രോഹിത് ശർമ്മക്ക് ഇങ്ങനെയുമൊരു റെക്കോർഡോ?

ലോകേഷ് രാഹുൽ അഞ്ച് തവണയും വിരാട് കോഹ്‌ലി നാല് തവണയുമാണ് പൂജ്യത്തിന് പുറത്തായത്.

Update: 2022-10-05 07:13 GMT
Editor : rishad | By : Web Desk
Advertising

മുംബൈ: ക്രിക്കറ്റിൽ റെക്കോർഡുകൾക്ക് പഞ്ഞമില്ല. എങ്ങനെ വന്നാലും റെക്കോർഡ് ബുക്കിലേക്കാണ് പ്രവേശിക്കുക. റെക്കോർഡിൽ തന്നെ സുഖമുള്ളതും അല്ലാത്തതുമായ റെക്കോർഡുകളുണ്ട്. അതിൽ കേൾക്കാൻ സുഖമില്ലാത്തൊരു റെക്കോർഡാണ് രോഹിതിനെ തേടിയെത്തിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20യിലായിരുന്നു ആ റെക്കോർഡ്. മത്സരത്തിൽ രോഹിത് പൂജ്യത്തിനാണ് പുറത്തായത്.

രണ്ട് പന്തുകൾ നേരിട്ട രോഹിതിനെ റബാഡയാണ് പുറത്താക്കിയത്. ഈ ഗോൾഡൻ ഡക്കാണ് രോഹിതിനെ റെക്കോർഡിലേക്ക് എത്തിച്ചത്. അന്താരാഷ്ട്ര ടി20യിൽ പത്ത് തവണ പൂജ്യത്തിന് പുറത്താകുന്ന ആദ്യ ഇന്ത്യൻ ബാറ്ററെന്ന മോശം റെക്കോർഡാണ് രോഹിതിന്റെ പേരിലായത്. ഇന്ത്യൻ ക്രിക്കറ്റിലാരും പത്ത് തവണയൊന്നും പൂജ്യത്തിന് പുറത്തായിട്ടില്ല. വിരാട് കോഹ്‌ലിയും ലോകേഷ് രാഹുലും രോഹിതിന് പിന്നിലുണ്ടെങ്കിലും അടുത്തല്ല. ലോകേഷ് രാഹുൽ അഞ്ച് തവണയും വിരാട് കോഹ്‌ലി നാല് തവണയുമാണ് പൂജ്യത്തിന് പുറത്തായത്. അതുപോലെ മറ്റൊരു അനാവശ്യ റെക്കോർഡും രോഹിത് ചേർത്തിട്ടുണ്ട്.

ടി20യിൽ ഏറ്റവും തവണ ഒറ്റ അക്കത്തിൽ പുറത്തായ ബാറ്ററെന്ന റെക്കോർഡും രോഹിത് ശർമ്മയുടെ പേരിലാണ്. 43 തവണയാണ് അന്താരാഷ്ട്ര ടി20യിൽ രോഹിത് രണ്ടക്കം കാണുന്നതിന് മുമ്പെ പുറത്തായത്. മുൻ അയർലാൻഡ് ഓപ്പണർ കെവിൻ ഒബ്രിയന്റെ പേരിലായിരുന്നു ഇങ്ങനെയൊരു റെക്കോർഡ്. 42 തവണയാണ് ഒബ്രിയൻ രണ്ടക്കം കാണും മുമ്പെ പുറത്തായത്. ബംഗ്ലാദേശ് താരം മുഷ്ഫിഖുർ റഹീം(40) അഫ്ഗാനിസ്താന്റെ മുഹമ്മദ് നബി(39) പാക് മുൻ താരം ഷാഹിദ് അഫ്രീദി(37) എന്നിവരാണ് തൊട്ടുതാഴേയുള്ളവർ. ഇൻഡോറിൽ 49 റൺസിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം. ദക്ഷിണാഫ്രിക്ക ഉയർത്തിയ 227 എന്ന കൂറ്റൻ സ്‌കോറിന് മുന്നിൽ 178 റൺസെടുക്കാനെ ഇന്ത്യക്കായുള്ളൂ.

അതിനിടെ ഇന്ത്യയുടെ പത്ത് ബാറ്റർമാരേയും ദക്ഷിണാഫ്രിക്കൻ ബൗളർമാർ ഡ്രസിങ് റൂമിൽ എത്തിച്ചിരുന്നു. റൈലി റൂസോ(100)യാണ് ദക്ഷിണാഫ്രിക്കയുടെ വിജയശിൽപ്പി. 48 പന്തുകളിൽ നിന്ന് ഏഴ് ഫോറും എട്ട് സിക്‌സറും അടങ്ങുന്നതായിരുന്നു റൂസോയുടെ ഇന്നിങ്‌സ്. ഇന്ത്യൻ നിരയിൽ 46 റൺസ് നേടിയ ദിനേശ് കാർത്തികിന് മാത്രമെ പിടിച്ചുനിൽക്കാനായുള്ളൂ. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News