ലോകകപ്പ് ടി20: 'പന്ത്രണ്ടംഗ' ടീമിനെ പ്രഖ്യാപിച്ച് പാകിസ്താൻ
ഇതുവരെ എട്ട് തവണയാണ് ഇന്ത്യയും പാകിസ്താനും ടി20 ഫോര്‍മാറ്റില്‍ ഏറ്റുമുട്ടിയിട്ടുള്ളത്. ഇതില്‍ ഏഴ് തവണയും ഇന്ത്യ ജയിച്ചപ്പോള്‍ ഒരു തവണ ജയിക്കാന്‍ പാകിസ്താനുമായി.
ലോകകപ്പ് ടി20 സൂപ്പർ 12 പോരാട്ടത്തിൽ ഞായറാഴ്ച ഇന്ത്യയെ നേരിടാനൊരുങ്ങുന്ന പാകിസ്താൻ പന്ത്രണ്ടംഗ ടീമിനെ പ്രഖ്യാപിച്ചു. ഇതിൽ നിന്നും അന്തിമ ഇലവനെ നാളെ കളിക്ക് മുമ്പെ തീരുമാനിക്കുകയുള്ളൂ. ലോകകപ്പിനായി പതിനഞ്ചംഗ ടീമിനെയാണ് പാകിസ്താൻ പ്രഖ്യാപിച്ചിരുന്നത്.
ടിം ഇങ്ങനെ: ബാബർ അസം(നായകൻ) മുഹമ്മദ് റിസ്‌വാൻ, ഫഖർ സമാൻ, ഹൈദർ അലി, മുഹമ്മദ് ഹഫീസ്, ഷുഹൈബ് മാലിക്, ആസിഫ് അലി, ഷദബ് ഖാൻ(ഉപനായകൻ) ഇമാദ് വാസിം, ഹസൻ അലി, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്. നായകൻ ബാബർ അസം ആണ് ഇക്കാര്യ അറിയിച്ചത്.
പഴയ കണക്കുകളൊന്നും നോക്കാതെ, ആത്മവിശ്വാസത്തോടെയാണ് ഇന്ത്യക്കെതിരെ ഇറങ്ങുന്നതെന്ന് ബാബർ പറഞ്ഞു. ഇന്ത്യക്കെതിരെ പാകിസ്താന് മോശം ട്രാക്ക് റെക്കോർഡുകളാണ് ഐ.സി.സി ഇവന്റുകളിലുള്ളത്. അതേസമയം ഗ്രൂപ്പ് രണ്ടിലെ ചിരവൈരി പോരാട്ടത്തില്‍ ആര് ജയിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് രണ്ട് ടീമിന്റെയും ആരാധകര്‍. ഇതുവരെ ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിക്കാന്‍ പാകിസ്താനായിട്ടില്ല. ഈ കണക്കുകൾ നോക്കുന്നില്ലെന്നാണ് പാകിസ്താൻ നായകൻ വ്യക്തമാക്കുന്നത്.
ഇതുവരെ എട്ട് തവണയാണ് ഇന്ത്യയും പാകിസ്താനും ടി20 ഫോര്‍മാറ്റില്‍ ഏറ്റുമുട്ടിയിട്ടുള്ളത്. ഇതില്‍ ഏഴ് തവണയും ഇന്ത്യ ജയിച്ചപ്പോള്‍ ഒരു തവണ ജയിക്കാന്‍ പാകിസ്താനുമായി. ടി20 ലോകകപ്പ് ചരിത്രത്തില്‍ അഞ്ച് തവണയാണ് രണ്ട് ടീമും ഏറ്റുമുട്ടിയത്. അഞ്ചിലും ജയം ഇന്ത്യക്ക്. 2007ലെ പ്രഥമ ടി20 ലോകകപ്പ് കിരീടം ഇന്ത്യ ഉയര്‍ത്തിയത് പാകിസ്താനെ തോല്‍പ്പിച്ചാണ്.