സഞ്ജുവും പന്തും നേര്‍ക്കുനേര്‍; രാജസ്ഥാന്‍-ഡല്‍ഹി പോരാട്ടം തീപാറും

സീസണിലെ ആദ്യ മത്സരത്തിൽ അധികാരിക ജയം നേടിയാണ് ഋഷഭ് പന്തിന്‍റെ ഡൽഹി വരുന്നത്. എന്നാല്‍ മുന്നില്‍ നിന്ന് നയിച്ച് സെഞ്ച്വറി നേടിയിട്ടും അവസാന പന്തില്‍ വീണുപോയതിന്‍റെ മുറിവുമായാണ് സഞ്ജുവിന്‍റെ രാജസ്ഥാന്‍ വരുന്നത്.

Update: 2021-04-15 10:21 GMT
Advertising

സഞ്ജു സാംസണ്‍ - ഋഷഭ് പന്ത് പോരാട്ടത്തിന്‍റെ ആദ്യകാഹളം ഇന്ന് വാങ്കടെയിൽ മുഴങ്ങാനിരിക്കുമ്പോൾ ക്രിക്കറ്റ് പ്രേമികൾ ആവേശത്തിന്‍റെ കൊടുമുടയിലാണ്. ഇന്ന് നടക്കുന്ന ഐ.പി.എല്‍ മത്സരം മറ്റേതൊരു കളിയേക്കാളും ശ്രദ്ധ പിടിച്ചു പറ്റുമെന്നതും അത് കൊണ്ട് തന്നെ തീര്‍ച്ചയാണ്. കാരണം, ഇന്ത്യൻ ക്രിക്കറ്റിലെ രണ്ട് യുവതുര്‍ക്കികൾ നയിക്കുന്ന ടീമുകളാണ് ഇന്ന് പരസ്പരം കൊമ്പ് കൊര്‍ക്കുന്നത്. ഇന്ത്യന്‍ ജഴ്സിയില്‍ സ്ഥിരസാന്നിധ്യമാകാന്‍ ശ്രമിക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്മാരുടെ പോരാട്ടം കൂടിയായാകും ഇന്നത്തെ മത്സരം വിലയിരുത്തപ്പെടുക. ഐ.പി.എല്ലില്‍ ടീം ക്യാപ്റ്റൻ ആയി ഇരുവരുടെയും അരങ്ങേറ്റ സീസൺ കൂടിയാണ് ഇത്തവണത്തേത്. ഋഷഭ് പന്തും സഞ്ജു സാംസണും, ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച യുവ വിക്കറ്റ് കീപ്പര്‍-വെടിക്കെട്ട് ബാറ്റ്സ്മാന്‍മാര്‍. ഇരുവരും നേര്‍ക്ക് നേര്‍ വരുമ്പോള്‍ ഇന്ത്യന്‍ ജഴ്സിയില്‍ ആരാകും ഭാവി വിക്കറ്റ് കീപ്പര്‍ എന്ന ചോദ്യത്തിന് ഉത്തരം തേടുക കൂടിയാകും ഇരുചേരിയിലും നില്‍ക്കുന്ന ആരാധകവൃദ്ധം.

സീസണിലെ ആദ്യ മത്സരത്തിൽ അധികാരിക ജയം നേടിയാണ് ഋഷഭ് പന്തിന്‍റെ ഡൽഹി വരുന്നത്. എന്നാല്‍ മുന്നില്‍ നിന്ന് നയിച്ച് സെഞ്ച്വറി നേടിയിട്ടും അവസാന പന്തില്‍ വീണുപോയതിന്‍റെ മുറിവുമായാണ് സഞ്ജുവിന്‍റെ രാജസ്ഥാന്‍ വരുന്നത്. അവസാന ബോൾ വരെ നീണ്ടുനിന്ന ത്രില്ലര്‍ മാച്ചില്‍ പഞ്ചാബിനോട് നാല് റണ്‍സിനാണ് രാജസ്ഥാന്‍ തോൽവിയേറ്റ് വാങ്ങിയത്. രാജ്യാന്തര മത്സരത്തിലെ വെടിക്കെട്ട് ഫോം ഐ.പി.എല്ലിലും തുടരാനുള്ള ഒരുക്കത്തിലാണ് പന്ത്. ഇന്ത്യൻ ലൈനപ്പില്‍ തിരികെയെത്താനുള്ള അവസരമായാണ് സഞ്ജു ഈ സീസണെ നോക്കിക്കാണുക. 

ധോണിയുടെ പിൻഗാമിയാരെന്ന ചോദ്യത്തിന് മറുപടി കണ്ടെത്താന്‍ ഇതുവരെ ടീം ഇന്ത്യക്കായിട്ടില്ല. സഞ്ജുവും പന്തുമാണ് പലപ്പോഴും ഈ സ്ഥാനത്തിനായുള്ള താരതമ്യ ചര്‍ച്ചകള്‍ ഉയരുമ്പോള്‍ മുഴങ്ങിക്കേള്‍ക്കുന്ന പ്രധാന പേരുകള്‍. ഇത്തവണത്തെ സീസണില്‍ പുതുമുഖ നായകന്മാർ കൂടിയായി ഇരുവരും ഏറ്റുമുട്ടുമ്പോള്‍ ആരാധകര്‍ക്ക് അതൊരു ഫാന്‍ഫൈറ്റ് പോരാട്ടം കൂടിയാകും. ഓസ്‌ട്രേലിയയെയും ഇംഗ്ലണ്ടിനേയും അടക്കം തോൽപ്പിച്ച് പരമ്പരകള്‍ നേടിയ ഇന്ത്യന്‍ ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു റിഷഭ് പന്ത്. ശേഷം ഐ.പി.എല്ലില്‍ 23ആം വയസില്‍ ഡല്‍ഹിയുടെ ക്യാപ്റ്റന്‍ സ്ഥാനവും. മറുപുറത്ത് സഞ്ജുവിനും നേട്ടങ്ങളുടെ വര്‍ഷമാണ് കടന്നുവരുന്നത്. ഐ.പി.എല്ലിലെ മികച്ച  പ്രകടനത്തോടെ ഇന്ത്യൻ ടീമിൽ വീണ്ടും വിളി വരുന്നു. മോശം ക്യാപ്റ്റന്‍സിയുടെ പേരില്‍ സ്റ്റീവ് സമിത്തിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം തെറിച്ചതിന് പിന്നാലെ രാജസ്ഥാൻ റോയൽസിന്‍റെ നായകസ്ഥാനവും താരത്തെ തേടിയെത്തുന്നു.

ഈ വർഷം നടക്കാനിരിക്കുന്ന ട്വന്‍റി 20 ലോകകപ്പ് കൂടി മുന്നില്‍കണ്ട് കൂടിയാകും സെലക്ടര്‍മാര്‍ ഇരുവരുടേയും പ്രകടനം വിലയിരുത്തുക. അത് കൊണ്ട് തന്നെ ക്യാപ്റ്റന്‍സിയുടെ അമിതഭാരം സമ്മര്‍ദ്ദമാകാതെ ബാറ്റിങില്‍ മികച്ച പ്രകടനം കാഴ്ചവെക്കേണ്ട ബാധ്യത ഇരുവര്‍ക്കുമുണ്ട്. 

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News