പുതിയ റോളിൽ സഞ്ജു എത്തുമോ; ശ്രീലങ്കക്കെതിരായ ടി20യിൽ ഗംഭീറിന് മുന്നിലുള്ള വെല്ലുവിളി
സിംബാബ്‌വെക്കെതിരെ അവസാനം കളിച്ച ടി20യിൽ അർധസെഞ്ച്വറി നേടിയ മലയാളി താരം മിന്നും ഫോമിലാണ്
കൊളംബോ: ഗൗതം ഗംഭീർ പരിശീലക ചുമതലയേറ്റെടുത്ത ശേഷമുള്ള ആദ്യ പരമ്പരക്ക് ഇന്ത്യ ശനിയാഴ്ച ഇറങ്ങും. ശ്രീലങ്കക്കെതിരായ ടി20 സീരിസിൽ മലയാളി താരം സഞ്ജു സാംസൺ ഇടംപിടിക്കുമോ. ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നതും ഈ ചോദ്യത്തിന് ഉത്തരം തേടിയാണ്. സിംബാബ്‌വെക്കെതിരെ അവസാനം കളിച്ച ടി20യിൽ അർധ സെഞ്ച്വറി നേടിയ സഞ്ജു നിലവിൽ മിന്നും ഫോമിലാണ്.
അതേസമയം, കഴിഞ്ഞ ടി20 ലോകകപ്പിലേതിന് സമാനമായി ഋഷഭ് പന്ത് വിക്കറ്റ് കീപ്പറായി ഇടംപിടിച്ചാൽ സഞ്ജുവിന്റെ വാതിലുകൾ അടയുമോയെന്ന ആശങ്കയുമുണ്ട്. എന്നാൽ സഞ്ജുവും പന്തും ഒരുമിച്ച് കളിക്കുമെന്ന വിദൂര സാധ്യതയും മുന്നിലുണ്ട്. ഇക്കാര്യത്തിൽ ഗംഭീറിന്റെ നിലപാട് നിർണായകമാകും. പന്ത് വിക്കറ്റ് കീപ്പറായി ടീമിലിടം പിടിച്ചാൽ സ്‌പെഷ്യലിസ്റ്റ് ബാറ്ററായി ഫിനിഷറുടെ റോളിലാകും മലയാളി താരം ക്രീസിലെത്തുക. ഓപ്പണർമാരായി ശുഭ്മാൻ ഗിലും യശസ്വി ജയ്‌സ്വാളും എത്തുമെന്ന കാര്യം ഉറപ്പാണ്. വൺഡൗണിൽ പന്ത് തന്നെ ഇറങ്ങാനാണ് സാധ്യത. നാലാം നമ്പറിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവും കളത്തിലിറങ്ങും. അഞ്ചാമനായി ഹാർദിക് പാണ്ഡ്യയോ സഞ്ജു സാംസണോ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ കഴിഞ്ഞ ടി20യിൽ കളിച്ച ശിവം ദുബെ, റിങ്കു സിങ് എന്നിവരും അവസരം കാത്തിരിക്കുന്നുണ്ട്. ഇവരെ മറികടന്ന് വേണം സഞ്ജുവിന് ആദ്യ ഇലവനിലേക്കെത്താൻ.
കഴിഞ്ഞ ടി 20 ലോകകപ്പ് ടീമിൽ ഇടംപിടിച്ച ഋഷഭ് പന്ത് അമേരിക്കയിലും വെസ്റ്റിൻഡീസിലുമായി 171 റൺസാണ് സ്‌കോർ ചെയ്തത്. ഇന്ത്യയുടെ മൂന്നാമത്തെ ടോപ് സ്‌കോററുമായി. ഈ സാഹചര്യത്തിൽ പന്തിനെ പുറത്തിരുത്താൻ ഗംഭീർ-സൂര്യ കൂട്ടുകെട്ട് തയാറായേക്കില്ല.വരുന്ന ടി 20 ലോകകപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള ടീമിനെയാണ് ഒരുക്കുന്നതെന്ന് ഗംഭീർ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. അതിനാൽ ഓരോ മത്സരങ്ങളും സഞ്ജുവിനും പന്തിനും നിർണായകമാണ്.
ഇതുവരെ 28 ടി20 മത്സരങ്ങളിലാണ് സഞ്ജു കളത്തിലിറങ്ങിയത്. കഴിഞ്ഞ ഐ.പി.എല്ലിൽ തുടരുന്ന ഫോം രാജ്യാന്തര ക്രിക്കറ്റിലും തുടരാനായാൽ ടി20യിൽ സ്ഥിരസാന്നിധ്യമാകാനും മലയാളി താരത്തിനാകും. അതുവഴി ഏകദിന ടീമിലേക്കുള്ള വഴിയുമൊരുങ്ങും. ഇതുവരെ 74 ടി20യിൽ കളിച്ചിട്ടുള്ള പന്ത് ഇതുവരെ നേടിയത് മൂന്ന് അർധ സെഞ്ച്വറിയാണ്. 22 ആണ് ബാറ്റിങ് ശരാശരി. ടെസ്റ്റ്,ഏകദിന കരിയർ അപേക്ഷിച്ച് ടി20യിൽ അത്രമികച്ചതല്ല പന്തിന്റെ റെക്കോർഡ്. നീണ്ട പരിക്കിന് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ ഡൽഹിക്കാരനും ശ്രീലങ്കൻ പര്യടനത്തിൽ ഫോം കണ്ടെത്തണം.