25 റൺസ് അകലെ രോഹിതിനെ കാത്തൊരു റെക്കോർഡ്
25 റൺസ് കൂടി നേടിയാൽ ടി20യിൽ 10,000 റൺസ് ക്ലബിലെത്താം ഹിറ്റ്‌മാന്. വിരാട് കോഹ്‌ലിക്ക് ശേഷം നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യൻ താരമാകും ഇതോടെ രോഹിത് ശർമ.
മുംബൈ: ഫോമില്ലായ്‌മയില്‍ ബുദ്ധിമുട്ടുകയാണെങ്കിലും പഞ്ചാബ് കിംഗ്‌സിനെതിരെ ഇറങ്ങുമ്പോൾ മുംബൈ നായകൻ രോഹിത്തിനെ കാത്തൊരു റെക്കോര്‍ഡ്. 25 റൺസ് കൂടി നേടിയാൽ ടി20യിൽ 10,000 റൺസ് ക്ലബിലെത്താം ഹിറ്റ്‌മാന്. വിരാട് കോഹ്‌ലിക്ക് ശേഷം നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യൻ താരമാകും ഇതോടെ രോഹിത് ശർമ.
കഴിഞ്ഞ 12 ഇന്നിംഗ്‌സിലും രോഹിത്തിന് അർധ സെഞ്ചുറിയിലെത്താനായിട്ടില്ല. 2011ൽ മുംബൈയിലെത്തിയ ശേഷം രോഹിത്തിന്‍റെ രണ്ടാമത്തെ മോശം പ്രകടനമാണ് ഇത്. പഞ്ചാബ് കിംഗ്‌സിനെതിരെ മുംബൈയെ രോഹിത് ബാറ്റുകൊണ്ട് മുന്നില്‍ നിന്ന് നയിക്കും എന്നാണ് മുംബൈ ആരാധകരുടെ പ്രതീക്ഷ.
പൂനെയിൽ രാത്രി 7.30നാണ് മത്സരം. കളിച്ച നാലുകളിയും പരാജയപ്പെട്ട് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് മുൻ ചാമ്പ്യന്മാരായ മുംബൈ. നാല് കളികളിൽ രണ്ടെണ്ണം ജയിച്ച പഞ്ചാബ് ഏഴാം സ്ഥാനത്താണ്.
അതേസമയം തോറ്റു തുടങ്ങിയാലും കിരീടം നേടുന്നത് ശീലമാക്കിയ ടീമാണ് മുംബൈ ഇന്ത്യൻസ്. എന്നാല്‍ ഇക്കുറി കാര്യങ്ങള്‍ അത്ര എളുപ്പമല്ല. ആദ്യ നാല് കളിയിലും തോറ്റശേഷമായിരുന്നു 2015ൽ മുംബൈ ഇന്ത്യൻസ് കീരീടം നേടിയത്. 2018ൽ ആദ്യ നാല് കളിയിലും 2014ൽ ആദ്യ അഞ്ച് കളിയിലും മുംബൈ ഇന്ത്യൻസ് തോറ്റു. അപ്പോഴൊക്കെ ടീം ശക്തമായി തിരിച്ചുവന്നു. സമാനമായൊരു തിരിച്ചുവരവാണ് ഹിറ്റ്മാനും സംഘവും ഈ സീസണിലും ലക്ഷ്യമിടുന്നത്.
മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് ഈ സീസണിലെ ഏറ്റവും വീക്ക്‌നെസ് ബൗളിങാണ്. ബാറ്റര്‍മാര്‍ ജയിക്കാവുന്ന ടോട്ടല്‍ പടുത്തുയര്‍ത്തിയിട്ടും അതു പ്രതിരോധിക്കാന്‍ മുംബൈ ബൗളര്‍മാര്‍ക്കു കഴിയുന്നില്ല. ബൗളിങിലെ ഈ ദൗര്‍ബല്യം എത്രയും വേഗം പരിഹരിച്ചെങ്കില്‍ മാത്രമേ മുംബൈയ്ക്കു ഈ പ്രതിസന്ധി ഘട്ടത്തില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കുകയുള്ളൂ. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ മാറ്റിനിര്‍ത്തിയാല്‍ മുംബൈ ബൗളിങ് നിരയില്‍ വിശ്വസിക്കാവുന്ന മറ്റാരും തന്നെയില്ലെന്നതാണ് രോഹിത്തിന്റെ ഏറ്റവും വലിയ തലവേദന.
പക്ഷെ മായങ്ക് അഗര്‍വാള്‍ നയിക്കുന്ന പഞ്ചാബ് അപകടകാരികളാണ്. ഏറ്റവും മികച്ച കളി കെട്ടഴിച്ചെങ്കില്‍ മാത്രമേ മുംബൈയ്ക്കു ആദ്യ വിജയം കുറിക്കാന്‍ സാധിക്കുകയുള്ളൂ. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിത്തില്‍ രാത്രി 7.30നാണ് മല്‍സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലും മല്‍സരം തല്‍സമയം സംപ്രേക്ഷണം ചെയ്യും.
Summary- Rohit Sharma is 25 runs short of reaching 10,000 runs in T20 cricket