വെംബ്ലിയിൽ ബ്രസീലിന്റെ തിരിച്ചുവരവോ; യുവനിര കരുത്തിൽ കാനറികളുടെ ചിറകടി

1994ൽ റൊണാൾഡോക്ക് ശേഷം ബ്രസീൽ കുപ്പായത്തിൽ ഗോളടിക്കുന്ന പ്രായം കുറഞ്ഞ താരമായി എൻഡ്രിക്.

Update: 2024-03-24 11:13 GMT
Editor : Sharafudheen TK | By : Sports Desk
Advertising

ലണ്ടൻ: ഫുട്‌ബോൾ സിരകളിൽ അലിഞ്ഞു ചേർന്ന ജനതയുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളുമാണ് ബ്രസീൽ ടീം. ഏതു സാഹചര്യത്തിലും തിരിച്ചു വരാൻ കാനറികളെ പ്രേരിപ്പിക്കുന്നതും ഈ ജനതയുടെ ഭ്രാന്തമായ പിന്തുണയാണ്. യൂറോപ്പിലെ ശക്തമായ സംഘമായ ഇംഗ്ലണ്ടിനെ അവരുടെ കളിമുറ്റമായ വെംബ്ലിയിൽ ഒരുഗോളിന് തോൽപിക്കുമ്പോൾ ബ്രസീലിന് അതൊരു തിരിച്ചു വരവിന്റെ മത്സരം കൂടിയാണ്. കഴിഞ്ഞ ഖത്തർ ലോകകപ്പിന് ശേഷം മുൻ ചാമ്പ്യൻമാർക്ക് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. ക്വാർട്ടർ ഫൈനലിൽ ക്രോയേഷ്യയോട് പെനാൽറ്റി ഷൂട്ടൗട്ടിലേറ്റ തോൽവിക്ക് ശേഷം ഇതുവരെ കളത്തിലിറങ്ങിയത് പത്തു തവണ. വിജയമാകട്ടെ അഞ്ചിൽമാത്രം. ഇതിനിടെ ടിറ്റയെ ഒഴിഞ്ഞ സ്ഥാനത്തേക്ക് കാർലോ അൻസലോട്ടിയടക്കമുള്ള വിദേശ പരിശീലകരെ കൊണ്ടുവരാനുള്ള ശ്രമവും വിജയം കണ്ടില്ല. ഒടുവിൽ മുൻ ഫ്‌ളെമിംഗോ പരിശീലകൻ ഡോറിവൽ ജൂനിയറിനെ ദൗത്യം ഏൽപ്പിച്ചു. ബ്രസീലിലെ വിവിധ ക്ലബുകളെ പരിശീലിപ്പിച്ച് പരിചയസമ്പത്തുള്ള 61  കാരന്റെ ആദ്യ പരീക്ഷണ വേദിയായിരുന്നു ഇംഗ്ലണ്ടിനെതിരായ മത്സരം

 അടുത്തകാലത്തായി ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബദ്ധവൈരികളായ അർജന്റീനയോട് ഒരു ഗോളിന് തോൽവി. കൊളംബിയയോടും ഉറുഗ്വെയോടും കീഴടങ്ങിയ മഞ്ഞപ്പട, വെനസ്വലയോട് സമനിലയിലും കുരുങ്ങി. ഇതോടെ ലോകകപ്പ് യോഗ്യത പോലും തുലാസിലായി. ഇതിന് പിന്നാലെ ബ്രസീലിന്റെ പേരും പെരിമയും അവസാനിച്ചെന്ന തരത്തിൽ എതിരാളികളുടെ വ്യാപക പ്രചരണവും.

