്യാപ്റ്റൻസി അയാൾ അത്രമാത്രം ആസ്വദിച്ചിരുന്നു. കോഹ്‌ലി ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിന് വലിയ പ്രാധാന്യം നൽകി. ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയിൽ അഭിമാനാർഹമായ നേട്ടങ്ങൾ സ്വന്തമാക്കിയാണ് കോഹ്‌ലി പടിയിറങ്ങിയതെന്നും പോണ്ടിംഗ് പറഞ്ഞു.

'രാജ്യാന്തര ക്രിക്കറ്റിൽ ക്യാപ്റ്റൻമാർക്കും പരിശീലകർക്കുമെല്ലാം ഒരു കാലാവധിയുണ്ട്. കോഹ്‌ലി ഏഴ് വർഷം ക്യാപ്റ്റൻ സ്ഥാനത്ത് തുടർന്നു. ക്രിക്കറ്റ് വികാരമായി കൊണ്ടുനടക്കുന്ന ഇന്ത്യയിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനമെന്നത് ഏറ്റവും വലിയ വെല്ലുവിളിയാണ്. അതിൽ വിജയിച്ചാണ് കോഹ്‌ലിയുടെ പടിയറിക്കമെന്നും പോണ്ടിംഗ് പറഞ്ഞു. അയാൾക്കിപ്പോൾ 33 വയസ്സാണ്. ഇനിയും കുറച്ച് വർഷങ്ങൾ കൂടി അദ്ദേഹം കളി തുടരുമെന്ന് ഞാൻ കരുതുന്നു. അത്ര വിദൂരമല്ലാത്ത റെക്കോർഡുകളെല്ലാം അദ്ദേഹം തകർക്കുമെന്നും എനിക്കുറപ്പാണ്', പോണ്ടിംഗ് പറഞ്ഞു. കോഹ്‌ലിയുടെ പിൻഗാമിയായി എത്തുന്ന രോഹിത് ശർമ്മയ്ക്ക് പിന്തുണയും പോണ്ടിംഗ് അറിയിച്ചു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News