'പുജാരയേയും അയ്യരേയും കണ്ടു പഠിക്ക്'; ഇന്ത്യൻ ബാറ്റർമാരോട് രോഹിത് ശർമ
ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിൽ ഓസീസ് ഒമ്പതു വിക്കറ്റിന്റെ വിജയം കുറിച്ചിരുന്നു
ഇന്‍ഡോര്‍: ബോർഡർ ഗവാസ്‌കർ സീരീസിലെ മൂന്നാം മത്സരത്തിൽ ആസ്‌ട്രേലിയക്കെതിരെ തോൽവി വഴങ്ങിയതോടെ ഇന്ത്യൻ ബാറ്റർമാർക്ക് ഉപദേശവുമായി ക്യാപ്റ്റൻ രോഹിത് ശർമ. ഇൻഡോറിലേത് പോലൊരു പിച്ചിൽ ബാറ്റ് ചെയ്യേണ്ടത് എങ്ങനെയാണെന്ന് ചേതേശ്വർ പുജാരയേയും ശ്രേയസ് അയ്യരേയും പോലുള്ള ബാറ്റർമാരിൽ നിന്ന് കണ്ട് പഠിക്കണം എന്ന് ക്യാപ്റ്റൻ പറഞ്ഞു.
''ഇത് പോലുള്ള പിച്ചുകളിൽ കളിക്കുമ്പോൾ ശ്രേയസ് അയ്യർ കളിച്ചത് പോലെ കളിക്കണം. ബോളർമാരെ ആക്രമിച്ച് കളിക്കേണ്ട ഘട്ടത്തിൽ അങ്ങനെ തന്നെ കളിക്കണം. എല്ലാ സമയത്തും എല്ലാ ബാറ്റർമാർക്കും വലിയ ഷോട്ടുകൾ കളിക്കാനായിക്കൊള്ളണം എന്നില്ല. അത് പോലുള്ള ഘട്ടങ്ങളിൽ നിങ്ങൾ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കണം. മറുവശത്ത് നിങ്ങൾക്ക് പുജാരയെ പോലൊരു കളിക്കാരനുണ്ട്. മൈതാനത്ത് അധിക നേരം ചിലവഴിക്കാൻ അയാൾ ശ്രമിക്കുന്നു.എല്ലാവരും അങ്ങനെ ചെയ്യണമെന്നമല്ല പറഞ്ഞത്. നിങ്ങൾ നിങ്ങളുടേതായ ശൈലി കണ്ടെത്തണം. അത് ഓപ്പണറാണെങ്കിലും അവസാനം ഇറങ്ങുന്നവരാണെങ്കിലും''- രോഹിത് ശര്‍മ പറഞ്ഞു. രണ്ടാം ഇന്നിങ്സില്‍ പുജാര അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ ശ്രേയസ് അയ്യര്‍ 26 റണ്‍സ് എടുത്തിരുന്നു.
സ്പിന്‍ കുഴിയില്‍ വീണ് ഇന്ത്യ
ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിൽ ഒമ്പതു വിക്കറ്റിന്റെ ഗംഭീര വിജയവുമായി ആസ്‌ട്രേലിയ. വിജയലക്ഷ്യമായ 76 റൺസ് ഒരു വിക്കറ്റ് നഷ്ടത്തിൽ സന്ദർശകർ മറികടന്നു. ഇന്ത്യയുടെ എട്ടു വിക്കറ്റുകൾ പിഴുത നഥാൻ ലിയോണാണ് ഓസീസിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്. നാലു മത്സരങ്ങളുടെ പരമ്പര ഇതോടെ 1-2 എന്ന നിലയിൽ ഇന്ത്യ പിന്നിലായി.
മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഓസീസ് തിരിച്ചടിയോടെയാണ് തുടങ്ങിയത്. രണ്ടാം പന്തിൽ തന്നെ ഓപണർ ഉസ്മാൻ ഖ്വാജയെ പൂജ്യത്തിന് പുറത്താക്കി ആർ അശ്വിനാണ് ഞെട്ടിച്ചത്. എന്നാൽ ഹെഡും ലബുഷെയ്‌നും സമ്മർദ്ദത്തെ അതിജീവിച്ചു. 53 പന്തിൽ നിന്ന് 49 റൺസാണ് ഹെഡ് അടിച്ചെടുത്തത്. ലബുഷെയ്ൻ 28 റൺസെടുത്തു.
രണ്ടാം ഇന്നിങ്‌സിൽ 163 റൺസ് മാത്രമാണ് ഇന്ത്യക്ക് നേടാനായിരുന്നത്. ചേതേശ്വർ പുജാര ഒഴിച്ചുള്ള ബാറ്റ്‌സ്മാന്മാർക്കൊന്നും സ്പിന്നിന് മേധാവിത്വമുള്ള പിച്ചിൽ പിടിച്ചുനിൽക്കാനായില്ല. 142 പന്ത് നേരിട്ട പുജായ 59 റൺസെടുത്തു. 26 റൺസെടുത്ത ശ്രേയസ് അയ്യർ, രവിചന്ദ്ര അശ്വിൻ (16), അക്‌സർ പട്ടേൽ (15) എന്നിവരാണ് മറ്റു പ്രധാന സ്‌കോറർമാർ. വിരാട് കോലി 13 ഉം രോഹിത് ശർമ്മ 12 ഉം റൺസെടുത്ത് പുറത്തായി. 23.3 ഓവറിൽ 64 റൺസ് വിട്ടുകൊടുത്താണ് ലിയോൺ എട്ടുവിക്കറ്റ് വീഴ്ത്തിയത്.
ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ 109 റൺസാണ് എടുത്തിരുന്നത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 197 റൺസ് നേടി. എന്നാൽ രണ്ടാം ഇന്നിങ്‌സിൽ കാര്യമായ മേധാവിത്വം നേടാൻ ഇന്ത്യൻ ബാറ്റ്‌സ്മാന്മാർക്കായില്ല. 163 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്താകുകയായിരുന്നു. ഇതോടെ മൂന്നു ദിവസവും പത്തു വിക്കറ്റും ശേഷിക്കെ ആസ്‌ട്രേലിയയ്ക്ക് 76 റൺസ് മാത്രമായി മാറി വിജയലക്ഷ്യം.വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ആസ്‌ട്രേലിയ ഫൈനലിലേക്ക് യോഗ്യത നേടി. മാർച്ച് ഒമ്പതിന് അഹമ്മദാബാദിലാണ് നാലാം ടെസ്റ്റ്.