പന്ത് മുതൽ സഞ്ജു വരെ; ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായകന്മാർ
വെറും ഒന്നരക്കോടി രൂപക്ക് കൊല്‍ക്കത്ത ടീമിലെത്തിച്ച അജിന്‍ക്യ രഹാനെയാണ് ഏറ്റവും കുറവ് പ്രതിഫലം വാങ്ങുന്ന ക്യാപ്റ്റന്‍
ഐ.പി.എല്ലിന്റെ 18ാം എഡിഷന് അരങ്ങുണരാൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. 25 കോടി എന്ന മാന്ത്രിക സംഖ്യ മറികടന്നാണ് ലേലത്തിൽ ഋഷഭ് പന്തിനേയും ശ്രേയസ് അയ്യറേയും ലഖ്‌നൗ സൂപ്പർ ജയന്റ്‌സും പഞ്ചാബ് കിങ്‌സും റാഞ്ചിയത്. നിലനിർത്തിയവരടക്കം കോടികൾ വാരുന്ന നായകർ വേറെയുമുണ്ട് ഐ.പി.എല്ലിൽ. നോക്കാം ഇക്കുറി ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ക്യാപ്റ്റന്മാർ.
ഋഷഭ് പന്ത്.
ഐ.പി.എൽ റെക്കോർഡുകൾ പലതും തിരുത്തിക്കുറിച്ചാണ് ഋഷഭ് പന്ത് ഇക്കുറി ഡൽഹിയിൽ നിന്ന് ലഖ്‌നൗവിലേക്ക് കൂടുമാറിയത്. 27 കോടി രൂപക്കാണ് ലഖ്‌നൗ പന്തിനെ സ്വന്തമാക്കിയത്. 2016 മുതൽ 2024 വരെ ഡൽഹി ക്യാപിറ്റൽസിനൊപ്പമായിരുന്നു പന്ത്.
ശ്രേയസ് അയ്യർ
നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്തയുടെ നായക പദവിയിൽ നിന്നാണ് ശ്രേയസ് അയ്യർ പഞ്ചാബിലെത്തുന്നത്. 26.75 കോടിയാണ് അയ്യരെ തട്ടകത്തിലെത്തിക്കാൻ ടീം മുടക്കിയത്. തങ്ങളെ കിരീടമണിയിച്ചിട്ടും ഇക്കുറി അയ്യറെ നിലനിർത്താൻ കൊൽക്കത്ത മുതിർന്നില്ല.
ഋതുരാജ് ഗെയിക്വാദ്
കഴിഞ്ഞ തവണ ചെന്നൈയുടെ നായക പദവി ഏറ്റെടുത്ത ഋതുരാജ് ഗെയിക്വാദിനെ നിലനിർത്താൻ ചെന്നൈ ഇക്കുറി മുടക്കിയത് 18 കോടി രൂപയാണ്.
പാറ്റ് കമ്മിൻസ്
ഓസീസ് നായകൻ പാറ്റ് കമ്മിൻസിനെ നിലനിർത്താൻ സൺ റൈസേഴ്‌സ് ഹൈദരാബാദ് മുടക്കിയതും 18 കോടി
സഞ്ജു സാംസൺ
2018 ൽ രാജസ്ഥാനൊപ്പം വീണ്ടും ചേർന്ന മലയാളി താരം സഞ്ജു സാംസണെ നിലനിർത്താൻ 18 കോടിയാണ് ടീം മുടക്കിയത്. 2021 മുതൽ രാജസ്ഥാൻ നായകനാണ് സഞ്ജു.
വെറും ഒന്നരക്കോടി രൂപക്ക് കൊല്‍ക്കത്ത ടീമിലെത്തിച്ച അജിന്‍ക്യ രഹാനെയാണ് ഏറ്റവും കുറവ് പ്രതിഫലം വാങ്ങുന്ന ക്യാപ്റ്റന്‍.