അടുത്ത അടി; ഫിഫക്ക് പുറമെ എ.ഐ.എഫ്.എഫ് വിലക്കും, കളിക്കാരെ വാങ്ങാൻ പറ്റാതെ ഹൈദരാബാദ് എഫ്.സി

കളിക്കാർക്ക് ശമ്പളം നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വീഴ്ച വരുത്തിയതാണ് ഹൈദരാബാദിന് വിനയാകുന്നത്.

Update: 2024-03-21 12:18 GMT
Editor : rishad | By : Web Desk
Advertising

പനാജി: അടുത്ത രണ്ട് ട്രാൻസ്ഫർ വിൻഡോയിൽ ഹൈദരാബാദ് എഫ്.സിക്ക് വിലക്ക്. ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷനാണ് ഹൈദരാബാദ് എഫ്.സിക്ക് ട്രാൻസ്ഫർ വിലക്ക് നൽകിയത്. കളിക്കാർക്ക് ശമ്പളം നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വീഴ്ച വരുത്തിയതാണ് ഹൈദരാബാദിന് വിനയാകുന്നത്. 

ട്രാൻസ്ഫർ വിലക്ക് വരുന്നതോടെ അടുത്ത ഐ.എസ്.എൽ സീസണിൽ പുതിയ കളിക്കാരെ സ്വന്തമാക്കാൻ ടീമിനാകില്ല. നേരത്തെ തന്നെ ക്ലബ്ബ് ഫിഫയുടെ ട്രാൻസ്ഫർ വിലക്ക് നേരിടുന്നുണ്ട്. ഇതിന് പിന്നാലെയാണ് എ.ഐ.എഫ്.എഫും വിലക്കുന്നത്. ഹൈദരാബാദ് താരമായിരുന്ന നൈജീരിയൻ സ്‌ട്രൈക്കർ ബർത്തലോമിയോ ഒഗ്ബച്ചെയുടെ ശമ്പള പ്രശ്‌നമാണ് ഫിഫയുടെ വിലക്കിൽ എത്തിയത്.

മറ്റുകളിക്കാർക്കും ശമ്പളം മുടങ്ങിയതോടെയാണ് എ.ഐ.എഫ്.എഫ് നടപടിയെടുത്തത്. കളിക്കാർക്ക് മാത്രമല്ല ടീം ഒഫീഷ്യൽസിനും ശമ്പളം മുടങ്ങി. രണ്ട് വർഷത്തിനിടെ പത്തിലധികം കളിക്കാരും  ഒഫീഷ്യൽസുമാണ് പരാതി നൽകിയിരിക്കുന്നത്. ചിംഗ്‌ലെൻസന സിംഗ്, നിഖിൽ പൂജാരി തുടങ്ങിയ താരങ്ങളുടെ സമീപകാല വിടവാങ്ങലുകൾ ക്ലബ്ബിനെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരുന്നു.

''ഹൈദരാബാദ് ഒരു പ്രൊഫഷണൽ ക്ലബ് പോലെയല്ല പ്രവർത്തിക്കുന്നത്, കളിക്കാരോട് തികഞ്ഞ അവഗണനയാണ് കാണിക്കുന്നത്. ഇവർക്കെതിരെ പരാതിപ്പെട്ടവരുടെ പട്ടിക ഉയരുകയാണ്''- എ.ഐ.എഫ്.എഫ് അംഗം വ്യക്തമാക്കി. ഈ വർഷം ജനുവരി മുതൽ, ഒന്നിലധികം മാസങ്ങളായി ശമ്പളം നൽകുന്നില്ലെന്ന പരാതിയെത്തുടർന്ന് കുറഞ്ഞത് അഞ്ച് കളിക്കാരെങ്കിലും കരാർ അവസാനിപ്പിച്ചിട്ടുണ്ട്. 

വിലക്കിനെതിരെ അപ്പീല്‍ നല്‍കിയില്ലെങ്കില്‍ അടുത്ത ഐഎസ്എൽ എഡിഷനിലും ക്ലബിന് ഇന്ത്യന്‍ കളിക്കാരെ മാത്രം കളത്തിലിറക്കേണ്ടിവരും. താങ്‌ബോയ് സിംഗ്ടോ പരിശീലിപ്പിക്കുന്ന ടീമില്‍ നിലവില്‍ ഒരൊറ്റ വിദേശ കളിക്കാരൻ മാത്രമേയുള്ളൂ, ക്യാപ്റ്റൻ ജോവോ വിക്ടറാണ് ആ താരം. നിലവിലെ ഐഎസ്എൽ പോയിന്റ് പട്ടികയിൽ ഏറ്റവും താഴെയാണ് ഹൈദരാബാദ് എഫ്.സി. 19 മത്സരങ്ങളിൽ നിന്ന് ഒരൊറ്റ ജയം മാത്രമെ ഹൈദരാബാദിന്റെ അക്കൗണ്ടിലുള്ളൂ. 13 മത്സരങ്ങളും തോറ്റ അവർ പ്ലേഓഫിൽ നിന്നും ആദ്യം തന്നെ പുറത്തായിരുന്നു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News