സമീപകാലത്തെ ലാറ്റിനമേരിക്കൻ ടീമിന്റെ മോശം ഫോംവെച്ച് സൗഹൃദ മത്സരത്തിൽ ത്രീലയൺസിന് അനായാസ ജയം പ്രവചിച്ചവർക്കുള്ള മറുപടിയായിരുന്നു വെംബ്ലിയിലെ അൻപതിനായിരത്തിലധികം കാണികളെ നിശബ്ദമാക്കികൊണ്ടുള്ള കാനറികളുടെ ചിറകടി. പ്രധാന താരങ്ങളായ കസമിറോ, റിച്ചാലിസൻ, ഗോൾകീപ്പർ അലിസൺ ബെക്കർ, പ്രതിരോധതാരങ്ങളായ മാർക്കീഞ്ഞോസ്, ഗബ്രിയേൽ എന്നിവരൊന്നുമില്ലാതെയാണ് യൂറോപ്പിലെ വമ്പൻമാരെ നേരിടാനായി ഇറങ്ങിയത്.  ഡോറിവൽ ജൂനിയറിന്റെ പ്രതീക്ഷയെല്ലാം യുവരക്തത്തിൽ. സ്റ്റാർട്ടിങ് വിസിൽ മുതൽ ആക്രമണ പ്രത്യാക്രമണവുമായി ഇരുടീമുകളും കളം നിറഞ്ഞു. എന്നാൽ പ്രതിരോധത്തിൽ തട്ടി ഇരു ടീമുകളുടേയും നീക്കങ്ങൾ അവസാനിച്ചു. രണ്ടാം പകുതിയിൽ ബ്രസീൽ കോച്ച് വരുത്തിയ നിർണായക മാറ്റങ്ങൾ കളി ഗതിയെ മാറ്റിമറിച്ചു. 71ാം മിനിറ്റിൽ റോഡ്രിഗോയെ പിൻവലിച്ച് പാൽമെർസ് താരം 17കാരൻ എൻ റികിനേയും റഫിഞ്ഞോയ്ക്ക് പകരം 19കാരനൻ സാവിയോയും കളത്തിൽ. ഇരുവരും ബ്രസീൽ നിരയിലെ പുതിയ താരോദയങ്ങൾ.

 കളിക്കളത്തിൽ ചടുലനീക്കങ്ങളിലൂടെ അവസാന ക്വാർട്ടറിൽ യങ് ബോയ്‌സിന്റെ നീക്കങ്ങളിൽ പേരുകേട്ട ഇംഗ്ലണ്ട് പ്രതിരോധനിര നിരന്തരം പരീക്ഷിക്കപ്പെട്ടു. ഒടുവിൽ 80ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയർ നടത്തിയ നീക്കത്തിൽ യൂറോപ്യൻ ടീമിന്റെ ഗോൾ വലകുലുങ്ങി. റയൽമാഡ്രിഡ് താരത്തിന്റെ ഷോട്ട് ഗോൾകീപ്പർ പിക്‌ഫോർഡ് തട്ടിയകറ്റിയെങ്കിലും തൊട്ടുപിന്നാലെയെത്തിയ എൻറിക് കൃത്യമായി ഫിനിഷ് ചെയ്തു.

ബ്രസീൽ സീനിയർ കരിയറിലെ ആദ്യഗോൾ. അടുത്ത സീസണിൽ സ്പാനിഷ് ക്ലബ് റയൽമാഡ്രിഡിലേക്ക് ചേക്കാറാനൊരുങ്ങുന്ന വണ്ടർ കിഡിന് ഇതിലും മികച്ചൊരു തുടക്കം സ്വപ്‌നങ്ങളിൽ മാത്രം. ഒട്ടേറെ ഇംഗ്ലീഷ് കൗമാര താരങ്ങൾ അരങ്ങേറ്റം കുറിച്ച വെംബ്ലിയിലെ കളിമൈതാനത്ത് ഗോൾ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ പുരുഷ താരവുമായി 17കാരൻ ബ്രസീലിയൻ. 1994ൽ റൊണാൾഡോക്ക് ശേഷം ബ്രസീൽ കുപ്പായത്തിൽ ഗോളടിക്കുന്ന പ്രായം കുറഞ്ഞ താരവുമായി എൻഡ്രിക്. മത്സര ശേഷം വികാരഭരിതമായാണ് താരം പ്രതികരിച്ചത്.  ബ്രസീൽ ടീമിനും പുത്തൻ ഊർജ്ജം നൽകുന്നതായി ഫുട്‌ബോൾ മടിത്തട്ടിലെ ഈ വിജയം. രണ്ട് മാസങ്ങൾക്ക് ശേഷം വരാനിരിക്കുന്ന കോപ്പ അമേരിക്ക കിരീട പോരാട്ടത്തിൽ ഞങ്ങളുണ്ടെന്ന് അർജന്റീനക്കുള്ള കൃത്യമായ മെസേജ്കൂടിയായി ഈ വിജയം. മാർച്ച് 27ന് മുൻ യൂറോ ചാമ്പ്യൻ സ്‌പെയിനിനെതിരെയാണ് ബ്രസീലിന്റെ അടുത്ത സൗഹൃദ മത്സരം.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News