''ഒമ്പതാമനായി ബാറ്റ് ചെയ്യാനാണെങ്കിൽ ധോണി കളിക്കേണ്ട, പകരം ഫാസ്റ്റ് ബൗളറെ ഇറക്കൂ''- ഹർഭജൻ സിങ്
പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിലായിരുന്നു ധോണി ഒമ്പതാമനായി ക്രീസിലെത്തിയത്.
ധരംശാല: എം.എസ് ധോണി തന്റെ ടി20 കരിയറിൽ ആദ്യമായാണ് 9ാം സ്ഥാനത്ത് ബാറ്റ് ചെയ്യുന്നത് , അതാവട്ടെ ദുരന്തമാവുകയും ചെയ്തു. ഇന്നലെ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിലായിരുന്നു ധോണി ഒമ്പതാമനായി ക്രീസിലെത്തിയത്.
നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്താകുകയും ചെയ്തു. ഇപ്പോഴിതാ ഈ തീരുമാനത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് മുൻഇന്ത്യൻ താരവും ചെന്നൈ സൂപ്പർകിങ്‌സിൽ സഹതാരവുമായിരുന്ന ഹർഭജൻ സിങ്.
“ഒമ്പതാം നമ്പറിൽ ബാറ്റ് ചെയ്യാനാണെങ്കില്‍ എം.എസ് ധോണി കളിക്കരുത്. അതിനെക്കാള്‍ നല്ലത് ഫാസ്റ്റ് ബൗളറെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തുന്നതാണ്. നേരത്തെ ബാറ്റ് ചെയ്യാൻ ഇറങ്ങാതെ ധോണി, ടീമിനെ നിരാശപ്പെടുത്തി''- ഹര്‍ഭജന്‍ സിങ് പറഞ്ഞു.
''ഷാർദുൽ താക്കൂറാണ് ധോണിക്ക് മുന്നെ ഇറങ്ങിയത്. താക്കൂറിന് ഒരിക്കലും ധോണിയെ പോലെ ഷോട്ടുകൾ അടിക്കാൻ കഴിയില്ല, എന്തുകൊണ്ടാണ് ധോണി ഈ തെറ്റ് ചെയ്തതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അദ്ദേഹത്തിന്റെ അനുവാദമില്ലാതെ ഒന്നും സംഭവിക്കില്ല, അദ്ദേഹത്തെ തരംതാഴ്ത്താനുള്ള ഈ തീരുമാനം മറ്റാരോ എടുത്തതാണെന്ന് വിശ്വസിക്കാനും ഞാൻ തയ്യാറല്ല- ഹര്‍ഭജന്‍ പറഞ്ഞു.
സിഎസ്‌കെക്ക് വേഗത്തിൽ റൺസ് ആവശ്യമായിരുന്ന ഘട്ടമായിരുന്നു അപ്പോഴൊക്കെ, മുൻ കളികളിൽ ധോണി നന്നായി ബാറ്റ് ചെയ്ചതിട്ടുമുണ്ട്. പഞ്ചാബ് കിംഗ്‌സിനെതിരായ സുപ്രധാന മത്സരത്തിൽ അദ്ദേഹം ബാറ്റിങ് ഓര്‍ഡറില്‍ പിന്നോട്ട് പോയത് ഞെട്ടിച്ചുവെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.
കുറഞ്ഞ സ്‌കോർ പിറന്ന മത്സരത്തിൽ ചെന്നൈ സൂപ്പർകിങ്‌സ് വിജയിച്ചിരുന്നു. 28 റൺസിനായിരുന്നു ചെന്നൈയുടെ വിജയം. ഓൾറൗണ്ട് പ്രകടനം പുറത്തെടുത്ത ജഡേജയാണ് ചെന്നൈയുടെ വിജയശിൽപ്പി. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ, 20 ഓവറിൽ നേടിയത് ഒ മ്പത് വിക്കറ്റ് നഷ്ടത്തിൽ 167 റൺസ്. മറുപടി ബാറ്റിങിൽ പഞ്ചാബിന് 139 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ജഡേജ മൂന്നു വിക്കറ്റ് വീഴ്ത്തി. 43 റൺസ് കണ്ടെത്തി ബാറ്റുകൊണ്ടും ജഡേജ മികവ് പുറത്തെടുത്തിരുന്നു.