ലൂക്ക ജോവിചിന് ഇരട്ടഗോൾ; എ സി മിലാൻ ഇറ്റാലിയൻ കപ്പ് ക്വാർട്ടറിൽ
നിലവിൽ ഇറ്റാലിയൻ സീരി എയിൽ മുൻ ചാമ്പ്യൻമാർ മൂന്നാംസ്ഥാനത്താണ്. 18 കളിയിൽ നിന്ന് 11 ജയവുമായി 36 പോയന്റാണ് നേട്ടം
റോം: സ്വന്തം തട്ടകമായ സാൻസിറോ സ്റ്റേഡിയത്തിൽ കാഗിലാരി എഫ്.സിയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് കീഴടക്കി എ സി മിലാൻ കോപ്പ ഇറ്റാലിയ ക്വാർട്ടർ ഫൈനലിൽ. സെർബിയൻ സ്ട്രൈക്കർ ലൂക്ക ജോവിചിന്റെ ഇരട്ടഗോൾ മികവിലാണ് മിലാൻ വമ്പൻ ജയം സ്വന്തമാക്കിയത്.
29, 42 മിനിറ്റുകളിലാണ് ജോവിച് ലക്ഷ്യംകണ്ടത്. 50-ാം മിനിറ്റിൽ യുവതാരം ചാക ട്രയോറിയിലൂടെ മൂന്നാമതും വലകുലുക്കി. കളിതീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ പോർച്ചുഗൽ താരം റാഫേൽ ലിയാവോയിലൂടെ നാലാം ഗോളും നേടി പട്ടിക പൂർത്തിയാക്കി. 87ാം മിനിറ്റിൽ പൗള അസ്സിയാണ് സന്ദർശകർക്കായി ആശ്വാസ ഗോൾ നേടിയത്. മത്സരത്തിലുടനീളം കാഗിലാരി എഫ്.സിക്കെതിരെ ആധിപത്യം പുലർത്താൻ മിലാന് സാധിച്ചു. 14 തവണയാണ് ഇറ്റാലിയൻ വമ്പൻമാർ ഷോട്ടുതിർത്തത്. ഏഴ് തവണയും ലക്ഷ്യത്തിലേക്ക് ഷോട്ടെടുത്തു.
പുതുവർഷത്തിൽ വിജയത്തോടെ തുടങ്ങാനായത് മിലാന് പ്രതീക്ഷ നൽകുന്നതായി. നിലവിൽ ഇറ്റാലിയൻ സീരി എയിൽ മുൻ ചാമ്പ്യൻമാർ മൂന്നാം സ്ഥാനത്താണ്. 18 കളിയിൽ നിന്ന് 11 ജയവുമായി 36 പോയന്റാണ് നേട്ടം. ഇന്റർ മിലാനാണ് ഒന്നാമത്. 18 മാച്ചിൽ നിന്നായി 14 ജയവുമായി 45 പോയന്റാണ് സമ്പാദ്യം. 43 പോയന്റുള്ള യുവന്റസാണ് രണ്ടാമത്.