ചെന്നൈ രാജ്; ഹൈദരാബാദിനെതിരെ 78 റൺസിന്റെ വമ്പൻ ജയം
ചെന്നൈ: ആദ്യം ബാറ്റുകൊണ്ട്, പിന്നീട് പന്തുകൊണ്ട്.. സൺറൈറേഴ്സിനെ നിഷ്പ്രഭമാക്കി ചെന്നൈ സൂപ്പർകിങ്സ് വിജയവഴിയിൽ തിരിച്ചെത്തി . ആദ്യം ബാറ്റുചെയ്ത ചെന്നൈ ഉയർത്തിയ 212 റൺസ് പിന്തുടർന്ന ഹൈദരാബാദിന്റെ പേരുകേട്ട ബാറ്റിങ് നിരക്ക് 134 റൺസെടുക്കാനേ സാധിച്ചുള്ളൂ. മത്സരത്തിൽ അഞ്ചുക്യാച്ചുകളെടുത്ത ഡാരി മിച്ചൽ ഐ.പി.എൽ ക്യാച്ചെണ്ണത്തിൽ പുതിയ റെക്കോർഡിട്ടു. ഒൻപത് മത്സരങ്ങൾ പൂർത്തിയാക്കിയ ചെന്നെ പത്തുപോയന്റുമായി മൂന്നാമതും അത്രതന്നെ പോയന്റുള്ള ഹൈദരാബാദ് നാലാമതുമാണ്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ചെന്നൈയെ നായകൻ റിഥുരാജ് ഗ്വെയ്ക് വാദ് മുന്നിൽ നിന്നും നയിക്കുകയായിരുന്നു. പത്തുബൗണ്ടറികളും മൂന്നുസിക്സറുകളും സഹിതം 98 റൺസെടുത്ത താരം സെഞ്ച്വറിക്കരികെ പുറത്തായി. 32പന്തിൽ 52 റൺസെടുത്ത ഡാരി മിച്ചൽ, 20 പന്തിൽ 39 റൺസെടുത്ത ശിവം ദുബെ എന്നിവരും ചെന്നൈക്കായി തിളങ്ങി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് മുൻ നിരയെ തുഷാർ ദേശ് പാണ്ഡെ എറിഞ്ഞിടുകയായിരുന്നു. മൂന്നോവറിൽ 27 റൺസ് നൽകി 3 വിക്കറ്റെടുത്ത ദേശ്പാണ്ഡെക്ക് രണ്ടുവിക്കറ്റുകൾ വീതം വീഴ്ത്തിയ മുസ്തഫിസുർ റഹ്മാനും മഥീഷ പാതിരാനയും മികച്ച പിന്തുണനൽകി. ഫോമിലുള്ള ഹൈദരാബാദ് ബാറ്റർമാരായ ട്രാവിസ് ഹെഡ് (13), അഭിഷേക് ശർമ (15), എയ്ഡൻ മാർക്രം (32), ഹെന്റിച്ച് ക്ലാസൻ (20), അബ്ദുൾ സമദ് (19) എന്നിവരെല്ലാം നിരാശപ്പെടുത്തി.