റൺവേട്ട തുടർന്ന് ബാബർ അസം: 3000 ക്ലബ്ബിലേക്ക്
ഗാലെയിൽ ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന ആദ്യ ടെസ്റ്റിലാണ് 3000 റൺസ് എന്ന പട്ടികയിലേക്ക് ബാബർ അസമും എത്തിയത്.
ഗാലെ: ടെസ്റ്റ് ക്രിക്കറ്റിൽ 3000 റൺസ് പൂർത്തിയാക്കി പാകിസ്താൻ നായകൻ ബാബർ അസം. ഗാലെയിൽ ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന ആദ്യ ടെസ്റ്റിലാണ് 3000 റൺസ് എന്ന പട്ടികയിലേക്ക് ബാബർ അസമും എത്തിയത്. തന്റെ 41ാം ടെസ്റ്റ് മത്സരമാണ് ശ്രീലങ്കയ്‌ക്കെതിരെ ബാബർ കളിക്കുന്നത്. 73 ടെസ്റ്റ് ഇന്നിങ്‌സുകളിൽ നിന്നായി 3,025 റൺസാണിപ്പോൾ ബാബറിന്റെ അക്കൗണ്ടിലുള്ളത്.
ഇതിൽ ഏഴ് സെഞ്ച്വറികളും 22 അർദ്ധ സെഞ്ച്വറികളും ഉൾപ്പെടുന്നു. മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സിൽ 119 റൺസാണ് ബാബർ നേടിയത്. നേരത്തെ ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ വാലറ്റത്തെ കൂട്ടുപിടിച്ചാണ് ബാബര്‍ അസം സെഞ്ചുറി തികച്ചത്. 244 പന്തില്‍ 11 ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു ബാബറിന്‍റെ ഇന്നിംഗ്‌സ്. രണ്ടാം ഇന്നിങ്‌സിലും ബാബറിന്റെ ബാറ്റിൽ നിന്ന് അർദ്ധ ശതകം പിറന്നു.
രണ്ടാം ഇന്നിങ്‌സിൽ 55 റൺസാണ് ബാബർ നേടിയത്. ക്യാപ്റ്റൻ എന്ന നിലയിൽ പാകിസ്താന് വേണ്ടി ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടുന്ന കളിക്കാരനാകാനും ബാബറിനായി. നിലവിൽ ഇൻസമാമുൽ ഹഖാണ് ഈ പട്ടികയിൽ മുന്നിലുള്ളത്. 9 സെഞ്ച്വറികൾ. ബാബർ അസമും ഈ പട്ടികയിലെത്തി. 9 സെഞ്ച്വറികളാണ് ബാബർ അസമിന്റെ പേരിലുമുള്ളത്.
അതേസമയം ആദ്യ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ പാകിസ്താന് ജയിക്കാൻ 35 റൺസ് മാത്രം മതി. സ്പിന്നർമാർ കളി തിരിച്ചപ്പോൾ പാകിസ്താന്റെ ആറു വിക്കറ്റുകൾ നഷ്ടമായിക്കഴിഞ്ഞു. നാല് വിക്കറ്റ് കൂടി എളുപ്പത്തിൽ വീഴ്ത്തനായാൽ ശ്രീലങ്കയ്ക്കും ജയിക്കാം. സെഞ്ച്വറിയോടെ നിലയുറപ്പിച്ച അബ്ദുള്ള ഷഫീഖിലാണ് പാകിസ്താന്റെ പ്രതീക്ഷകൾ. 144 റൺസാണ് ഷഫീഖ് നേടിയിരിക്കുന്നത്. സ്‌കോർബോർഡ് ചുരുക്കത്തിൽ: ശ്രീലങ്ക: 222, 337, പാകിസ്താൻ: 218-306-6
Summary-Pakistan skipper reaches 3000 Test runs