ബംഗ്ലാദേശ് പ്രീമിയർലീഗിലെ ഒത്തുകളി നിഷേധിച്ച് ശുഹൈബ് മാലിക്; കാരണമിതാണ്

ക്രിക്കറ്റ് കളിക്കുന്നതിൽ താൻ എപ്പോഴും സന്തോഷം കണ്ടെത്തുന്നതായും ആഭ്യന്തര ലീഗുകളിൽ തുടരുമെന്നും താരം കൂട്ടിചേർത്തു.

Update: 2024-01-27 06:48 GMT
Editor : Sharafudheen TK | By : Web Desk
Advertising

ധാക്ക: ബംഗ്ലാദേശ് പ്രീമിയർ ലീഗിലെ (ബിപിഎൽ) ഒത്തുകളി വിവാദത്തിൽ മറുപടിയുമായി മുൻ പാകിസ്താൻ ക്യാപ്റ്റൻ ശുഹൈബ് മാലിക് രംഗത്ത്. പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച താരം, ബംഗ്ലാദേശിൽ നിന്ന് ദുബൈയിലേക്കുള്ള മടക്കം വ്യക്തിപരമാണെന്നും പറഞ്ഞു. തന്റെ ടീമായ ഫോർച്യൂൺ ബാരിഷാൽ ക്യാപ്റ്റൻ തമിം ഇഖ്ബാലുമായി വിശദമായി സംസാരിച്ചു. ടീമിന്റെ വരാനിരിക്കുന്ന മത്സരങ്ങൾക്ക് ആശംസ നേരുന്നതായും മാലിക് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ക്രിക്കറ്റ് കളിക്കുന്നതിൽ താൻ എപ്പോഴും സന്തോഷം കണ്ടെത്തുന്നതായും ആഭ്യന്തര ലീഗുകളിൽ തുടരുമെന്നും  കൂട്ടിചേർത്തു.

ഇന്നലെയാണ് ഷുഹൈബ് മാലികിനെതിരെ ഒത്തുകളി വിവാദമുയർന്നത്. ഖുലാന ടൈഗേഴ്സിനെതിരായ മത്സരത്തിൽ ഫോർച്യൂൺ ബാരിഷാലിനായി തുടർച്ചയായ മൂന്ന് നോബോളുകൾ എറിഞ്ഞതാണ് വിവാദമായത്. സ്പിന്നറായ താരം ഒരു ഓവറിൽ 18 റൺസ് വിട്ടുകൊടുത്ത് തുടർച്ചയായ മൂന്ന് നോബോളുകൾ എറിഞ്ഞതാണ് സംശയകരമാണ്. ഡെത്ത് ഓവറിൽ ബാറ്റ് ചെയ്ത മാലിക് ആറ് പന്തിൽ അഞ്ച് റൺസാണ് നേടിയത്. ഇതോടെയാണ് പാക് താരത്തിനെതിരെ ഒത്തുകളി ആരോപണം ശക്തമായത്.

മാലിക്കിനെതിരേ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണെന്നാണ് ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അതേസമയം, മത്സരം കഴിഞ്ഞയുടനെ താരം ദുബൈയിലേക്ക് മടങ്ങിയതും ദുരൂഹത വർധിപ്പിച്ചിരുന്നു. അടുത്തിടെ ട്വന്റി 20 ക്രിക്കറ്റിൽ 13000 റൺസെന്ന നേട്ടം 41 കാരൻ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം പാക് നടിയും മോഡലുമായ സന ജാവേദുമായുള്ള മാലികിന്റെ വിവാഹം ഏറെ ചർച്ചയായിരുന്നു. ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസയുമായി വിവാഹമോചനം നേടിയ വിവരവും ഇതോടെയാണ് പുറത്തറിഞ്ഞത്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News