സൂര്യ മടങ്ങിയെത്തുമ്പോൾ മുംബൈ ഇന്ത്യൻസ് നിരയിൽ നിർണായകം ഈ താരത്തിന്റെ റോൾ
മുംബൈ ഐപിഎൽ പ്ലേ ഓഫിലെത്തിയ 2023 സീസണിൽ 16 കളികളിൽ നിന്ന് 605 റൺസാണ് സൂര്യ നേടിയത്. ഐപിഎല്ലിലൊട്ടാകെ 139 മത്സരങ്ങളിൽ നിന്നായി 43.21 ബാറ്റിങ് ശരാശരിയിൽ 3249 റൺസാണ് ആകെ നേട്ടം.
തുടർ തോൽവികളിൽ നിരാശ മൂടിയ അന്തരീക്ഷത്തിലേക്കാണ് പ്രതീക്ഷയുടെ തിരിനാളമായി സൂര്യകുമാർ യാദവ് എത്തുന്നത്. ഇതുവരെയുള്ളതെല്ലാം മറന്ന് ഐപിഎലിൽ പുതിയൊരു തുടക്കം ലക്ഷ്യമിടുന്ന മുംബൈ ഇന്ത്യൻസിന് ലോക ഒന്നാം നമ്പർ ബാറ്ററായ 'സ്‌കൈ'യുടെ വരവ് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. നാല് മാസത്തെ ഇടവേളക്ക് ശേഷം ക്രിക്കറ്റ് മൈതാനത്തേക്ക് മടങ്ങിയെത്തുമ്പോൾ താരത്തിനും തെളിയിക്കാൻ ഒരുപാടുണ്ട്. രണ്ട് മാസങ്ങൾക്കിപ്പുറം നടക്കുന്ന ട്വന്റി 20 ലോകകപ്പിന് മുൻപായി ഫോം വീണ്ടെടുക്കണം. പോയന്റ് ടേബിളിൽ അവസാന സ്ഥാനത്ത് നിൽക്കുന്ന മുംബൈയെ ഫ്രാഞ്ചൈസി ലീഗിലേക്ക് തിരിച്ചുകൊണ്ടുവരണം.
എന്തുകൊണ്ട് സ്‌കൈ മുംബൈക്ക് ഇത്രയും പ്രധാനപ്പെട്ട താരമാകുന്നു. സമീപകാലത്തെ ട്വന്റി 20 മത്സരങ്ങളിൽ താരത്തിന്റെ പ്രകടനം പരിശോധിച്ചാൽ ഇതിനുള്ള ഉത്തരം ലഭിക്കും. ഐപിഎല്ലിലും തകർപ്പൻ റെക്കോർഡാണ് 33 കാരനുള്ളത്. മുംബൈ ഐപിഎൽ പ്ലേ ഓഫിലെത്തിയ 2023 സീസണിൽ 16 കളികളിൽ നിന്ന് 605 റൺസാണ് സൂര്യ നേടിയത്. ഐപിഎല്ലിലൊട്ടാകെ 139 മത്സരങ്ങളിൽ നിന്നായി 43.21 ബാറ്റിങ് ശരാശരിയിൽ 3249 റൺസാണ് ആകെ നേട്ടം. ഒരു സെഞ്ച്വറിയും 21 അർധസെഞ്ച്വറിയും താരത്തിന്റെ അക്കൗണ്ടിലുണ്ട്.
ഇന്ത്യൻ സാഹചര്യങ്ങളിൽ ഈ വലംകൈയൻ ബാറ്ററോളം അപകടകാരിയായ മറ്റൊരു താരമില്ലെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. താരത്തിന്റെ 360 ഡിഗ്രി ബാറ്റിങ് ശൈലി നിരവധി മത്സരങ്ങളിലാണ് മുംബൈയുടെ രക്ഷക്കെത്തിയത്. ഏകദിന ലോകകപ്പിന് ശേഷം നടന്ന ദക്ഷിണാഫ്രിക്ക ടി20 പരമ്പരയ്ക്കിടെയാണ് സൂര്യയുടെ കണങ്കാലിന് പരിക്കേൽക്കുന്നത്. തുടക്കത്തിൽ ഏഴാഴ്ചത്തേക്ക് പുറത്തായിരുന്നു.
