കേപ്ടൗൺ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് വിജയ പ്രതീക്ഷ
ബൗളിങിനെ തുണയ്ക്കുന്ന പിച്ചിൽ പേസർമാർ തിളങ്ങിയാൽ ഇന്ത്യക്ക് പ്രതീക്ഷവെയ്ക്കാം
കേപ്ടൗണിൽ ഇന്ത്യക്കെതിരായുള്ള ടെസ്റ്റ് മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് വിജയ പ്രതീക്ഷ. 212 രൺസ് പിന്തുടരുന്ന ദക്ഷിണാഫ്രിക്ക രണ്ട് വിക്കറ്റ് നഷ്ടത്തിൽ 101 റൺസ് എടുത്തിട്ടുണ്ട്. സെഞ്ചുറി നേടിയ ഋഷഭ് പന്താണ് ഇന്ത്യക്ക് പൊരുതാവുന്ന സ്‌കോർ സമ്മാനിച്ചത്.
പരമ്പര വിജയം നിർണയിക്കപ്പെടുന്ന ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് തന്നെയാണ് മേൽക്കൈ. 8 വിക്കറ്റ് കയ്യിലിരിക്കെ 111 റൺസ് നേടുക പ്രയാസമല്ല. എന്നാൽ ബൗളിങിനെ തുണയ്ക്കുന്ന പിച്ചിൽ പേസർമാർ തിളങ്ങിയാൽ ഇന്ത്യക്ക് പ്രതീക്ഷവെയ്ക്കാം. അവസാന പന്തിൽ നായകൻ ഡീൻ എൽഗാറിനെ പുറത്താക്കിയ ബുംറ ഇന്ത്യക്ക് ചെറുതല്ലാത്ത ആത്മവിശ്വാസം നൽകിയിട്ടുണ്ട്. മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് ഒരു റൺ ചേർക്കുന്നതിനിടെ പുജാരയേയും രഹാനെയേയും നഷ്ടമായി. ജാൻസനും റബാദയുമായിരുന്നു വിക്കറ്റെടുത്തത്. പിന്നീട് ചേർന്ന കോഹ്‌ലി - ഋഷഭ് പന്ത് സഖ്യം ഇന്ത്യൻ സ്‌കോർ ചലിപ്പിച്ചു. കോഹ്‌ലി പിടിച്ചു നിന്ന് കളിച്ചപ്പോൾ ഋഷഭ് തകർത്തടിച്ചു.
കോഹ്‌ലി തന്റെ പിഴവ് ആവർത്തിച്ചു. പിന്നാലെ ഓരോരുത്തരും പവലിയനിലെത്തി. ഒരറ്റത്തു നിന്ന് ഋഷഭ് പന്ത് സെഞ്ചുറി തികച്ചു. ഇന്ത്യൻ ലീഡ് 212ൽ എത്തി. എന്നാൽ ഡീൻ എൽഗാറും കീഗൻ പീറ്റേഴ്‌സനുമാണ് ദക്ഷിണാഫ്രിക്കൻ സ്‌കോർ 100 കടത്തിയത്. ആതിഥേയരുടെ പ്രതീക്ഷ നിലനിൽക്കുന്നത് പീറ്റേഴ്‌സനിലാണ്.