'എടാ മോനെ,സുഖമല്ലേ'; അഭിമുഖത്തിനിടെ സഞ്ജുവിനെ ഞെട്ടിച്ച് ഡിവില്ലിയേഴ്‌സിന്റെ മലയാളം-വീഡിയോ
മാതൃഭാഷ മലയാളമാണെന്ന് പറഞ്ഞപ്പോഴായിരുന്നു ദക്ഷിണാഫ്രിക്കൻ താരത്തിന്റെ പ്രതികരണം
ന്യൂഡൽഹി: മലയാളി താരം സഞ്ജു സാംസണുമായുള്ള അഭിമുഖത്തിനിടെ മലയാളത്തിൽ മറുപടി നൽകി ദക്ഷിണാഫ്രിക്കൻ മുൻ താരം എബി ഡിവില്ലിയേഴ്‌സ്. മാതൃഭാഷ മലയാളമാണെന്ന് സഞ്ജു പറഞ്ഞതിന് പിന്നാലെയാണ് 'എടാ മോനെ, സുഖമല്ലേ' എന്ന് എബിഡി ചോദിച്ചത്. ഡിവില്ലിയേഴ്‌സിന്റെ യൂട്യൂബ് ചാനലിലെ '360' ഷോയിലാണ് രസകരമായ സംഭവമുണ്ടായത്.
കരിയറിൽ ഈ വർഷമുണ്ടായ നേട്ടങ്ങളെ കുറിച്ച് മുൻ ദക്ഷിണാഫ്രിക്കൻ താരവുമായി സഞ്ജു സംസാരിച്ചു. 'കളിക്കളത്തിൽ വ്യത്യസ്തമായി താൻ എന്താണ് ചെയ്യുന്നതെന്ന് ചിന്തിക്കാറുണ്ട്. എല്ലാ അവസരത്തിലും മൈതാനത്ത് ആധിപത്യം പുലർത്താനാണ് ശ്രമിക്കാറുള്ളത്. 20 ഓവർ മത്സരം ചെറുതായി തോന്നാറുണ്ട്. തനിക്ക് കഴിയാവുന്ന വിധത്തിൽ മികച്ച രീതിയിൽ സ്‌കോർ കണ്ടെത്താനാണ് ശ്രമിക്കാറുള്ളത്' മലയാളി താരം പറഞ്ഞു.
കരിയറിൽ പെട്ടെന്ന് മാറിമറിഞ്ഞെങ്കിലും അതിനായി പ്രത്യേകമായൊന്നും ചെയ്തിട്ടില്ലെന്നും സഞ്ജു കൂട്ടിചേർത്തു. ദക്ഷിണാഫ്രിക്കക്കെതിരെ മലയാളിതാരം സെഞ്ച്വറി നേടിയപ്പോൾ താൻ ഏറെ സന്തോഷിച്ചെന്ന് അഭിമുഖത്തിനിടെ ഡിവില്ലേഴ്‌സ് പറഞ്ഞു. ഐപിഎൽ അനുഭവങ്ങളും ഇരു താരങ്ങളും പങ്കുവെച്ചു. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി മികച്ച ഒട്ടേറെ ഇന്നിങ്‌സുകൾ കളിച്ച ഡിവില്ലിയേഴ്‌സ് ആർസിബിയുടെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളാണ്.