'വെടിക്കെട്ടുമായി ഫഖർ സമാൻ';ആസ്‌ത്രേലിയക്കെതിരെ പാകിസ്താന് മികച്ച സ്‌കോർ
ആസ്‌ത്രേലിയക്കായി മിച്ചൽ സ്റ്റാർക്ക് രണ്ടും കമ്മിൻസും സാമ്പയും ഓരോ വിക്കറ്റും നേടി
പാകിസ്താനെതിരെ ആസ്‌ത്രേലിയക്ക് 177 റൺസ് വിജയലക്ഷ്യം. നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി പാകിസ്താൻ 176 റൺസ് എടുത്തു. ഓപ്പണർ മുഹമ്മദ് റിസ്‌വാന്റെയും ഫഖർ സമാൻ സമാന്റെയും പ്രകടനമാണ് പാകിസ്താന് മികച്ച സ്‌കോർ സമ്മാനിച്ചത്.
റിസ്‌വാൻ 67 റൺസും ഫഖർ സമാൻ പുറത്താകാതെ 55 റൺസും നേടിയപ്പോൾ ക്യാപ്റ്റൻ ബാബർ അസം 39 റൺസ് നേടി. ഇന്നിങ്‌സിന്റെ 17ാം ഓവർ വരെ പാകിസ്താൻ കൂറ്റൻ സ്‌കോറിലേക്ക് പോകുമെന്ന് തോന്നിച്ചെങ്കിലും അവസാന ഓവറിൽ ആസ്‌ത്രേലിയൻ ബോളർമാർ പുറത്തെടുത്ത മികച്ച പ്രകടനമാണ് സ്‌കോർ 176 ലേക്ക് ചുരുക്കിയത്.
ആസ്‌ത്രേലിയക്കായി മിച്ചൽ സ്റ്റാർക്ക് രണ്ടും കമ്മിൻസും സാമ്പയും ഓരോ വിക്കറ്റും നേടി. ടോസ് നേടിയ ആസ്ത്രേലിയ പാകിസ്താനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മാറ്റങ്ങളില്ലാതെയാണ് ഇരു ടീമുകളും കളത്തിലിറങ്ങിയത്. ആസ്ത്രേലിയ പ്രാഥമികഘട്ടത്തിൽ ഇംഗ്ലണ്ടിനോട് തോറ്റിരുന്നെങ്കിൽ കളിച്ച അഞ്ച് മത്സരങ്ങളും ജയിച്ചാണ് പാകിസ്താൻ സെമിയിലെത്തിയത്.