അടിതുടങ്ങിയാൽ നിർത്തില്ല; ഹൈദരാബാദ് ഇക്കുറിയും ഒരുങ്ങിത്തന്നെ


ഈ ടീം അക്ഷരാർത്ഥത്തിൽ ഒരു റൈഫിൾ ക്ലബാണ്. പിസ്റ്റളും പോക്കറ്റ് ഡൈനാമെറ്റും മുതൽ മെഷീൻ ഗണ്ണുകൾ വരെ ഈ ടീമിലുണ്ട്. പോയ വർഷം ഐപിഎൽ രാവുകളെ പൂരപ്പറമ്പറാക്കിയ ഹൈദരാബാദ് സംഘം ഇക്കുറിയും രണ്ടും കൽപ്പിച്ചാണ്.
ബൗളറുടെ ബ്രാൻഡോ പിച്ചിന്റെ രൂപമോ നോക്കാതെ ആദ്യ പന്തുമുതൽ അടിച്ചുതുടങ്ങുക. പോയ സീസണിൽ ഹൈദരാബാദിന്റെ ഗെയിം പ്ലാൻ ഇതായിരുന്നു. അതിനൊത്ത ബാറ്റിങ് ലൈനപ്പും അവർക്ക് കിട്ടി. അഭിഷേകും ഹെഡും ക്ലാസനുമെല്ലാം നിറഞ്ഞാടിയതോടെ ഐപിഎല്ലിൽ അവർ പുതിയ ബെഞ്ച് മാർക്കുകൾ സെറ്റ് ചെയ്തുവെച്ചു. 2008 മുതലുള്ള ഐ.പി.എൽ സീസണുകളിലായി 250ന് മുകളിൽ സ്കോർ പിറന്നത് രണ്ടുതവണ മാത്രമായിരുന്നു. എന്നാൽ പോയ സീസണിൽ 250 അവർ പൂപറിക്കും ലാഘവത്തിലാണ് നേടിയെടുത്തത്.പോയ സീസണിൽ മാത്രം അവർ മൂന്ന് തവണ 250 പിന്നിട്ടു. വേണ്ടിവന്നാൽ 300ഉം അടിക്കാൻ ത്രാണി തങ്ങൾക്കുണ്ടെന്നും അവർ തെളിയിച്ചു. ഹൈദരാബാദിന്റെ അടി കണ്ട് എതിർടീമുകൾ വരെ ഉണർന്നു എന്നതാണ് സത്യം. 2021ലും 2022ലും എട്ടാം സ്ഥാനത്തും 2023ൽ പത്താംസ്ഥാനത്തുമായി നനഞ്ഞപടക്കമായിരുന്നവർ പോയ സീസണിൽ മൈതാനങ്ങളെ പൂരപ്പറമ്പാക്കി.
പോയ വർഷത്തെ അടി ഇക്കുറിയും തുടരുക തന്നെയാണ് ഹൈദരാബാദിന്റെ ലക്ഷ്യം. ട്രാവിസ് ഹെഡ്, ഹെന്റിച്ച് ക്ലാസൻ, അഭിഷേക് ശർമ, നിതീഷ് കുമാർ റെഡ്ഡി... പോയവർഷത്തെ വെടിക്കെട്ടുകാരെല്ലാം അതുപോലെ അവിടെയുണ്ട്. ഇവർക്കെല്ലാം പോയ ഐപിഎല്ലിന് ശേഷം വീര്യം കൂടിയിട്ടേ ഉള്ളൂ. കൂടാതെ അതിലേക്ക് വിക്കറ്റ് കീപ്പറായി ഇഷാൻ കിഷനെയും ചേർത്തു. പോക്കറ്റ് ഡൈനാമിറ്റ് എന്ന് വിളിപ്പേരുള്ള ഇഷാനും ഈ സ്ക്വാഡിന് ചേർന്നവൻ തന്നെ.
ഓപ്പണറോ മിഡിൽ ഓർഡേറാ ഫിനിഷറോ എന്ന ഭേദവ്യത്യാസമില്ലാതെ എല്ലാവരും ബിഗ്ഹിറ്റുകൾക്ക് കെൽപ്പുള്ളവരാണ് എന്നതാണ് ഇവരുടെ ശക്തി. വിദേശതാരങ്ങളും ഇന്ത്യൻ താരങ്ങും ഒരുപോലെ ബിഗ്ഹിറ്റർമാർ. അഥവാ അക്ഷരാർത്ഥത്തിൽ ഒരു മാലപ്പടക്കം. ഒരറ്റത്ത് നിന്ന് പൊട്ടിത്തുടങ്ങിയാൽ അതിന്റെ തീ അടുത്തതിലേക്ക് കൈമാറിപ്പോകും.
ഒരു കാലത്ത് എസ്ആർച്ച് ബൗളിങ് ടീമായാണ് അറിയപ്പെട്ടിരുന്നത്. ഇപ്പോൾ ആ മേൽവിലാസം മാറിയിട്ടുണ്ടെങ്കിലും അവർ ബൗളിങ്ങിലും മോശക്കാരല്ല. ക്യാപ്റ്റൻ കമ്മിൻസിനൊപ്പം ഇന്ത്യൻ ഹീറോ മുഹമ്മദ് ഷമി ചേരുന്നു. കൂടെ ഐപിഎല്ലിൽ വലിയ അനുഭവ സമ്പത്തുള്ള ജയ്ദേവ് ഉനദ് കഠും ഹർഷൽ പട്ടേലുമുണ്ട്. സ്പിന്നർമാരായി ആഡം സാമ്പയും രാഹുൽ ചഹാറും. നിതീഷ് കുമാർ റെഡ്ണിക്ക് പന്തെടുക്കാനും കമ്മിൻസിന് ബാറ്റെടുക്കാനും പ്രാപ്തിയുള്ളത് ടീമിനെ കൂടുതൽ ബാലൻസ്ഡാക്കുന്നു. പിച്ചിനും സാഹചര്യങ്ങൾക്കും അനുസരിച്ച് ടീമിനെ മാറ്റിപ്പരീക്ഷിക്കാനാണ് സാധ്യത. ഷമിയുടെ പരിക്കും ഹർഷലും ഉനക്ട്ടും ഒട്ടും കൺസിസ്റ്റന്റല്ലാത്തതും ബൗളിങ്ങിൽ ആശങ്കയാണ്. റൺസ് വിട്ടുകൊടുക്കാൻ പിശുക്കനായ ഒരു ബൗളറുടെ അഭാവം അവർക്കുണ്ട്.
സിമർജീത്ത് സിങ്, അനികേത് വർമ, സച്ചിൻബേബി, അഥർവ ടെയ്ഡേ, സീഷൻ അൻസാരി എന്നീ ഇന്ത്യൻ താരങ്ങളും കമിന്ദു മെൻഡിസ്, റ്യാൻ മൾഡർ, ഇഷാൻ മലിംഗ എന്നീ വിദേശതാരങ്ങൾ റിസർവിലുമുണ്ട്.