ബ്രസീലിന്റെ മാസ്റ്റർസ്‌ട്രോക്ക്! തന്ത്രങ്ങൾ മെനയാൻ ചാണക്യനെത്തുന്നു

ടിറ്റെയുടെ പകരക്കാരനായി പെപ് ഗ്വാർഡിയോള അടക്കം പ്രമുഖരെ ബ്രസീൽ നോട്ടമിടുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു

Update: 2023-02-10 16:28 GMT
Editor : Shaheer | By : Web Desk
Advertising

ബ്രസീലിയ: ഏറെ കാത്തിരിപ്പുകൾക്കൊടുവിൽ ബ്രസീൽ ഫുട്‌ബോൾ ടീമിനു വേണ്ടി തന്ത്രങ്ങൾ മെനയാൻ സൂപ്പർ കോച്ച് തന്നെ എത്തുന്നു. ലോകകപ്പിനു പിന്നാലെ ടിറ്റെ പടിയിറങ്ങിയ ഒഴിവിലേക്കാണ് റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചലോട്ടി എത്തുന്നത്. ബ്രസീൽ ഫുട്‌ബോൾ കോൺഫെഡറേഷനോട്(സി.ബി.എഫ്) അദ്ദേഹം 'യെസ്' പറഞ്ഞതായി 'ഇ.എസ്.പി.എൻ ബ്രസീൽ' റിപ്പോർട്ട് ചെയ്തു.

ഈ സീസൺ പൂർത്തിയാകുന്ന മുറയ്ക്കായിരിക്കും റയൽ ദൗത്യം അവസാനിപ്പിച്ച് ആഞ്ചലോട്ടി ബ്രസീലിലേക്ക് പറക്കുക. 2024 വരെയാണ് റയലിൽ അദ്ദേഹത്തിന്റെ കരാർ കാലയളവ്. റിപ്പോർട്ട് യാഥാർത്ഥ്യമായാൽ ബ്രസീലിനെ പരിശീലിപ്പിക്കാൻ എത്തുന്ന ആദ്യത്തെ വിദേശ കോച്ചാകും അദ്ദേഹം.

റയലിൽ ആഞ്ചലോട്ടിയുടെ ഭാവിയെച്ചൊല്ലി ചോദ്യങ്ങൾ ഉയരുന്നതിനിടെയാണ് പുതിയ വാർത്ത പുറത്തുവരുന്നത്. സിനദിൻ സിദാന്റെ പകരക്കാരനായി എത്തിയ ആഞ്ചലോട്ടി റയലിന് കഴിഞ്ഞ സീസണിൽ ചാംപ്യൻസ് ലീഗ്, ലാലിഗ കിരീടങ്ങൾ നേടിക്കൊടുത്തിരുന്നു. എന്നാൽ, ഇത്തവണ ലോകകപ്പ് ഇടവേളയ്ക്കുശേഷം ടീം മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ ബാഴ്‌സയോട് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയതിനൊപ്പം ലാലിഗ കിരീടത്തിനായുള്ള പോരാട്ടത്തിലും ടീം വളരെ പിന്നിലാണ്.

ബ്രസീലിന്റെ യുവനിരയിലെ പലരുമായും നല്ല ബന്ധമുള്ളയാളാണ് ആഞ്ചലോട്ടി. റോഡ്രിഗോ, വിനിഷ്യസ് ജൂനിയർ, എഡർ മിലിറ്റാവോ എന്നിവരുടെ കളിശൈലികളെല്ലാം നേരിട്ട് അറിയുന്നയാളാണ് ആഞ്ചലോട്ടി. കാസമിറോയുമായും അടുത്ത ബന്ധമുണ്ട്. അത്തരമൊരാൾ തലപ്പത്തേക്ക് എത്തുന്നത് കൂടുതൽ ഒത്തിണക്കമുള്ള ടീമിനെ വളർത്തിയെടുക്കാൻ സഹായിക്കുമെന്നാണ് ബ്രസീൽ ഫുട്‌ബോൾ അസോസിയേഷൻ കരുതുന്നത്.

ആഞ്ചലോട്ടിയെ സ്വന്തമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി സി.ബി.എഫ് അധ്യക്ഷൻ എഡ്‌നാൾഡോ റോഡ്രിഗസ് റയൽ പ്രസിഡന്റ് ഫ്‌ളോറന്റിനോ പെരേസുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് 'ഗ്ലോബോ ഡോട്ട് കോം' റിപ്പോർട്ട് ചെയ്തത്. ഈ മാസം തന്നെ കൂടിക്കാഴ്ച നടക്കുമെന്നാണ് അറിയുന്നത്. കരാർ നടപടികൾ അന്തിമമാക്കുന്നതടക്കമുള്ള ചർച്ചകൾ കൂടിക്കാഴ്ചയിലുണ്ടാകും.

മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ കോച്ച് പെപ് ഗ്വാർഡിയോള അടക്കം പ്രമുഖരെ ബ്രസീൽ നോട്ടമിടുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ലോകകപ്പിനുമുൻപ് തന്നെ പെപ്പുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് ബ്രസീലിന്റെ ഇതിഹാസതാരം റൊണാൾഡോ സ്പാനിഷ് മാധ്യമമായ 'എസ്പോർട്സി'നോട് പറഞ്ഞത്. സെവില്ലയുടെ ജോർജ് സാംപോളി, സാവോപോളോയുടെ റോജെറിയോ സെനി, ബ്രസീൽ പരിശീലകനായ ഫെർനാൻഡോ ഡിനിസ് എന്നിവരും പരിഗണനയിലുണ്ടെന്ന് റിപ്പോർട്ടുണ്ടായിരുന്നു.

Summary: Real Madrid manager Carlo Ancelotti set to become Brazil head coach-Reports

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News