ദക്ഷിണാഫ്രിക്കയ്ക്കായി കളിച്ചത് നാല് ടി20: ചെന്നൈ ടീമിലെത്തിച്ച മഗല 'പുലി'
അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്ക്കാണ് മഗല ധോണിയുടെ കീഴിലെത്തുന്നത്
ചെന്നൈ: പരിക്കേറ്റ കെയ്ൽ ജാമിസണിന് പകരക്കാരനായി ചെന്നൈസൂപ്പര്‍കിങ്സ് ഉള്‍പ്പെടുത്തിയത് ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളർ സിസന്ദ മഗലയെ. ഡിസംബറിലെ മിനി ലേലത്തിൽ ന്യൂസിലൻഡ് പേസറായ ജാമിസണെ ഒരു കോടി രൂപയ്ക്കാണ് ചെന്നൈ സ്വന്തമാക്കിയിരുന്നത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തൊട്ടുമുമ്പ് ജാമിസണ് പരിക്കേറ്റു.
പരിക്കില്‍ നിന്ന് മുക്തനാകാന്‍ ഏറെ സമയം വേണ്ടതിനാല്‍ വരാനിരിക്കുന്ന ഐ.പി.എൽ ഉൾപ്പെടെ നിരവധി മത്സരങ്ങള്‍ ജാമിസണിന് നഷ്ടമാകും. അതേസമയം 32 കാരനായ മഗല ലേലത്തിനുണ്ടായിരുന്നുവെങ്കിലും ആരും ടീമിലെടുത്തിരുന്നില്ല. അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്ക്കാണ് താരം ധോണിയുടെ കീഴിലെത്തുന്നത്. താരത്തിന്റെ ആദ്യ ഐ.പി.എല്‍ പ്രവേശമാണിത്. എന്നിരുന്നാലും 2021 ഏപ്രിലിനുശേഷം അദ്ദേഹം ദക്ഷിണാഫ്രിക്കയ്‌ക്കായി ഒരു ടി20 മത്സരം പോലും കളിച്ചിട്ടില്ല. ഭാഗമായത് നാല് ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ മാത്രം.
ദക്ഷിണാഫ്രിക്കയില്‍ നടന്ന ആഭ്യന്തര ടി20 ടൂര്‍ണമെന്റായ എസ്എ20യുടെ ഉദ്ഘാടന പതിപ്പിൽ മികച്ച പ്രകടനാണ് താരം പുറത്തെടുത്തത്. ചാമ്പ്യന്മാരായ സൺറൈസേഴ്‌സ് ഈസ്റ്റേൺ കേപ്പിനായി മഗല തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. ടൂർണമെന്റിൽ 14 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. വിക്കറ്റ് വേട്ടക്കാരിൽ അഞ്ചാം സ്ഥാനത്താണ് 32കാരനായ മഗല. ഡെത്ത് ബൗളർ എന്ന നിലയിലാണ് മഗലയുടെ പ്രശസ്തിയെങ്കിലും എസ്.എ20 ലെ പവർപ്ലേയിലും അദ്ദേഹം ബാറ്റര്‍മാര്‍ക്ക് ഭീഷണിയായിരുന്നു. ലഭിച്ച വിക്കറ്റുകളില്‍ പകുതിയും ആദ്യ ആറ് ഓവറുകൾക്കുള്ളിൽ വീഴ്ത്തിയതാണ്. ടി20 കരിയറിൽ രണ്ട് അർധസെഞ്ച്വറികള്‍ കൂടി നേടിയിട്ടുള്ള മഗല, ലോവർ ഓർഡർ ബാറ്റർ കൂടിയാണ്.
വാലറ്റത്ത് ബാറ്റ് കൊണ്ട് അത്ഭുതങ്ങള്‍ കാണിക്കാനും മഗലയ്ക്കാവും. ദക്ഷിണാഫ്രിക്കന്‍ ആഭ്യന്തര ടൂര്‍ണമെന്റിലെയും ഇതുവരെയും കളിച്ച ടി20 മത്സരങ്ങളിലേയും മികവിന്റെ അടിസ്ഥാനത്തിലാണ് താരത്തെ ധോണി കൂടെകൂട്ടിയത് എന്ന് വ്യക്തം. അഹമ്മദാബാദിൽ നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് ഈ സീസണ്‍ ഐ.പി.എല്ലില്‍ ചെന്നൈയുടെ ആദ്യ മത്സരം. അതേസമയം ടൂർണമെന്റിന്റെ തുടക്കത്തിൽ മഗലയുടെ സേവനം ചെന്നൈക്ക് ലഭിക്കുമോ എന്ന് വ്യക്തമല്ല.