അടിച്ചുകളിച്ച് ഉത്തപ്പയും ദുബെയും: കൂറ്റന്‍ സ്കോര്‍ സ്വന്തമാക്കി ചെന്നൈ സൂപ്പര്‍കിങ്സ്
20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ 216 റൺസ് നേടിയത്.
മുംബൈ: വമ്പൻ കൂട്ടുകെട്ടുമായി റോബിൻ ഉത്തപ്പയും ശിവം ദുബെയും അരങ്ങുതകർത്തപ്പോൾ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്‌സിനെതിരെ ചെന്നൈ സൂപ്പർകിങ്‌സിന് മികച്ച സ്‌കോർ. 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ നേടിയത് 216 റൺസ്.
ടോസ് നേടിയ ബാംഗ്ലൂർ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബാംഗ്ലൂരിനെ ആവേശത്തിലാക്കും വിധമായിരുന്നു ബൗളർമാർ എറിഞ്ഞത്. ചെന്നൈ ഓപ്പണർമാരെ പരീക്ഷിച്ചപ്പോൾ സ്‌കോറിങ് വേഗത കുറഞ്ഞു. ടീം സ്‌കോർ 19ൽ നിൽക്കെ മോശം ഫോമിലുള്ള ഗെയിക്‌വാദ് പുറത്ത്. ബാംഗ്ലൂരിനായി ആദ്യ മത്സരം കളിക്കുന്ന ഹേസിൽവുഡാണ് ഗെയിക്‌വാദിനെ വിക്കറ്റിന് മുന്നിൽ കുരുക്കിയത്.
മൂന്ന് ഫോർ പായിച്ച് ഗെയിക്‌വാദ് ഫോമിലേക്കെന്ന സൂചന നൽകുന്നതിനിടെയായിരുന്നു ഹേസിൽവുഡിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങിയത്. 17 റൺസായിരുന്നു സമ്പാദ്യം. വൺ ഡൗണായി എത്തിയ അലിയുടെ ആയുസ് മൂന്ന് റൺസ് വരെയായിരുന്നു. പ്രഭുദേസായിയുടെ മികവാർന്നൊരു ഫീൽഡിങും കാർത്തികിന്റെ അറിഞ്ഞുകൊണ്ടുള്ള സ്റ്റമ്പിങും ആയതോടെ അലിക്ക് പുറത്തേക്കുളള വഴിയായി. പിന്നീടാണ് ചെന്നൈയുടെ രക്ഷക്കെത്തിയ മഹാകൂട്ടുകെട്ട് പിറന്നത്. തുടക്കത്തിൽ ശ്രദ്ധയോടെ കളിച്ച ഉത്തപ്പ പിന്നീട് ടോപ് ഗിയറിലാകുകായിരുന്നു.
ശിവം ദുബെ അടിച്ചുതന്നെ കളിച്ചു. അതോടെ മെല്ലെയായ ചെന്നൈ സ്‌കോർ റോക്കറ്റ് പോലെ കുതിച്ചു. അതിനിടെ വ്യക്തിഗത സ്‌കോർ 81ൽ നിൽക്കെ സിറാജിന്റെ പന്തിൽ ഉത്തപ്പയെ പിടികൂടിയെങ്കിലും പന്ത് നോബോളായി. 50 പന്തിൽ നിന്ന് 88 റൺസാണ് ഉത്തപ്പ നേടിയത്. ഒമ്പത് സിക്‌സറുകളും നാല് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു ഉത്തപ്പയുടെ ഇന്നിങ്‌സ്. 36ന് രണ്ട് എന്ന നിലയിൽ ചേർന്ന സഖ്യത്തെ പിളർത്തിയത് ഹസരങ്ക. ഉത്തപ്പ കളം വിടുമ്പോൾ ടീം സ്‌കോർ 201ഉം. പിറന്നത് 165 റൺസിന്റെ മഹാകൂട്ടുകെട്ട്. പിന്നാലെ എത്തിയ രവീന്ദ്ര ജഡേജ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി.
45 പന്തിൽ നിന്ന് 94 റൺസാണ് ശിവം ദുബെ നേടിയത്. എട്ട് സിക്‌സറുകളും അഞ്ച് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ശിവം ദുബെയുടെ ഇന്നിങ്‌സ്. ഇന്നിങ്‌സിന്റെ അവസാന പന്തിലാണ് ശിവം ദുബെ പുറത്തായത്. ദുബെ പുറത്താകുമ്പോള്‍ നോണ്‍ സ്ട്രൈക്കിങ് എന്‍ഡില്‍ ധോണിയായിരുന്നു.
Summary-Chennai Super Kings vs Royal Challengers Bangalore Match Report