രോഹിത് മൂന്നാം ഏകദിനത്തിനില്ല, നാട്ടിലേക്ക് മടങ്ങി: മറ്റ് രണ്ട് പേരും പുറത്ത്
രോഹിത്തിന് പുറമെ പേസര്‍മാരായ കുല്‍ദീപ് സെന്നും ദീപക് ചാഹറും പരിക്കേറ്റ് പരമ്പരയില്‍ നിന്ന് പുറത്തായിട്ടുണ്ട്.
ധാക്ക: ബംഗ്ലാദേശിനെതിരെ മൂന്നാം ഏകദിനത്തിന് തയ്യാറെടുക്കുന്ന ഇന്ത്യക്ക് തിരിച്ചടിയായി പരിക്കുകൾ. നായകൻ രോഹിത് ശർമ്മക്ക് പരിക്കേറ്റു. താരം നാട്ടിലേക്ക് മടങ്ങി. പരിക്കേറ്റ വിരലിൽ ബാൻഡേജ് ഇട്ടാണ് രോഹിത് ഇന്നലെ ബാറ്റെടുത്തത്.
വിദഗ്ധ ഡോക്‌ടറുടെ സേവനത്തിനായി രോഹിത് മുംബൈയിലേക്ക് മടങ്ങും എന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് സ്ഥിരീകരിച്ചു. രോഹിത്തിന് പുറമെ പേസര്‍മാരായ കുല്‍ദീപ് സെന്നും ദീപക് ചാഹറും പരിക്കേറ്റ് പരമ്പരയില്‍ നിന്ന് പുറത്തായിട്ടുണ്ട്.
പരിക്കേറ്റിട്ടും ഒന്‍പതാമനായാണ് രോഹിത് ഇന്നലെ ക്രീസിലെത്തിയത്. 28 പന്തില്‍ മൂന്ന് ഫോറും അഞ്ച് സിക്‌സറും ഉള്‍പ്പടെ പുറത്താവാതെ 51 റണ്‍സ് അടിച്ചെടുത്തു. അവസാന പന്തില്‍ ആറു റണ്‍സായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ മുസ്തഫിസുറിന്റെ പന്തില്‍ രോഹിതിന് സിക്സര്‍ നേടാനായില്ല. 102 പന്തില്‍ 82 റണ്‍സ് നേടിയ ശ്രേയസ് അയ്യരും 56 പന്തില്‍ 56 റണ്‍സെടുത്ത അക്‌സര്‍ പട്ടേലും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയ മറ്റ് ബാറ്റര്‍മാര്‍. ഇതോടെ 271 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയുടെ മറുപടി ബാറ്റിംഗ് 50 ഓവറില്‍ 9 വിക്കറ്റിന് 266 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു.
അഞ്ച് റണ്‍സിന്‍റെ ജയത്തോടെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ബംഗ്ലാദേശ് 2-0ന് സ്വന്തമാക്കി. ബാറ്റിംഗില്‍ സെഞ്ച്വറിയും രണ്ട് വിക്കറ്റുമായി മെഹിദി ഹസന്‍ മിറാസും അവസാന ഓവറില്‍ രോഹിത് ക്രീസില്‍ നില്‍ക്കെ 20 റണ്‍സ് പ്രതിരോധിച്ച മുസ്‌തഫിസിറിന്റെ ബൗളിംഗുമാണ് ബംഗ്ലാദേശിന് ജയം സമ്മാനിച്ചത്. നേരത്തെ മെഹ്ദി ഹസന്‍റെ (83 പന്തില്‍ 100) സെഞ്ചുറിയാണ് ബംഗ്ലാദേശിനെ പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. മഹ്മുദുള്ളയുടെ (77) ഇന്നിംഗ്‌സും നിര്‍ണായകമായി.
ആദ്യ ഏകദിനത്തിലും മെഹദിയായിരുന്നു ടീമിനെ വിജയത്തിലെത്തിച്ചത്. ഇന്ത്യക്കായി സ്‌പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. പേസര്‍മാരായ മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ശനിയാഴ്ചയാണ് മൂന്നാം ഏകദിനം. ഇന്ത്യന്‍ സമയം രാവിലെ 11.30ന് മത്സരം ആരംഭിക്കും.