വിസില്‍പോട് ചെന്നൈ; ഐപിഎലില്‍ ഗുജറാത്തിനെതിരെ 63 റണ്‍സിന്റ ആധികാരിക ജയം
കഴിഞ്ഞ ഐപിഎല്‍ ഫൈനലിലേറ്റ തോല്‍പിക്ക് പകരം വീട്ടാനെത്തിയ ഗുജറാത്തിന് ഒരുഘട്ടത്തില്‍ പോലും നിലവിലെ ചാമ്പ്യന്‍മാര്‍ക്കെതിരെ ഭീഷണിയുയര്‍ത്താനായില്ല
ചെന്നൈ: ഐപിഎലില്‍ തുടര്‍ച്ചയായി രണ്ടാം ജയം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്. സ്വന്തംതട്ടകമായ ചെപ്പോക്കില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 63 റണ്‍നിനാണ് തോല്‍പിച്ചത്. ചെന്നൈയുടെ വിജയ ലക്ഷ്യമായ 206 റണ്‍സിന് മറുപടി ബാറ്റിങിനിറങ്ങിയ സന്ദര്‍ശകരുടെ പോരാട്ടം 20 ഓവറില്‍ 143-8 എന്ന സ്‌കോറില്‍ അവസാനിച്ചു. 37 റണ്‍സെടുത്ത സായ് സുദര്‍ശനാണ് ടോപ് സ്‌കോറര്‍.
കഴിഞ്ഞ ഐപിഎല്‍ ഫൈനലിലേറ്റ തോല്‍പിക്ക് പകരം വീട്ടാനെത്തിയ ഗുജറാത്തിന് ഒരുഘട്ടത്തില്‍ പോലും നിലവിലെ ചാമ്പ്യന്‍മാര്‍ക്കെതിരെ ഭീഷണിയുയര്‍ത്താനായില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയും ഫീല്‍ഡിങില്‍ അവിശ്വസിനീയ പ്രകടനം പുറത്തെടുത്തും ചെന്നൈ മത്സരം കൈപിടിയിലൊതുക്കുകയായിരുന്നു. വൃദ്ധിമാന്‍ സാഹ(21), ശുഭ്മാന്‍ ഗില്‍(8),വിജയ് ശങ്കര്‍(12), രാഹുല്‍ തെവാത്തിയ(6) എന്നിവര്‍ വേഗത്തില്‍ മടങ്ങി. പ്രതീക്ഷപുലര്‍ത്തിയ ഡേവിഡ് മില്ലറിനെ ദേശ്പാണ്ഡെയുടെ ഓവറില്‍ അത്യുഗ്രന്‍ ക്യാച്ചില്‍ അജിന്‍ക്യ രഹാനെ പുറത്താക്കി. 16 പന്തില്‍ 21 റണ്‍സാണ് കില്ലര്‍ മില്ലറിന്റെ സമ്പാദ്യം. അഫ്ഗാന്‍ ഓള്‍റൗണ്ടര്‍ അസ്മത്തുള്ള ഒമര്‍സായി(11)യും കൂടാരം കയറിയതോടെ ഗുജറാത്ത് പ്രതീക്ഷകള്‍ അസ്തമിച്ചു. മഞ്ഞപ്പടക്കായി ദീപക് ചഹാറും തുഷാര്‍ ദേശ്പാണ്ഡെയും മുസ്തഫിസുര്‍ റഹ്മാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പരിക്കിന് ശേഷം മടങ്ങിയെത്തിയ ശ്രീലങ്കന്‍ പേസര്‍ മതീഷ പതിരണ ഒരുവിക്കറ്റ് നേടി. ഒരു ക്യാച്ച് നഷ്ടപ്പെടുത്തിയെങ്കിലും മൂന്ന് ക്യാച്ച് കൈപിടിയിലൊതുക്കി രചിന്‍ രവീന്ദ്ര ഫീല്‍ഡിങില്‍ തിളങ്ങി.
നേരത്തെ, ചെന്നൈ സൂപ്പര്‍ കിങ്‌സ് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗിലിന്റെ തീരുമാനം തെറ്റെന്ന് വ്യക്തമാക്കുന്ന വിധത്തിലാണ് ചെന്നൈ താരങ്ങള്‍ ആഞ്ഞടിച്ചത്. ഓപ്പണിങില്‍ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദും രചിന്‍ രവീന്ദ്രയും ചേര്‍ന്ന് സ്വപ്‌ന തുടക്കമാണ് നല്‍കിയത്. 20 പന്തില്‍ മൂന്നു സിക്‌സുകളും ആറു ബൗണ്ടറിയും നേടിയ രചിന്‍ 46 റണ്‍സ് നേടി. റഷീദ് ഖാന്റെ പന്തില്‍ സാഹ സ്റ്റമ്പ് ചെയ്ത് ന്യൂസിലാന്‍ഡ് താരം പുറത്തായശേഷം എത്തിയ അജിങ്ക്യ രഹാന(12)യും സ്പിന്‍ കെണിയില്‍ മടങ്ങി. 36 പന്തില്‍ 46 റണ്‍സുമായി ഋതുരാജും പുറത്തായി. എന്നാല്‍ പിന്നീട് ഒത്തുചേര്‍ന്ന ശിവം ദുബെയും ഡാരന്‍ മിച്ചലും റണ്‍റേറ്റ് ഉയര്‍ത്തി ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോയി. 23 പന്തില്‍ രണ്ട് ബൗണ്ടറിയും അഞ്ച് സിക്‌സറും സഹിതം 51 റണ്‍സെടുത്ത ദുബെ സിഎസ്‌കെ ഇന്നിങ്‌സിലെ ടോപ് സ്‌കോററായി. 20 പന്തില്‍ 24 റണ്‍സാണ് ന്യൂസിലാന്‍ഡ് താരം നേടിയത്. ചെന്നെയുടെ പുതിയ താരോദയം സമീര്‍ റിസ്വി (ആറു പന്തില്‍ 14), രവീന്ദ്ര ജഡേജ( മൂന്ന് പന്തില്‍ 7 റണ്‍സുമായി) ആഞ്ഞടിച്ചതോടെ സ്‌കോര്‍ 200 കടന്നു. ഗുജറാത്തിനായി റാഷിദ് ഖാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. നാല് ഓവറില്‍ 49 റണ്‍സാണ് അഫ്ഗാന്‍ താരം വിട്ടുകൊടുത്തത്.