ആഴ്സനലിന്റെ സെറ്റ്പീസ് മജീഷ്യൻ; 'ജോവെർ' ആർട്ടെറ്റയുടെ വിജയ സമവാക്യം

സെറ്റ്പീസിൽ നിന്ന് മാത്രമായി കഴിഞ്ഞ രണ്ട് സീസണുകളിൽ 24 ഗോളുകളാണ് ഗണ്ണേഴ്സ് നേടിയത്.

Update: 2024-09-22 10:55 GMT
Editor : Sharafudheen TK | By : Sports Desk
Advertising

 കഴിഞ്ഞ ആഴ്ച നടന്ന നോർത്ത് ലണ്ടൻ ഡർബിയുടെ വിധി നിർണയിച്ചത് ഒരു സെറ്റ്പീസ് ഗോളായിരുന്നു. ടോട്ടനം തട്ടകമായ ഹോസ്പർ സ്റ്റേഡിയത്തിൽ 64ാം മിനിറ്റിലാണ് ആഴ്‌സനൽ വിജയമുറപ്പിച്ച ഗോൾ കണ്ടെത്തിയത്. ബുക്കായോ സാക്കയുടെ കോർണറിൽ ഉയർന്നുചാടി ഫ്രീ ഹെഡ്ഡറിലൂടെ പ്രതിരോധ താരം ഗബ്രിയേലാണ് വലകുലുക്കിയത്. ഗോൾ വീണതോടെ ക്യാമറകണ്ണുകൾ ആഴ്‌സനൽ ഡഗൗട്ടിലേക്ക് തിരിഞ്ഞു. പരിശീലകൻ മിക്കേൽ ആർട്ടെറ്റക്കൊപ്പം മതിമറന്നാഘോഷിച്ച മറ്റൊരാൾ കൂടിയുണ്ടായിരുന്നു അവിടെ. ആഴ്‌സനലിന്റെ സെറ്റ്പീസ് സ്‌പെഷ്യലിസ്റ്റ് പരിശീലകൻ നിക്കോളാസ് ജോവർ.



   ആരാണ് നിക്കോളാസ് ജോവർ. മുഴുവൻ സമയ മാനേജർ ക്ലബിലുണ്ടാകുമ്പോൾ സെറ്റ്പീസ് പരിശീലകന്റെ പ്രസക്തിയെന്ത്. 2022-23 സീസൺ മുതൽ ഇതുവരെയുള്ള ഇംഗ്ലീഷ് ക്ലബിന്റെ റിസൾട്ടുകൾ പരിശോധിച്ചാൽ ഇതിനെല്ലാമുള്ള ഉത്തരം ലഭിക്കും. സെറ്റ്പീസിൽ നിന്ന് മാത്രമായി 24 ഗോളുകളാണ് ഗണ്ണേഴ്‌സ് ഇതുവരെ നേടിയത്. കഴിഞ്ഞ പ്രീമിയർലീഗ് ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയും മുൻ ചാമ്പ്യൻ ലിവർപൂൾ ഉൾപ്പെടെയുള്ള പ്രധാന ക്ലബുകളെല്ലാം ഈ നേട്ടത്തിൽ ആർട്ടെറ്റക്കും സംഘത്തിനും പിന്നിലാണ്. ഡെഡ്ബോൾ സാഹചര്യങ്ങളിൽ ആഴ്‌സനൽ നേടിയ ഗോളുകളിൽ ഈ ജർമൻ പരിശീലകന്റെ തന്ത്രങ്ങളുണ്ടായിരുന്നു. സമകാലികരായ ആർട്ടെറ്റയും ജോവെറും തമ്മിലുള്ള മികച്ച കോമ്പിനേഷനും കളിക്കളത്തിൽ ടീം പ്രകടനമികവിന് കാരണമായി. എതിർ പ്രതിരോധ താരങ്ങളെ തന്ത്രപരമായി ബ്ലോക്ക് ചെയ്തും പൊസിഷനിൽ നിന്ന് മാറ്റിയും കോർണറും ഫ്രീകിക്കും ഗോളിലേക്ക് മാറ്റിയെടുക്കുന്ന ഗണ്ണേഴ്സ്, എതിർ ഡിഫൻഡർമാരുടെ ശക്തി, ദൗർബല്യമനുസരിച്ച് സെറ്റ്പീസ് തന്ത്രങ്ങളിലും മാറ്റംവരുത്തുന്നു.



 ലോങ് കോർണറിന് പുറമെ ഷോർട്ട് കോർണറിലും ഈ ഫ്രഞ്ച് പരിശീലകന്റെ തന്ത്രങ്ങൾ ഒട്ടേറെ തവണ ഫലംകണ്ടിരുന്നു. എല്ലാത്തിലും കൃത്യമായ പ്ലാനിങും എക്സിക്യൂഷനും. ചെൽസിക്കെതിരായി കഴിഞ്ഞ സീസണിലെ പ്രീമിയർലീഗ് മത്സരം. ബുക്കായോ സാക്കെയുത്തത് ഷോർട്ട് കോർണർ. തൊട്ടടുത്തുണ്ടായിരുന്ന മാർട്ടിൻ ഒഡേഗാർഡിന് നൽകുന്നു. ഒഡേഗാർഡിൽ നിന്ന് ബോക്‌സിന് തൊട്ടുപുറത്തുള്ള ഡക്ലാൻ റൈസിലേക്ക്. ഈ സമയം റൈസിന്റെ ഷോട്ട് ബ്ലോക്ക് ചെയ്യാനായി ചെൽസി താരം എൻസോ ഫെർണാണ്ടസ് മുന്നിലുണ്ടായിരുന്നു ഇതിനിടെ മറ്റൊരു ആർസനൽ താരം തന്ത്രപരമായി എൻസോയെ ബോക്സിന്റെ ഇടത് മൂലയിലേക്ക് വലിച്ച്‌കൊണ്ടുപോകുന്നു. ബ്ലോക്ക് ഒഴിവാക്കുന്നു. ഈ സമയം റൈസ് പന്ത് കൃത്യമായി ബോക്‌സിനുള്ളിലെ ബെൻ വൈറ്റിനെ ലക്ഷ്യമാക്കി നൽകുന്നു. വൈറ്റിന്റെ ഈസി ഫിനിഷ്. സമാനമായ നിരവധി ഗോളുകളാണ് കഴിഞ്ഞ രണ്ട് സീസണുകളിലായി ഗണ്ണേഴ്സ് നേടിയത്.



