അർധസെഞ്ച്വറിയുമായി പന്തും രാഹുലും,കരുതലോടെ വാലറ്റം;ദക്ഷിണാഫ്രിക്കയ്ക്ക് 288 റൺസ് വിജയലക്ഷ്യം

71 പന്തിൽ നിന്ന് ഋഷഭ് പന്ത് 85 റൺസ് എടുത്തപ്പോൾ കെ.എൽ രാഹുൽ 79 പന്തിൽ നിന്ന് 55 റൺസെടുത്തു

Update: 2022-01-21 12:43 GMT
Editor : Dibin Gopan | By : Web Desk
Advertising

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 288 റൺസ് വിജയലക്ഷ്യം. ഇന്ത്യ നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 287 റൺസ് എടുത്തു. ഇന്ത്യയ്ക്കായി ഋഷഭ് പന്തും ക്യാപ്റ്റൻ കെ.എൽ രാഹുലും പുറത്തെടുത്ത പ്രകടനമാണ് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. 71 പന്തിൽ നിന്ന് ഋഷഭ് പന്ത് 85 റൺസ് എടുത്തപ്പോൾ കെ.എൽ രാഹുൽ 79 പന്തിൽ നിന്ന് 55 റൺസെടുത്തു. വാലറ്റം കരുതലോടെ കളിച്ചതാണ് ഇന്ത്യയെ തകർച്ചയിൽ നിന്ന് കരകയറ്റിയത്.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി ഭേദപ്പെട്ട തുടക്കമാണ് ഓപ്പണർമാരായ ശിഖർ ധവാനും കെ.എൽ.രാഹുലും ചേർന്ന് നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും 63 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. എന്നാൽ 38 പന്തുകളിൽ നിന്ന് 29 റൺസെടുത്ത ധവാനെ മടക്കി മാർക്രം ഇന്ത്യയ്ക്ക് തിരിച്ചടി നൽകി. ധവാന് പകരം ക്രീസിലെത്തിയ വിരാട് കോലി പെട്ടെന്ന് മടങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. റൺസെടുക്കും മുൻപ് കോലിയെ തെംബ ബാവുമയുടെ കൈയ്യിലെത്തിച്ച് കേശവ് മഹാരാജ് ഇന്ത്യയ്ക്ക് ഇരട്ട പ്രഹരമേൽപ്പിച്ചു.

കോലിയ്ക്ക് പകരം ഋഷഭ് പന്ത് ക്രീസിലെത്തിയതോടെ രാഹുലും പന്തും ചേർന്ന് ടീം സ്‌കോർ 150 കടത്തി. 27 ഓവറിലാണ് ടീം സ്‌കോർ 150 കടന്നത്. പിന്നാലെ ഋഷഭ് പന്ത് അർധസെഞ്ചുറി നേടി. 43 പന്തുകളിൽ നിന്നാണ് താരം അർധശതകം പൂർത്തിയാക്കിയത്. പന്ത് ആക്രമിച്ച് കളിച്ചപ്പോൾ രാഹുൽ ശ്രദ്ധയോടെയാണ് ബാറ്റ് വീശിയത്. വൈകാതെ രാഹുലും അർധസെഞ്ചുറി നേടി. 71 പന്തുകളിൽ നിന്നാണ് രാഹുൽ അർധശതകം കുറിച്ചത്.

എന്നാൽ, രാഹുലിനെ പുറത്താക്കി സിസാൻഡ മലാഗ ഈ കൂട്ടുകെട്ട് പൊളിച്ചു. 79 പന്തുകളിൽ നിന്ന് നാല് ബൗണ്ടറികളുടെ സഹായത്തോടെ 55 റൺസെടുത്ത രാഹുലിനെ മഗാല വാൻ ഡ്യൂസന്റെ കൈയ്യിലെത്തിച്ചു. രാഹുലിന് പിന്നാലെ പന്തും പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. 71 പന്തുകളിൽ നിന്ന് പത്ത് ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെ 85 റൺസെടുത്ത പന്തിനെ തബ്റൈസ് ഷംസി എയ്ഡൻ മാർക്രത്തിന്റെ കൈയ്യിലെത്തിച്ചു. പിന്നാലെ വന്ന ശ്രേയസ്സ് അയ്യരും വെങ്കടേഷ് അയ്യരും നിരാശപ്പെടുത്തി.

11 റൺസ് മാത്രമെടുത്ത ശ്രേയസിനെ ഷംസി വിക്കറ്റിന് മുന്നിൽ കുടുക്കിയപ്പോൾ 22 റൺസെടുത്ത വെങ്കടേഷ് അയ്യരെ ഫെലുക്വായോയുടെ പന്തിൽ മിന്നൽ സ്റ്റംപിങ്ങിലൂടെ ഡി കോക്ക് പുറത്താക്കി. ഇതോടെ ഇന്ത്യ 239 ന് ആറ് എന്ന സ്‌കോറിലേക്ക് വീണു. എന്നാൽ പിന്നീട് ക്രീസിലെത്തിയ ശാർദൂൽ ഠാക്കൂറും രവിചന്ദ്ര അശ്വിനും കരുതലോടെ ബാറ്റേന്തിയപ്പോൾ ഇന്ത്യയുടെ സ്‌കോർ 287 ലെത്തി. ആദ്യ മത്സരം തോറ്റ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമാകാതിരിക്കാൻ ഇന്ന് ജയം അനിവാര്യമാണ്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News