ആയുഷ് അധികാരിയേയും കേരള ബ്ലാസ്റ്റേഴ്‌സ് 'കൈവിട്ടു'; ഇനി മറ്റൊരു ക്ലബ്ബ്‌

ടീമിനൊപ്പം ചെലവഴിച്ചതിന് നന്ദി അറിയിച്ചും വരുന്ന സീസണിന് ഭാവുകങ്ങൾ നേർന്നും ബ്ലാസ്റ്റേഴ്‌സ് ട്വീറ്റ് ചെയ്തു.

Update: 2023-07-20 12:20 GMT
Editor : rishad | By : Web Desk

ആയുഷ് അധികാരി

Advertising

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡ് താരം ആയുഷ് അധികാരിയെ ടീം 'കൈവിട്ടു'. താരത്തിന്റെ ട്രാൻസ്ഫർ ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഏത് ടീമിലേക്കാണ് പോകുന്നതെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും ചെന്നൈയിൻ എഫ്.സിയിലേക്കെന്നാണ് റിപ്പോർട്ടുകൾ. ഫ്രീ ട്രാൻസ്ഫറാണെന്നാണ് സൂചന. ടീമിനൊപ്പം ചെലവഴിച്ചതിന് നന്ദി അറിയിച്ചും വരുന്ന സീസണിനിന് ഭാവുകങ്ങൾ നേർന്നും ബ്ലാസ്റ്റേഴ്‌സ് ട്വീറ്റ് ചെയ്തു.

സഹൽ അബ്ദുൽ സമദിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് കൊടുക്കുന്ന രണ്ടാമത്തെ കളിക്കാരനാണ് അധികാരി. സഹലിന് മോഹൻ ബഗാനാണ് കൈമാറിയത്. അവിടുന്ന് പ്രീതം കോട്ടാൽ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ എത്തുകയും ചെയ്തു. അതേസമയം വ്യക്തിപരമായ ചില നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് അധികാരിയെ ചെന്നൈയിൻ സ്വന്തമാക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇതെന്താണെന്ന് പറയുന്നില്ല. ഈ സമ്മറിൽ കൂടുമാറുന്ന എട്ടാമത്തെ ഇന്ത്യൻ താരമാണ് അധികാരി.

ഗോൾകീപ്പർ പ്രതീക് കുമാർ സിങിനെയും ചെന്നൈൻ എഫ്.സി ടീമിൽ എത്തിച്ചിരുന്നു. സ്വീഡൻ ഫെർണാണ്ടസ്, ഇർഫാൻ യാദ്വാദ്, ഫാറുഖ് ചൗധരി, അങ്കിത് മുഖർജി, സച്ചു സിബി, ബിജയ് ഛേത്രി എന്നിവരെയും ചെന്നൈൻ ടീമിൽ എത്തിച്ചിരുന്നു. അതേസമയം അധികാരിക്ക് ബ്ലാസ്റ്റേഴ്‌സുമായി ഒരുവർഷത്തെ കരാർ ഇനിയും ബാക്കിയുണ്ട്. കഴിഞ്ഞ മൂന്ന് സീസണുകളിൽ ബ്ലാസ്റ്റേഴ്‌സിന്റെ മിഡ്ഫിൽഡിൽ ശ്രദ്ധേയ നീക്കങ്ങൾ നടത്തിയിട്ടാണ് അധികാരി ചെന്നൈക്ക് പറക്കുന്നത്.

2020ലാണ് അധികാരിയെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുന്നത്. 30 മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമായി. ഡിഫൻസീവ് മിഡ്ഫീൽഡർ എന്ന നിലയിലായിരുന്നു താരത്തിന്റെ സേവനം. പേരിൽ ഗോളോ അസിസ്റ്റോ ഇല്ല. എന്നാലും അധികാരിയുടെ നീക്കങ്ങളും പന്തടക്കവും കയ്യടിനേടിക്കൊടുത്തിരുന്നു.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News