'അവസരത്തിനൊത്ത ഇന്നിങ്‌സ്; സഞ്ജുവിനെയും ദേവ്ദത്ത് പടിക്കലിനെയും പുകഴ്ത്തി സംഗക്കാര
23 റൺസാണ് സഞ്ജു നേടിയത്. 12 പന്തുകളിൽ നിന്ന് നാല് ബൗണ്ടറികളടങ്ങുന്നതായിരുന്നു ഇന്നിങ്സ്
മുംബൈ: കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണിന്റെ ഇന്നിങ്സിനെ പ്രശംസിച്ച് പരിശീലകൻ കുമാർ സംഗക്കാര. ഒരു ഘട്ടത്തിൽ ഏഴ് പന്തിൽ 20 റൺസെന്ന നിലയിലായിരുന്നു സഞ്ജു, റൺചേസിങിലെ താളം നഷ്ടപ്പെടുത്താത്ത നിലയിലുള്ള ഇന്നിങ്‌സ്- സംഗക്കാര പറഞ്ഞു. മത്സരത്തിൽ ദേവ്ദത്ത് പടിക്കലിന്റെ ഇന്നിങ്‌സിനെയും സംഗക്കാര പ്രശംസിച്ചു. ആ സമയത്ത് കളിക്കേണ്ട രീതിയിൽ തന്നെയാണ് ദേവ്ദത്ത് പടിക്കൽ ബാറ്റേന്തിയത്- സഹതാരങ്ങളുടെ കരഘോഷങ്ങൾക്കിടെ സംഗക്കാര പറഞ്ഞു.
മത്സര ശേഷമുള്ള ടീം മീറ്റിങിലായിരുന്നു സംഗക്കാരയുടെ വിലയിരുത്തൽ. ഇതിന്റെ വീഡിയോ രാജസ്ഥാൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. മത്സരത്തിൽ 23 റൺസാണ് സഞ്ജു നേടിയത്. 12 പന്തുകളിൽ നിന്ന് നാല് ബൗണ്ടറികളടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്. ദേവ്ദത്ത് പടിക്കലും മികച്ച രീതിയിൽ ബാറ്റേന്തി. 32 പന്തുകളിൽ നിന്ന് മൂന്ന് ബൗണ്ടറികളുൾപ്പെടെ നേടിയത് 31 റൺസ്.
മത്സരത്തിൽ ആറു വിക്കറ്റിനായിരുന്നു രാജസ്ഥാൻ റോയൽസിന്റെ വിജയം. പഞ്ചാബ് കിങ്‌സ് ഉയർത്തിയ 190 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാൻ 19.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. 68 റൺസ് നേടിയ യശ്വസി ജയ്‌സ്വാളാണ് രാജസ്ഥാന്റെ ടോപ് സ്‌കോറർ. ജോസ് ബട്ട്‌ലർ 30 റൺസ് നേടി. 16 പന്തിൽ 31 റൺസ് നേടിയ ഷിംറോൺ ഹെറ്റ്മയറിന്റെ ഫിനിഷിങും രാജസ്ഥാന്റെ രക്ഷക്കെത്തി.
പതിനൊന്ന് മത്സരങ്ങളിൽ നിന്ന് 14 പോയിന്റുമായി രാജസ്ഥാൻ മൂന്നാം സ്ഥാനത്താണ്. അത്രയും മത്സരങ്ങളിൽ നിന്ന് 16 പോയിന്റുമായി ലക്‌നൗ സൂപ്പർ ജയന്റ്‌സാണ് ഒന്നാം സ്ഥാനത്ത്. അത്രയും പോയിന്റുമായി ഗുജറാത്ത് ടൈറ്റൻസ് രണ്ടാം സ്ഥാനത്തും ഉണ്ട്. മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർകിങ്‌സ് എന്നീ ടീമുകൾ ടൂർണമെന്റിൽ നിന്ന് പുറത്തായിക്കഴിഞ്ഞു. ആർ.സി.ബി, ഡൽഹി കാപ്പിറ്റൽസ് എന്നിവരും പ്ലേ ഓഫിനായി രംഗത്തുണ്ട്.
Sanju's power-hitting. 💪
— Rajasthan Royals (@rajasthanroyals) May 8, 2022
Devdutt's stability. 🧘♂️
Appreciation where it's due. 🙌 #PBKSvRR pic.twitter.com/TJAsyl5Zhx
Summary- Kumar Sangakkara reaction about Sanju Samson and Devdutt Padikkal