ടി20 ലോകകപ്പിനും സഞ്ജുവിനെ പരിഗണിക്കുമോ? സാധ്യതകൾ ഇങ്ങനെ...
ഇന്ത്യയുടെ ടി20 ലോകകപ്പ് പദ്ധതിയിൽ സഞ്ജു ഉണ്ടാവില്ലെന്ന റിപ്പോർട്ടുകൾക്കിടെയാണ് താരത്തെ വീണ്ടും ടി20യിലേക്ക് വിളിക്കുന്നത്.
ന്യൂഡല്‍ഹി: നിലവിലെ ഫോംവെച്ച് നോക്കിയാൽ അപ്രതീക്ഷിതം എന്ന് പറയാനാവില്ലെങ്കിലും അഫ്ഗാനിസ്താനെതിരായ ടി20 പരമ്പരയിൽ സഞ്ജു സാംസണെ ഉൾപ്പെടുത്തിത് ഏവരെയും അമ്പരപ്പിച്ചിരുന്നു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ഏകദിനത്തിൽ സെഞ്ച്വറിയടിച്ച് നിൽക്കുന്ന സഞ്ജുവിനെ തഴയാൻ സെലക്ടർമാർക്കാവില്ലായിരുന്നു. എന്നാൽ ഇന്ത്യയുടെ ടി20 ലോകകപ്പ് പദ്ധതിയിൽ സഞ്ജു ഉണ്ടാവില്ലെന്ന റിപ്പോർട്ടുകൾക്കിടെയാണ് താരത്തെ വീണ്ടും ടി20യിലേക്ക് വിളിക്കുന്നത്. ഇഷാൻ കിഷനെ ഒഴിവാക്കിയാണ് സഞ്ജുവിനെ വിക്കറ്റ് കീപ്പറായി തെരഞ്ഞെടുക്കുന്നത്. ജിതേഷ് ശർമ്മയാണ് മറ്റൊരു വിക്കറ്റ് കീപ്പർ.
ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാൻ സഞ്ജുവിനിത് സുവർണാവസരമാണ്. അഫ്ഗാനെതിരെ, ആദ്യ ഇലവനില്‍ താരത്തിന് ടീമിലിടം ലഭിക്കാനാണ് സാധ്യത കൂടുതല്‍. ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി സഞ്ജുവിന് തന്നെയാണ് സാധ്യത.
എന്നാല്‍ സഞ്ജു മികച്ച സംഭാവനകൾ നൽകിയ മധ്യനിരയിൽ അവസരം ലഭിക്കാൻ സാധ്യത കുറവാണ്. വിരാട് കോഹ്‌ലിയാകും മൂന്നാം നമ്പറിൽ ഇറങ്ങുക. പരിക്കേറ്റ് പുറത്തായ സൂര്യകുമാർ യാദവിന്റെ സ്ഥാനത്ത് തിലക് വർമ്മയും എത്തും.
ഫിനിഷർ റോളാവും, സഞ്ജുവില്‍ ഇന്ത്യ നോക്കുന്നത്. റിങ്കു സിങിനൊപ്പം ആ റോൾ ഭംഗിയായി ചെയ്യാൻ സഞ്ജുവിന് ആകും എന്നാണ് സെലക്ടമാർ പ്രതീക്ഷിക്കുന്നത്. അവസരം ലഭിച്ച മത്സങ്ങളിലെല്ലാം കഴിവ് തെളിയിച്ച്, നിലവിൽ ഫിനിഷർ റോൾ ഭദ്രമാക്കിയിരിക്കുകയാണ് റിങ്കു സിങ്. ഇനി സഞ്ജു കൂടി ക്ലിക്കായാൽ പിന്നെ തിരിഞ്ഞുനോക്കേണ്ടി വരില്ല. ലോകകപ്പിന് മുമ്പ് ഇന്ത്യ കളിക്കുന്ന അവസാന ടി20 പരമ്പര എന്ന പ്രത്യേകത കൂടിയുണ്ട്. അവിടെ തിളങ്ങുക എന്നതാണ് സഞ്ജുവിന്റെ മുന്നിലുള്ള ഒരേയൊരു വഴി.
അഫ്ഗാനെതിരായ പരമ്പരക്ക് ശേഷം ഐപിഎല്ലാണ്. കഴിഞ്ഞ സീസണില്‍ നിന്നും വ്യത്യസ്തമായി രാജസ്ഥാനായി താരത്തിന്റെ ബാറ്റ്, ഒന്നുകൂടി ചലിപ്പിക്കേണ്ടിവരും. നിലവില്‍ രഞ്ജി ട്രോഫിയില്‍ കേരളത്തെ നയിക്കുന്ന സഞ്ജുവിന് ഉത്തര്‍പ്രദേശിനെതിരായ ആദ്യ മത്സരത്തില്‍ 35 റണ്‍സിന്റെ ആയുസെ ഉണ്ടായിരുന്നുള്ളൂ.
മൂന്ന് മത്സരങ്ങളാണ് അഫ്ഗാനിസ്താനെതിരായ പരമ്പരയിൽ ഇന്ത്യക്ക് കളിക്കാനുള്ളത്. ഇതിൽ ആദ്യ മത്സരം ജനുവരി 11ന് മൊഹാലിയിലാണ്. ഇൻഡോർ, ബംഗളൂരു എന്നിവിടങ്ങളിലാണ് മറ്റു മത്സരങ്ങൾ.