ഐ.പി.എല്ലിന്റെ ബ്രാൻഡ് വാല്യൂ 135,000 കോടി രൂപ, ടീമുകളിൽ മുന്നിൽ ചെന്നൈ
ഐ.പി.എല്ലിന്റെയും ടീമുകളുടെയും വിപണിമൂല്യം പുറത്തുവിട്ട് അന്താരാഷ്ട്ര നിക്ഷേപക ബാങ്കായ ഹൗലിഹൻ ലോകേ. ഐ.പി.എല്ലിന്റെ ബ്രാൻഡ് വാല്യൂ 6.3 ശതമാനം ഉയർന്ന് 16.4 ബില്യൺ യു.എസ് ഡോളർ അഥവാ 135,000 കോടി രൂപയായി. പോയ വർഷത്തേക്കാളും 28,000 കോടി രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു.
ടീമുകളിൽ മുന്നിലുള്ളത് 231.0 മില്യൺ യു.എസ് ഡോളർ മൂല്യമുള്ള ചെന്നൈ സൂപ്പർ കിങ്സാണ്. 227.0 മില്യണുമായി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവാണ് രണ്ടാമത്. കിരീട വിജയത്തോടെ 19.30%ത്തിന്റെ വർധനവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മുന്നാം സ്ഥാനത്തേക്ക് കയറിയപ്പോൾ അഞ്ചുതവണ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ് നാലാമതായി.
2024 മുതൽ 2028 വരെയുള്ള ടൈറ്റിൽ സ്പോൺസർഷിപ്പ് ടാറ്റ ഗ്രൂപ്പ് നേടിയെടുത്തത് 2,500 കോടി രൂപക്കാണ്. ഒരു സീസണിൽ 335 കോടിയെന്ന കണക്കിനേക്കാൾ 50% അധികതുകയിലാണ് പുതിയ കരാർ. കൂടാതെ ഐ.പി.എല്ലിലൂടെ ബ്രാൻഡുകൾ തങ്ങളുടെ മൂല്യം വർധിപ്പിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.