വീണ്ടും തകർത്തടിച്ച് നിക്കൊളാസ് പുരാൻ; ഗുജറാത്ത് കുതിപ്പ് അവസാനിപ്പിച്ച് ലഖ്നൗ

Update: 2025-04-12 14:29 GMT
Editor : safvan rashid | By : Sports Desk
വീണ്ടും തകർത്തടിച്ച് നിക്കൊളാസ് പുരാൻ; ഗുജറാത്ത് കുതിപ്പ് അവസാനിപ്പിച്ച് ലഖ്നൗ
AddThis Website Tools
Advertising

ലഖ്നൗ: തുടർച്ചയായ അഞ്ചാം ജയം തേടിയിറങ്ങിയ ഗുജറാത്ത് ടൈറ്റൻസിനെതിരെ ലഖ്നൗ സൂപ്പർ ജയന്റ്സിന് ആറ് വിക്കറ്റിന്റെ തകർപ്പൻ ജയം. ഗുജറാത്ത് ഉയർത്തിയ 180 റൺസ് പിന്തുടർന്ന ലഖ്നൗ 19.3 ഓവറിൽ വിജയലക്ഷ്യം നേടിയെടുത്തു. 31 പന്തിൽ 58 റൺസെടുത്ത എയ്ഡൻ മാർക്രമും 34 പന്തിൽ 61 റൺസെടുത്ത നിക്കൊളാസ് പുരാനുമാണ് ലഖ്നൗ ജയം എളുപ്പമാക്കിയത്. വിജയത്തോടെ ലഖ്നൗ എട്ടുപോയന്റുമായി മൂന്നാം സ്ഥാനത്തേക്ക് കയറി. അത്രതന്നെ പോയന്റുള്ള ഗുജറാത്ത് രണ്ടാംസ്ഥാനത്തേക്കിറങ്ങിയപ്പോൾ ഡൽഹി ഒന്നാം സ്ഥാനത്തേക്ക് കയറി.

ആദ്യം ബാറ്റുചെയ്ത ഗുജറാത്തിനായി സായ് സുദർശനും (37 പന്തിൽ56) ശുഭ്മാൻ ഗില്ലും (38 പന്തിൽ 60) മിന്നും തുടക്കമാണ് നൽകിയത്. 12 ഓവറിൽ 120 റൺസിലെത്തിയ ഗുജറാത്ത് മികച്ച സ്കോറിലേക്ക് മുന്നേറവേ ലഖ്നൗ ബൗളർമാർ തിരിച്ചടിച്ചു. സായ് സുദർശനും ഗില്ലും അടുത്തടുത്ത ഓവറുകളിൽ മടങ്ങി. തൊട്ടുപിന്നാലെയെത്തിയ ജോസ് ബട്‍ലർ (16), വാഷിങ്ടൺ സുന്ദർ (2), ഷെർഫെയ്ൻ റഥർഫോർഡ് (22) എന്നിവർക്കും കാര്യമായ സംഭാവനകൾ അർപ്പിക്കാനായില്ല.

മറുപടി ബാറ്റിങ്ങിൽ ലഖ്നൗക്കായി മാർക്രത്തിനൊപ്പം ക്യാപ്റ്റൻ ഋഷഭ് പന്താണ് ഓപ്പണറായെത്തിയത്. മകൾ അസുഖ ബാധിതയായതിനെത്തുടർന്ന് മിച്ചൽ മാർഷ് കളത്തിലിറങ്ങാത്തതിനാലാണ് പന്ത് ഓപ്പണറായി എത്തിയത്. 18 പന്തിൽ 21 റൺസായിരുന്നു പന്തിന്റെ സമ്പാദ്യം. എന്നാൽ ഒരറ്റത്ത് എയഡ്ൻ മാർക്രമും പിന്നാലെത്തിയ നിക്കൊളാസ് പുരാനും ആഞ്ഞടിച്ചതോടെ ലഖ്നൗ സ്കോർബോർഡ് കുതിച്ചുപാഞ്ഞു. ഇരുവരും പുറത്തായത് ലഖ്നൗക്ക് നേരിയ ആശങ്ക നൽകിയെങ്കിലും ആയുഷ് ബദോനി (20 പന്തിൽ 28) ടീമിനെ വിജയത്തിലെത്തിച്ചു.

ആറ് മത്സരങ്ങളിൽ നിന്നായി 349 റൺസെടുത്ത പുരാനാണ് ഓറഞ്ച് ക്യാപ്പിൽ മുന്നിലുള്ളത്. ലഖ്നൗക്കെതിരെ നേടിയ അർധ സെഞ്ച്വറിയോടെ 329 റൺസിലെത്തിയ സായ് സുദർശനെ മറികടന്നാണ് പുരാൻ ഓറഞ്ച് ക്യാപ്പ് തിരിച്ചുപിടിച്ചത്.  

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News