 സെറ്റ്പീസിൽ മികച്ച റെക്കോർഡുള്ള കായ് ഹാവെട്സിനെ കൃത്യമായി ഉപയോഗപ്പെടുത്തുന്നതിലും ജോവെറും ആർസനലും പലപ്പോഴും വിജയിച്ചു. ചെൽസിയിൽ ഗോളടിക്കാൻ പ്രയാസപ്പെട്ടിരുന്ന ജർമൻ താരം ആഴ്‌സനലിനൊപ്പം ഗോൾനേടുന്നതിലെ പ്രധാന കാരണവും കളിയിലെ ഈ മാറ്റംതന്നെയാണ്. വിർജിൽ വാൻഡെക്-കൊണാട്ടെ ഉൾപ്പെടെ ശക്തമായ പ്രതിരോധ നിരയുള്ള ലിവർപൂളിനെതിരെയാണ് ടീം കൂടുതൽ സെറ്റ്പീസ് ഗോളുകൾ നേടിയതെന്നതും ജോവറിന്റെ തന്ത്രങ്ങൾ എത്രത്തോളം ഫലപ്രദമാണെന്ന് തെളിയിക്കുന്നതാണ്.

2019 മുതൽ ഫ്രഞ്ച് ക്ലബ് മോണ്ട് പെല്ലിയറിൽ വീഡിയോ അനലിസ്റ്റായാണ് 42 കാരൻ കരിയർ ആരംഭിച്ചത്. 2013ൽ ക്രൊയേഷ്യൻ ദേശീയ ടീമിന്റെ ഭാഗമായി. മാച്ച് അനലിസ്റ്റിന്റെ ചുമതലയായിരുന്നു ഇവിടെ. 2016 മുതലാണ് ഇംഗ്ലീഷ് ഫുട്‌ബോളിലേക്ക് ചേക്കേറുന്നത്. 2016ൽ ബ്രെൻഡ് ഫോർഡ് ക്ലബിൽ അസിസ്റ്റന്റ് പരിശീലകനായി. മൂന്ന് വർഷങ്ങൾക്കിപ്പുറം മാഞ്ചസ്റ്റർ സിറ്റിയുടെ സെറ്റ്പീസ് സ്‌പെഷ്യലിസ്റ്റ് കോച്ചായി ചുമതലയേറ്റു. പെപ് ഗ്വാർഡിയോളക്ക് കീഴിൽ സിറ്റിയുടെ അസിസ്റ്റന്റ് പരിശീലകനായിരുന്ന ആർട്ടെറ്റ ആഴ്‌സനലിലേക്ക് ചേക്കേറിയതോടെ ജോവെറും പതിയെ ചുവടുമാറി. 2021ലാണ് സെറ്റ്പീസ് പരിശീലകനായി എമിറേറ്റ് സ്റ്റേഡിയത്തിലെത്തുന്നത്. തുടർന്ന് ആർട്ടെറ്റ-ജോവർ കൂട്ടുകെട്ട് ആഴ്‌സനലിൽ വലിയമാറ്റങ്ങൾക്ക് തുടക്കമിട്ടു.



  അതേസമയം, പുതിയ പ്രീമിയർലീഗ് സീസൺ ആരംഭിച്ചത് മുതൽ ആഴ്‌സനലിനെ പരിക്ക് അലട്ടികൊണ്ടിരിക്കുകയാണ്. നായകൻ മാർട്ടിൻ ഒഡേഗാർഡിന്റെ അസാന്നിധ്യം മധ്യനിരയിൽ ടീം പ്രകടനത്തെ ബാധിച്ചു. ഇറ്റാലിയൻ ക്ലബ് അത്‌ലാന്റക്കെതിരെ അവസാനം കളിച്ച ചാമ്പ്യൻസ് ലീഗ് മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചിരുന്നു. ഞായറാഴ്ച എത്തിഹാദ് സ്റ്റേഡിയത്തിൽ മാഞ്ചസ്റ്റർ സിറ്റിയാണ് എതിരാളികൾ. ടോട്ടനത്തിനെതിരെ തീർത്ത സെറ്റ്പീസ് തന്ത്രങ്ങൾ സിറ്റിക്കെതിരെയും വിജയം കൊണ്ടുവരുമോ... ആരാധകർ പ്രതീക്ഷിക്കുന്നതും ജോവർ-ആർട്ടെറ്റ തന്ത്രങ്ങളിലാണ്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News