തോൽവിയിൽ പോയിന്റും പോയി; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് വീണു

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര സമനിലയില്‍ എത്തിച്ചതിന് പിന്നാലെയാണ് ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നത്

Update: 2024-01-29 11:01 GMT
Editor : rishad | By : Web Desk
Advertising

ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ 28 റണ്‍സിന്റെ തോല്‍വിക്ക് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ പിന്നോക്കം പോയി ഇന്ത്യ. ഒന്നാം സ്ഥാനത്ത് നിന്ന് അഞ്ചിലേക്കാണ് ഇന്ത്യ വീണത്.

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര സമനിലയില്‍ എത്തിച്ചതിന് പിന്നാലെയാണ് ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നത്. 54.16ല്‍ നിന്നു നിലവില്‍ ഇന്ത്യയുടെ പോയിന്റ് 43.33ലേക്കാണ് താഴ്ന്നത്.

കഴിഞ്ഞ ദിവസം ആസ്‌ട്രേലിയ വെസ്റ്റ് ഇന്‍ഡീസിനോടു ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയിരുന്നു. എന്നാല്‍ ഈ തോല്‍വി അവരുടെ പോയിന്റ് പട്ടികയിലെ സ്ഥാനത്തിന് മാറ്റം വരുത്തിയിട്ടില്ല. ആസ്‌ട്രേലിയ ഒന്നാം സ്ഥാനത്ത് തുടരും. ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് ടീമുകളാണ് രണ്ട്, മൂന്ന്, നാല് റാങ്കുകളില്‍. പുതിയ സീസണിലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ ഇറങ്ങിയ അഞ്ച് മത്സരങ്ങളില്‍ രണ്ട് ജയം മാത്രമേ ഇന്ത്യക്കുള്ളൂ.

ഇന്ത്യ- ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റില്‍ 28 റണ്‍സിനാണ് രോഹിത് ശര്‍മ്മയും സംഘവും സ്വന്തം മൈതാനത്ത് തോറ്റത്. രണ്ടാം ഇന്നിംഗ്സില്‍ 231 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 202ല്‍ എല്ലാവരും പുറത്താവുകയായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ 190 റണ്‍സ് ലീഡ് നേടിയ ശേഷമായിരുന്നു ഇന്ത്യയുടെ അപ്രതീക്ഷിത തോല്‍വി. 39 റണ്‍സെടുത്ത രോഹിത് ശര്‍മ്മയായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറര്‍.

ഇംഗ്ലണ്ടിനായി രണ്ടാം ഇന്നിംഗ്സില്‍ 278 പന്തില്‍ 196 റണ്‍സ് നേടിയ ഓലീ പോപും ഏഴ് വിക്കറ്റ് നേടിയ അരങ്ങേറ്റക്കാരന്‍ സ്പിന്നര്‍ ടോം ഹാര്‍ട്‌ലിയുമാണ് ഇന്ത്യയെ തോല്‍വിയിലേക്ക് തള്ളിവിട്ടത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ  രണ്ടാം മത്സരം ഫെബ്രുവരി രണ്ടിന് വിശാഖപ്പട്ടണത്ത് നടക്കും. ആദ്യ മത്സരത്തിലെ തോൽവി ഇന്ത്യയെ പൊതുവെ ബാധിക്കാറില്ല. ആദ്യ മത്സരം തോറ്റിട്ടും പരമ്പര വിജയിച്ച ചരിത്രമാണ് ഇന്ത്യക്ക് പലഘട്ടങ്ങളിലും ഉണ്ടായിട്ടുള്ളത്. ആ വഴിക്ക് തന്നെ കാര്യങ്ങൾ നീങ്ങുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News