ശരാശരിയേക്കാൾ മോശം നിലവാരം- ചിന്നസാമിയിലെ പിച്ചിനെതിരെ ഐസിസി
അവിടെ നടന്നത് ബാറ്റും ബോളും തമ്മിലുള്ള മത്സരമായി കണക്കാക്കാൻ സാധിക്കില്ല
ഒരിടവേളക്ക് ശേഷം ബെംഗളൂരു ചിന്നസാമി സ്റ്റേഡിയത്തിലെ പിച്ച് വീണ്ടും വിവാദത്തിലേക്ക്. കഴിഞ്ഞയാഴ്ച അവസാനിച്ച ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് മാച്ചിന് പിന്നാലെ പിച്ച് പരിശോധിച്ച ഐസിസി സംഘം ബെംഗളൂരുവിലെ പിച്ചിനെ ശരാശരിയേക്കാൾ കുറഞ്ഞ നിലവാരമാണ് നൽകിയത്.
മാർച്ച് 12 ന് ആരംഭിച്ച രണ്ടാം ടെസ്റ്റ് മൂന്ന് ദിവസം കൊണ്ട് അവസാനിച്ചിരുന്നു. 238 റൺസിനായിരുന്നു മത്സരത്തിൽ ശ്രീലങ്കയുടെ തോൽവി.
' മത്സരത്തിന്റെ ആദ്യദിനം തന്നെ അസ്വഭാവികമായി നല്ല ടേൺ ആ പിച്ച് നൽകിയിരുന്നു. ഓരോ സെഷൻ കഴിയുമ്പോഴും അത് കൂടി വരികയാണ് ചെയ്തത്. അതുകൊണ്ട് തന്നെ അവിടെ നടന്നത് ബാറ്റും ബോളും തമ്മിലുള്ള മത്സരമായി കണക്കാക്കാൻ സാധിക്കില്ല '- മാച്ച് റഫറിയായ ജഗവൽ ശ്രീനാഥ് ഐസിസിക്ക് നൽകിയ റിപ്പോർട്ട്.
മോശം നിലവാരത്തെ തുടർന്ന് ചിന്നസ്വാമിയിലെ പിച്ചിന് ഐസിസി ഡി മെറിറ്റ് പോയിന്റ് നൽകിയതിനെ തുടർന്ന് സ്റ്റേഡിയത്തിൽ അന്താരാഷ്ട്ര മത്സരങ്ങൾ ലഭിക്കാനുള്ള സാധ്യത കുറയാൻ സാധ്യതയുണ്ട്. 2018 ൽ ബെംഗളൂരു സ്റ്റേഡിയത്തിന് ഇത്തരത്തിൽ ഡി-മെറിറ്റ് പോയിന്റ് ഐസിസി നൽകിയിരിന്നു. അഞ്ചു വർഷമാണ് ഒരു ഡി മെറിറ്റ് പോയിന്റിന്റെ കാലാവധി. അഞ്ച് ഡി മെറിറ്റ് പോയിന്റുകൾ ലഭിച്ചാൽ അന്താരാഷ്ട്ര മത്സരങ്ങൾ ആതിഥേയത്വം വഹിക്കുന്നതിൽ നിന്ന് ഒരു വർഷത്തേക്ക് വിലക്കും.
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഹോം ഗ്രൗണ്ടാണ് ചിന്നസാമി.