സഞ്ജുവിന്റെ അർധ സെഞ്ച്വറി പാഴായി;രാജസ്ഥാനെതിരെ ഡൽഹിക്ക് 20 റൺസ് ജയം

മുകേഷ് കുമാറിന്റെ ഓവറിൽ സഞ്ജുവിനെ ബൗണ്ടറി ലൈനിനരികെ അവിശ്വസിനീയമാംവിധം ഷായ് ഹോപ്‌ പുറത്താക്കിയത് മത്സരത്തിൽ വഴിത്തിരിവായി.

Update: 2024-05-07 18:32 GMT
Editor : Sharafudheen TK | By : Sports Desk
Advertising

ഡൽഹി: നായകൻ വീണു. പിന്നാലെ ടീമും. അത്യന്തം ആവേശകരമായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 20 റൺസ് ജയം. ഡൽഹി വിജയലക്ഷ്യമായ 222 റൺസ് പിന്തുടർന്നിറങ്ങിയ രാജസ്ഥാൻ പോരാട്ടം എട്ട് വിക്കറ്റ് നഷ്ടത്തിൽ 201ൽ അവസാനിച്ചു. രാജസ്ഥാൻ നിരയിൽ നായകൻ സഞ്ജു സാംസൺ( 46 പന്തിൽ 86) റൺസുമായി ടോപ്‌സ്‌കോററായി. നിർണായക സമയത്ത് മുകേഷ് കുമാറിന്റെ ഓവറിൽ സഞ്ജുവിനെ ബൗണ്ടറി ലൈനിനരികെ അവിശ്വസിനീയമാംവിധം ഷായ് ഹോപ്‌ പുറത്താക്കിയത് മത്സരത്തിൽ വഴിത്തിരിവായി. ഡൽഹി നിരയിൽ ഖലീൽ അഹമ്മദ്, മുകേഷ് കുമാർ, കുൽദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

സ്വന്തം തട്ടകമായ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഡൽഹി പടുത്തുയർത്തിയ 221 റൺസിന് മറുപടി ബാറ്റിങിനിറങ്ങിയ സഞ്ജുവിനും സംഘത്തിനും തുടക്കം മികച്ചതായില്ല. ഫോമിലുള്ള യശസ്വി ജയ്‌സ്വാളിനെ സ്‌കോർബോർഡിൽ നാലു റൺസ് തെളിയും മു്ൻപെ നഷ്ടമായി. ഖലീൽ അഹമ്മദിന്റെ പന്തിൽ അക്‌സർ പട്ടേൽ പിടിച്ചാണ് ജയ്‌സ്വാൾ(4) മടങ്ങിയത്. പിന്നാലെ ക്രീസിലെത്തിയ സഞ്ജു സാംസൺ ടീമിന്റെ ഭാരം ഒറ്റക്ക് ചുമലിലേന്തി. മറുവശത്ത് ജോഷ് ഭട്‌ലർ റൺസ് കണ്ടെത്താൻ പ്രയാസപ്പെട്ടപ്പോൾ കൃത്യമായി സിക്‌സറും ഫോറും പായിച്ച് സഞ്ജു റൺറേറ്റുയർത്തി. പവർപ്ലെയുടെ അഞ്ചാംപന്തിൽ സ്‌കോർ 67ൽ നിൽക്കെ ബട്‌ലറിനെ(19) നഷ്ടമായത് വലിയ തിരിച്ചടിയായി. തുടർന്ന് ക്രീസിലെത്തിയ റയാൻ പാരാഗുമായി ചേർന്ന് സഞ്ജു മറ്റൊരു പാർട്ണർഷിപ്പ് പടുത്തുയർത്തി. എന്നാൽ ഇംപാക്ട് പ്ലെയർ റാസിഖ് സലിമിന്റെ ഓവറിൽ പരാഗ്(27) ക്ലീൻ ബൗൾഡായി. തുടർന്ന് ശുഭം ഡുബെ(12 പന്തിൽ 25), റോമൻ പവൽ(13) എന്നിവരും ഫിനിഷറുടെ റോളിൽ അവതരിക്കാതെവന്നതോടെ രാജസ്ഥാൻ സീസണിലെ മൂന്നാംതോൽവി നേരിട്ടു. ഇതോടെ പോയന്റ് ടേബിൾ രണ്ടാംസ്ഥാനത്ത് തന്നെ തുടരേണ്ടിവന്നു.

നേരത്തെ ഫ്രേസർ മക്ഗർകിന്റേയും അഭിഷേക് പൊറേലിന്റേയും അർധസെഞ്ച്വറി കരുത്തിലാണ് ഡൽഹി എട്ട് വിക്കറ്റ് നഷ്ടത്തിൽ 221 റൺസിന്റെ കൂറ്റൻ സ്‌കോർ പടുത്തുയർത്തിയത്. ഓപ്പണർമാരായ ഓസീസ് താരം മക്ഗർകും അഭിഷേകും ചേർന്ന് ആദ്യ പന്തുമുതൽ തകർത്തടിച്ചതോടെ റണ്ണൊഴുകി. ആവേശ് ഖാൻ എറിഞ്ഞ അഞ്ചാം ഓവറിൽ 28 റൺസാണ് ഫ്രേസർ അടിച്ചെടുത്തത്. 19 പന്തിൽ അർധസെഞ്ച്വറി തികച്ചു. 4 ഓവറിൽതന്നെ 60 പിന്നിട്ട് വലിയ ടോട്ടലിലേക്ക് നീങ്ങവെ രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ ആർ അശ്വിനെ കൊണ്ടുവന്ന് ആദ്യ ബ്രേക് ത്രൂ നേടിയെടുത്തു. അൻപത് റൺസിൽ നിൽക്കെ ഫ്രേസറിനെ അശ്വിൻ ഫെറാറിയയുടെ കൈകളിലെത്തിച്ചു.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News