പന്ത് ബാറ്റിൽ തട്ടാതെയും ഔട്ട്?; അമ്പയറോട് കയർത്ത് പാക് താരം ഷാൻ മസൂദ്

ടെലിവിഷൻ റിപ്ലേകളിൽ താരത്തിന്റെ ബാറ്റിൽ പന്ത് ഉരസിയിട്ടില്ലെന്നും പാഡിലാണ് തട്ടിയതെന്നും വ്യക്തമായെങ്കിലും അമ്പയർ ഔട്ട് വിളിക്കുകയായിരുന്നു

Update: 2024-08-22 12:29 GMT
Editor : Sharafudheen TK | By : Sports Desk
Advertising

റാവൽപിണ്ടി: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ പാകിസ്താൻ ക്യാപ്റ്റൻ ഷാൻ മസൂദിന്റെ പുറത്താകലുമായി ബന്ധപ്പെട്ട് വിവാദം. ബാറ്റിൽ ഉരസാതെ വിക്കറ്റ് കീപ്പറുടെ കൈവശമെത്തിയ പന്ത് ഔട്ട് വിളിച്ചതാണ് ചർച്ചക്ക് കാരണമായത്. ഷൊറിഫുൾ ഇസ്‌ലാമിന്റെ പന്തിൽ ലിട്ടൺ ദാസ് ക്യാച്ചെടുത്താണ് മഷൂദ് പുറത്തായത്. തുടർന്ന് ഡിആർഎസ് റിവ്യു നൽകി. ടെലിവിഷൻ റിപ്ലേകളിൽ താരത്തിന്റെ ബാറ്റിൽ പന്ത് ഉരസിയിട്ടില്ലെന്നും പാഡിലാണ് തട്ടിയതെന്നും വ്യക്തമായെങ്കിലും അമ്പയർ ഔട്ട് വിളിക്കുകയായിരുന്നു. ഇതോടെ ഫീൽഡ് അമ്പയർ മാക്കെൽ ഗഫിനോട് കയർത്താണ് താരം പുറത്ത് പോയത്. ഡ്രസിങ് റൂമിൽ വീഡിയോ ദൃശ്യം കാണുമ്പോഴും താരം കടുത്ത നിരാശ പ്രകടിപ്പിച്ചു.

പിന്നാലെ ഷാൻ മസൂദിന്റേത് ഔട്ടാണോ നോട്ടൗട്ടാണോ എന്ന ചോദ്യവുമായി പാകിസ്താൻ ക്രിക്കറ്റ് ഔദ്യോഗിക സോഷ്യൽമീഡിയ പേജുകളിൽ വീഡിയോ പങ്കുവെച്ച് രംഗത്തെത്തി. ഇതോടെ റിവ്യൂയിൽ പിഴവ് സംഭവിച്ചെന്ന തരത്തിലും നിരവധി പേർ കമന്റ് രേഖപ്പെടുത്തി. മത്സരത്തിൽ 11 പന്തിൽ ആറ് റൺസ് മാത്രമാണ് ഷാൻ മസൂദ് നേടിയത്. മുൻനിര വിക്കറ്റുകൾ വീണതോടെ ഒരുഘട്ടത്തിൽ പാകിസ്താൻ 16-3 എന്ന നിലയിൽ വൻ തകർച്ച നേരിട്ടു. 

എന്നാൽ അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന സൗദ് ഷക്കീൽ-മുഹമ്മദ് റിസ്വാൻ കൂട്ടുകെട്ട് ടീമിന്റെ രക്ഷക്കെത്തി. റിസ്വാൻ 171 റൺസുമായി പുറത്താകാതെ നിന്നു. സൗദ് ഷക്കീൽ 141 റൺസ് നേടി. ഇതോടെ 448-6 എന്ന നിലയിൽ പാകിസ്താൻ ഒന്നാം ഇന്നിങ്‌സ് ഡിക്ലയർ ചെയ്തു.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News