സൂര്യയുടെ തിരിച്ചുവരവ് മുംബൈ ബാറ്റിങ് നിരക്ക് നൽകുന്നത് പുത്തൻ ഊർജ്ജമാണ്. ഏതു സാഹചര്യത്തിലും ടീമിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിവുള്ള താരത്തെ സാഹചര്യമനുസരിച്ച് മധ്യനിരയിൽ എവിടെയും കളിപ്പിക്കാനാകും. കഴിഞ്ഞവർഷം നാലാമനായാണ് 33കാരൻ ക്രീസിലെത്തിയതെങ്കിൽ ഇത്തവണ വൺഡൗൺ പൊസിഷനിൽ ഇറങ്ങാനാണ് സാധ്യത കൂടുതൽ. രോഹിത്-ഇഷാൻ കിഷൻ നൽകുന്ന വൈബ്രന്റ് തുടക്കം മുന്നോട്ട് കൊണ്ടുപോകുകയെന്ന ദൗത്യമാകും താരത്തിന് ടീം മാനേജ്‌മെന്റ് ഏൽപ്പിക്കുക. സൂര്യയുടെ വരവോടെ യുവതാരം നമാൻ ധിറിന് ടീമിൽ സ്ഥാനം നഷ്ടമാകും. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും സൂര്യയുടെ അഭാവത്തിൽ മൂന്നാം നമ്പറിൽ ക്രീസിലെത്തിയ താരം ശരാശരി പ്രകടനം മാത്രമാണ് പുറത്തെടുത്തത്. നാലാം നമ്പറിലേക്കാണ് സ്‌കൈ മാറുന്നതെങ്കിൽ തിലക് വർമ്മക്ക് സ്ഥാനകയറ്റം ലഭിക്കും. കഴിഞ്ഞ മത്സരങ്ങളിൽ തിളങ്ങിയ താരത്തിന് സൂര്യയുടെ വരവോടെ സ്വതന്ത്രനായി കളിക്കാനുള്ള അവസരമാകും ഇതോടെ ഒരുങ്ങുക.
ഓപ്പണിങിൽ മികച്ച തുടക്കം ലഭിച്ചാലും മധ്യഓവറുകളിൽ റണ്ണൊഴുക്ക് അതേപടി ഉയർത്താനാവാത്തതാണ് മുംബൈ നേരിടുന്ന പ്രതിസന്ധി. കീറൻ പൊള്ളാർഡിന് പകരക്കാരനാകുമെന്ന് പ്രതീക്ഷിച്ച് ടീമിലെത്തിച്ച ഓസീസ് താരം ടിം ഡേവിഡ് നിരന്തരം പരാജയപ്പെടുന്നു. ഇതോടെ മറ്റൊരു ഓപ്ഷൻ തെരഞ്ഞെടുക്കേണ്ട സ്ഥിതിയിലാണ് മുംബൈ. അഫ്ഗാൻ വെടിക്കെട്ട് താരം മുഹമ്മദ് നബി, ദക്ഷിണാഫ്രിക്കൻ യുവതാരം ഡെവാൾഡ് ബ്രെവിസ്, വെസ്റ്റിൻഡീസ് ഓൾറൗണ്ടർ റൊമാരിയ ഷെപ്പാർഡ് താരങ്ങളുടെ നീണ്ടനിരതന്നെ മുംബൈ ബെഞ്ചിലുണ്ട്. ഇംപാക്ട് പ്ലെയറായി നെഹാൽ വദേരയെയേയും വരും മത്സരങ്ങളിൽ പരീക്ഷിച്ചേക്കും. കഴിഞ്ഞ സീസണിൽ രോഹിത്തിനു കീഴിൽ ശ്രദ്ധേയമായ പ്രകടനം നടത്തിയ താരത്തിന് ഹാർദിക് ഒരവസരം പോലും ഇതുവരെ നൽകിയിട്ടില്ല. ലോവർ ഓർഡറിൽ മികച്ച സംഭാവനകൾ നൽകാൻ വദേരയ്ക്കാവും.
നിലവിൽ മുംബൈ ഡ്രസിങ് റൂമിൽ പടർന്ന കറത്തുപുക മാറി മാനവും മനസും തെളിയാൻ ഒരു ജയം ടീമിന് അനിവാര്യമാണ്. ഹാർദിക് പാണ്ഡ്യയെ പുതിയ ക്യാപ്റ്റനാക്കിയതു മുതൽ സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെയാണ് ടീം കടന്നുപോകുന്നത്. പാണ്ഡ്യയുടെ ക്യാപ്റ്റൻസിയിൽ രോഹിത് ശർമ്മ അതൃപ്തനാണെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ട്്. ടീമിലെ സഹതാരത്തോടാണ് ഹിറ്റ്മാൻ നീരസം അറിയിച്ചത്. ടീമിലെ പലതീരുമാനങ്ങളേയും ചൊല്ലി ഡ്രസിങ് റൂമിലടക്കം തർക്കങ്ങളുണ്ടായെന്നും ടീം ഒത്തൊരുമയെ ബാധിച്ചെന്നും വാർത്തയുണ്ടായിരുന്നു. കൂടുതൽ പൊട്ടിതെറിയിലേക്ക് കാര്യങ്ങൾ നീങ്ങാതെ താൽകാലികമായി പ്രശ്‌ന പരിഹാരത്തിനുള്ള തീവ്ര ശ്രമത്തിലാണ് ടീം മാനേജ്‌മെന്റ്. ഞായറാഴ്ച ഡെൽഹി ക്യാപിറ്റൽസിന് എതിരെ സ്വന്തം തട്ടകമായ വാംഖഡെയിലാണ് ഈ സീസണിൽ മുംബൈ ഇന്ത്യൻസിന്റെ അടുത്ത പോരാട്ടം.