സന്തോഷവാർത്ത: രോഹിത് കോവിഡ് മുക്തനായി, ടി20 പരമ്പരയിൽ കളിക്കും
ഇംഗ്ലണ്ടിനെതിരായ ഏഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിന് മുന്‍പാണ് രോഹിത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
ലണ്ടന്‍: ആരാധകർക്ക് സന്തോഷവാർത്ത. കോവിഡ് മുക്തനായ രോഹിത് ശർമ്മ ഐസൊലേഷനിൽ നിന്ന് മുക്തനായി. ഇംഗ്ലണ്ടിനെതിരായ ടി20-ഏകദിന പരമ്പരയിൽ രോഹിത് ശർമ്മ തന്നെയാവും ഇന്ത്യയെ നയിക്കുക. ജൂലൈ ഏഴിന് സതാംപ്ടണിലാണ് ഇന്ത്യയുടെ ആദ്യ ടി20 മത്സരം.
ഇംഗ്ലണ്ടിനെതിരായ ഏഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിന് മുന്‍പാണ് രോഹിത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ജൂണ്‍ 24ന് ഇന്ത്യ ലെസ്റ്ററിന് എതിരെ സന്നാഹ മത്സരം കളിക്കുമ്പോഴാണ് രോഹിത് കോവിഡ് പോസിറ്റീവാകുന്നത്. സന്നാഹ മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ രോഹിത് ബാറ്റ് ചെയ്തിരുന്നു.
ഇതോടെ രോഹിത്തിന്റെ അഭാവത്തില്‍ ബുമ്രയാണ് ഇന്ത്യയെ നയിച്ചത്. ഈവര്‍ഷം ഇന്ത്യയെ നയിക്കുന്ന ആറാമത്തെ ക്യാപ്റ്റനാണ് ജസ്പ്രിത് ബുമ്ര. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ വിരാട് കോലിയായിരുന്നു നായകന്‍. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം കോലി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു. തുടര്‍ന്ന് നടന്ന ഏകദിന പരമ്പരയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ത്യയെ നയിച്ചത് കെ എല്‍ രാഹുലായിരുന്നു. രോഹിത് ശര്‍മ്മയുടെ അഭാവത്തിലായിരുന്നു രാഹുല്‍ ഇന്ത്യയെ നയിച്ചത്.
അതേസമയം തകർത്തടിച്ച ജോണി ബെയര്‍സ്റ്റോയുടെ ബലത്തിൽ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ട് കരകയറുകയാണ്. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് ആറിന് 227 റൺസെന്ന നിലയിലാണ് ഇംഗ്ലണ്ട്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനൊപ്പമെത്താൻ ഇംഗ്ലണ്ടിന് ഇനിയും 189 റൺസ് വേണം. സെഞ്ച്വറി നേടിയ ബെയര്‍സ്റ്റോക്ക് കൂട്ടായി ഏഴു റൺസുമായി സാം ബില്ലിങ്‌സുണ്ട്. മഴകാരണം കളി കളി ഉച്ചഭക്ഷണത്തിന് നേരത്തെ പിരിയുകയായിരുന്നു.