ഇംഗ്ലണ്ടിന്റെ നടുവൊടിച്ച് ചഹൽ: ഇന്ത്യക്ക് ജയിക്കാൻ 247 റണ്‍സ്
തകർപ്പൻ ഫോം തുടരുന്ന ഇന്ത്യൻ പന്തേറുകാരെ തല്ലിയും തലോടിയും ഇംഗ്ലണ്ട് നേടിയത് 246 റൺസ്. 49 ഓവറിൽ ഇംഗ്ലണ്ട് ഓൾ ഔട്ടാവുകയായിരുന്നു.
ലോർഡ്‌സ്: യൂസ്‌വേന്ദ്ര ചഹൽ നടുവൊടിച്ചപ്പോൾ കൂറ്റൻസ്‌കോർ നേടാനാകാതെ ഇംഗ്ലണ്ട്. തകർപ്പൻ ഫോം തുടരുന്ന ഇന്ത്യൻ പന്തേറുകാരെ തല്ലിയും തലോടിയും ഇംഗ്ലണ്ട് നേടിയത് 246 റൺസ്. 49 ഓവറിൽ ഇംഗ്ലണ്ട് ഓൾ ഔട്ടാവുകയായിരുന്നു. മുഈൻ അലി(47) ഡേവിഡ് വില്ലി(41) ജോണി ബെയർസ്‌റ്റോ(38) എന്നിവരാണ് ഇംഗ്ലണ്ടിനായി കാര്യമായി സംഭാവന നൽകിയത്.
ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ആദ്യ ഏകദിനം പോലെയായില്ല ലോർഡ്‌സിലേത്. ആദ്യ വിക്കറ്റിൽ ജേസൺ റോയിയും ബയർസ്‌റ്റോയും 41 റൺസ് കണ്ടെത്തി. ജേസൺ റോയിയെ ഹാർദിക് പാണ്ഡ്യയാണ് മടക്കിയത്. പിന്നെ തുടരെ വിക്കറ്റുകൾ. 41ന് ഒന്ന് എന്ന നിലയിൽ നിന്നും 102ന് അഞ്ച് എന്ന നിലയിലേക്ക് ഇംഗ്ലണ്ട് കൂപ്പുകുത്തി. ജോണി ബെയര്‍സ്റ്റോ, ജോ റൂട്ട്, ബെൻസ്റ്റോക്ക് എന്നിവർക്ക് ചഹൽ പുറത്തേക്കുള്ള വഴികാണിച്ചുകൊടുത്തു. നായകൻ ജോസ് ബട്ട്ലർക്ക് അഞ്ച് പന്തിന്റെ ആയുസെ ഉണ്ടായിരുന്നുള്ളൂ. നാല് റൺസെടുത്ത ബട്‌ലറെ ഷമിയാണ് വിക്കറ്റിന് മുന്നിൽ കുരുക്കിയത്.
എന്നാൽ ലിയാം ലിവിങ്സ്റ്റൺ-അലി സഖ്യവും അലി-വില്ലി സഖ്യവും ഇംഗ്ലണ്ടിന് പ്രതീക്ഷകൾ നൽകി. ലിവിങ്സ്റ്റൺ പതിവുപോലെ അടിച്ചുകളിച്ചപ്പോൾ ഇംഗ്ലണ്ട് സ്‌കോർ ചലിക്കാൻ തുടങ്ങി. എന്നാൽ ലിവിങ്സ്റ്റണ്‍ 33ൽ നിൽക്കെ പാണ്ഡ്യ വീണ്ടും അവതരിച്ചു. ലിവിങ്സ്റ്റണെ ശ്രേയസ് അയ്യരുടെ കൈകളിലെത്തിച്ച് ഇന്ത്യക്ക് ആറാം വിക്കറ്റ് സമ്മാനിച്ചു. മുഈൻ അലി- വില്ലി സഖ്യമാണ് ഇംഗ്ലണ്ട് സ്‌കോർ 200 കടത്തിയത്. എന്നാൽ അർധ സെഞ്ച്വറിക്ക് മൂന്ന് റൺസ് അകലെ അലി വീണു. ചഹലായിരുന്നു അലിക്കും പുറത്തേക്കുളള വഴി കാണിച്ചുകൊടുത്തത്. അവസാനത്തിൽ ഡേവിഡ് വില്ലി ശ്രമിച്ചെങ്കിലും ബുംറ, അയ്യരുടെ കൈകളിൽ അവസാനിപ്പിച്ചു. വാലറ്റത്ത് കാര്യമായ സംഭാവനകൾ ഇല്ലാതെ വന്നതോടെ ഇംഗ്ലണ്ട് സ്‌കോർ 246ൽ ഒതുങ്ങി. ചാഹലിന് പുറമെ ബുംറയും പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.