തകർത്തടിച്ച് സഞ്ജുവും സൂര്യയും; ബംഗ്ലാദേശിനെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ 3-0
റിഷാദ് ഹുസൈൻ എറിഞ്ഞ പത്താം ഓവറിൽ അഞ്ചു സിക്‌സറാണ് സഞ്ജു പറത്തിയത്.
ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ അവസാന ടി20 മത്സരത്തിൽ ഇന്ത്യക്ക് 133 റൺസിന്റെ കൂറ്റൻ ജയം. മലയാളി താരം സഞ്ജു സാംസണിന്റ സെഞ്ച്വറി കരുത്തിൽ(47 പന്തിൽ 111) നിശ്ചിത 20 ഓവറിൽ ഇന്ത്യ ഉയർത്തിയ 298 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാദേശ് പോരാട്ടം 164ൽ അവസാനിച്ചു. ഇതോടെ പരമ്പര 3-0 ഇന്ത്യ തൂത്തുവാരി. 42 പന്തിൽ 63 റൺസ് നേടിയ തൗഹിദ് ഹൃദോയി മാത്രമാണ് സന്ദർശക നിരയിൽ ചെറുത്ത് നിൽപ്പ് നടത്തിയത്. ആദ്യ പന്തിൽ തന്നെ ബംഗ്ലാ ഓപ്പണർ പർവേസ് ഹുസൈൻ ഇമോനെ പുറത്താക്കി മയങ്ക് യാദവ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടു. തൻസിദ് ഹസൻ(15), ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ ഷാന്റോ(14) വേഗത്തിൽ പുറത്തായി. നാലാം വിക്കറ്റിൽ ഒത്തുചേർന്ന ലിട്ടൻദാസ്-ഹൃദോയ് കൂട്ടുകെട്ട് പ്രതീക്ഷ നൽകിയെങ്കിലും രവി ബിഷ്‌ണോയ് ഇന്ത്യക്കായി ബ്രേക്ക്ത്രൂ നൽകി. 25 പന്തിൽ 42 റൺസെടുത്ത് ലിട്ടൻ ദാസ് പുറത്തായി. തുടർന്ന് അവസാന ടി20 കളിക്കുന്ന മഹ്‌മൂദുല്ലയും(8)മെഹ്ദി ഹസനും(3) മടങ്ങിയതോടെ സന്ദർശക പ്രതീക്ഷകൾ അവസാനിച്ചു.
Adipoli Sanju Chetta 🤌
— JioCinema (@JioCinema) October 12, 2024
The 2nd fastest ton by an Indian 👏
#INDvBAN #IDFCFirstBankT20Trophy #JioCinemaSports #SanjuSamson pic.twitter.com/uOSUUZuJjE
നേരത്തെ സഞ്ജു സാംസണിന്റെ തകർപ്പൻ ബാറ്റിങിലാണ് ഇന്ത്യ മികച്ച സ്‌കോർ പടുത്തുയർത്തിയത്. ടി20യിൽ ഇന്ത്യയുടെ ഉയർന്ന സ്‌കോറാണിത്. 11 ഫോറും എട്ട് സിക്‌സറും സഹിതമാണ് വിമർശകരുടെ വായടപ്പിക്കുന്ന പ്രകടനം നടത്തിയത്. 40 പന്തിൽ 100 തികച്ച മലയാളി താരം ഇന്ത്യൻ താരങ്ങളിലെ അതിവേഗ സെഞ്ച്വറി നേട്ടത്തിൽ രണ്ടാമതെത്തി. രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ തുടക്കം മുതൽ അവസാനം അരെ തകർത്തടിച്ച സഞ്ജു കന്നി സെഞ്ച്വറിയിലേക്ക് ബാറ്റുവിശീയത്. എട്ട് സിക്സും 11 ഫോറും സഹിതമാണ് 111 റൺസ് നേടിയത്. ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ഉയർന്ന സ്‌കോറാണിത്. റിഷാദ് ഹുസൈൻ എറിഞ്ഞ പത്താം ഓവറിൽ മലയാളി താരം വിശ്വരൂപം കാണിച്ചു. തുടരെ അഞ്ചുസിക്‌സറുകൾ പറത്തി 30 റൺസാണ് നേടിയത്.
സൂര്യകുമാർ യാദവ് (35 പന്തിൽ 75), ഹാർദിക് പാണ്ഡ്യ (18 പന്തിൽ 47), റിയാൻ പരാഗ് (13 പന്തിൽ 34) എന്നിവരും മികച്ച പിന്തുണ നൽകി. ഐസിസി മുഴുവൻ മെമ്പർഷിപ്പുള്ള രാജ്യങ്ങളെ മാത്രം പരിഗണിച്ചാൽ ടി20 ക്രിക്കറ്റിലെ ഉയർന്ന ടീം സ്‌കോറാണിത്. ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നില്ല. സ്‌കോർബോർഡിൽ 23 റൺസ് ചേരുന്നതിനിടെ ഓപ്പണർ അഭിഷേക് ശർമയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. തൻസിം ഹസൻ സാക്കിബിനായിരുന്നു വിക്കറ്റ്. പിന്നീട് ഒത്തുചേർന്ന സഞ്ജു- സൂര്യ കൂട്ടുകെട്ട് ബംഗ്ലാബൗളർമാരെ തുടരെ ആക്രമിച്ചു. ഇരുവരും ചേർന്ന് 173 റൺസാണ് കൂട്ടിചേർത്തത്.