പേസിൽ പതറി മുംബൈ ഇന്ത്യൻസ്; ഗുജറാത്ത് ടൈറ്റൻസിന് 36 റൺസ് ജയം, മുംബൈക്ക് രണ്ടാം തോൽവി
ഗുജറാത്ത് താരം പ്രസിദ്ധ് കൃഷ്ണ 4 ഓവറിൽ 18 റൺസ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി


അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസിന്റെ പേസ് ആക്രമണത്തിൽ വീണ് മുംബൈ ഇന്ത്യൻസ്. സ്വന്തം തട്ടകമായ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ ആദ്യം ബാറ്റിങിനിറങ്ങിയ ഗുജറാത്ത് ഉയർത്തിയ 197 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ മുംബൈ പോരാട്ടം 160ൽ അവസാനിച്ചു. മുംബൈക്കായി സൂര്യകുമാർ യാദവ് 48 റൺസെടുത്തു. ആതിഥേയർക്കായി പ്രസിദ്ധ്കൃഷ്ണ നാല് ഓവറിൽ 18 റൺസ് വിട്ട് കൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജും രണ്ട് വിക്കറ്റുമായി മികച്ചുനിന്നു. സ്‌കോർ: മുംബൈ 20 ഓവറിൽ 196-8, ഗുജറാത്ത് ടൈറ്റൻസ് 20 ഓവറിൽ 160-6
ടൈറ്റൻസിനെതിരെ 197 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. ഇന്നിങ്‌സിലെ നാലാം പന്തിൽ രോഹിത് ശർമയെ(8) ക്ലീൻബൗൾഡാക്കി മുഹമ്മദ് സിറാജ് ടൈറ്റൻസിന് സ്വപ്‌ന തുടക്കം നൽകി. രണ്ട് ബൗണ്ടറിയുമായി തുടങ്ങിയ ഹിറ്റ്മാനെ മികച്ചൊരു സ്വിങ്ബൗളിൽ സിറാജ് പുറത്താക്കുകയായിരുന്നു. തൊട്ടുപിന്നാലെ റ്യാൻ റിക്കിൾട്ടണേയും (6) സിറാജ് ബൗൾഡാക്കി. തുടർന്ന് ഒത്തുചേർന്ന തിലക് വർമ-സൂര്യകുമാർ യാദവ് സഖ്യം ടീമിന് പ്രതീക്ഷ നൽകിയെങ്കിലും പ്രിസിദ്ധ്കൃഷ്ണ നിർണായക ബ്രേക്ക്ത്രൂ നൽകി. 39 റൺസെടുത്ത തിലക് വർമ രാഹുൽ തെവാട്ടിയയുടെ കൈകളിൽ അവസാനിച്ചു. ഇംപാക്ട് പ്ലെയറായെത്തിയ റോബിൻ മിൻസിനും(3) കാര്യമായൊന്നും ചെയ്യാനായില്ല. ഒരു വശത്ത് സൂര്യകുമാർ യാദവ്(28 പന്തിൽ 48) തകർത്തടിച്ചെങ്കിലും മികച്ചപിന്തുണയുമായി ആരുമുണ്ടായില്ല. ഒടുവിൽ സൂര്യയും പ്രസിദ്ധിന്റെ ബൗളിൽ മടങ്ങിയതോടെ മുൻ ചാമ്പ്യൻമാർ രണ്ടാം തോൽവി മണത്തു. ഹാർദിക് പാണ്ഡ്യ(17 പന്തിൽ 11) റൺസെടുത്ത് മടങ്ങി. മധ്യഓവറുകളിൽ പ്രസിദ്ധ്കൃഷ്ണയെറിഞ്ഞ ഓവറുകളിൽ റൺസ് കണ്ടെത്താൻ മുംബൈക്കായില്ല. കഗിസോ റബാഡെയും മുഹമ്മദ് സിറാജും കൂടി ചേർന്നതോടെ ഡെത്ത് ഓവറുകളിൽ മുംബൈയെ വരിഞ്ഞ്മുറുക്കാനായി
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്തിനെ സായ് സുദർശന്റെ (41 പന്തിൽ 63) ഇന്നിങ്‌സാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. ശുഭ്മാൻ ഗിൽ (38), ജോസ് ബട്ലർ (39) എന്നിവരും പിന്തുണ നൽകി. മുംബൈക്ക് വേണ്ടി ഹാർദിക് പാണ്ഡ്യ രണ്ട് വിക്കറ്റെടുത്തു. ഒന്നാം വിക്കറ്റിൽ ഗിൽ - സായ് സഖ്യം 78 റൺസ് കൂട്ടിചേർത്തു. തുടർന്നെത്തിയ ബട്ലറും നിർണായക സംഭാവന നൽകിയതോടെ സ്‌കോർ ഉയർന്നു. സുദർനൊപ്പം ചേർന്ന് 51 റൺസാണ് ബട്ലർ കൂട്ടിചേർത്തത്.